International
പക്ഷിപ്പനി മനുഷ്യരിലേക്കും; ആദ്യ കേസ് ചൈനയില്‍ സ്ഥിരീകരിച്ചു
സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള നാല് വയസുള്ള ആണ്‍കുട്ടിക്കാണ് എച്ച് 3 എന്‍ 8 സ്ഥിരീകരിച്ചത്.

ബീജിങ് | പക്ഷിപ്പനി മനുഷ്യരിലേക്കും പടരുന്നതായി റിപ്പോര്‍ട്ട്. ലോകത്തെ ആദ്യ കേസ് ചൈനയില്‍ സ്ഥിരീകരിച്ചതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള നാല് വയസുള്ള ആണ്‍കുട്ടിക്കാണ് എച്ച് 3 എന്‍ 8 സ്ഥിരീകരിച്ചത്. കുട്ടിയെ പനിയും മറ്റ് ലക്ഷണങ്ങളുമായി ഏപ്രില്‍ ആദ്യ വാരത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കുട്ടിയുടെ കുടുംബം വീട്ടില്‍ കോഴികളെയും താറാവുകളെയും വളര്‍ത്തിയിരുന്നു. ഇതാണ് നേരിട്ട് രോഗബാധയുണ്ടാകാന്‍ ഇടയാക്കിയത്. എന്നാല്‍, കുട്ടിയുമായി അടുത്ത സമ്പര്‍ക്കമുള്ളവരുടെ പരിശോധനയില്‍ ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ലെന്നും കമ്മീഷന്‍ പറഞ്ഞു.
ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ പ്രധാനമായും കാട്ടുപക്ഷികളിലും കോഴികളിലും കാണപ്പെടുന്ന രോഗമാണ്. രോഗബാധിതര്‍ക്ക് വയറിളക്കം, അസുഖം, വയറുവേദന, നെഞ്ചുവേദന, മൂക്കില്‍ നിന്നും മോണയില്‍ നിന്നും രക്തസ്രാവം, എന്നിവയാണ് അനുഭവപ്പെടുക. പനി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ ഉടന്‍ ചികിത്സ തേടാനും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1997 മുതല്‍ ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 500 ല്‍ താഴെ പക്ഷിപ്പനി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.