National
മഹാരാഷ്ട്രയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 6 മരണം; 25 പേര്‍ക്ക് പരിക്ക്
അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ബുല്‍ധാന| മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ലക്ഷ്വറി ട്രാവല്‍ ബസുകളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ രണ്ട് സ്ത്രീകളടക്കം ആറ് പേര്‍ മരിച്ചു. ശനിയാഴ്ച രാവിലെ ബുല്‍ധാനയിലെ എന്‍എച്ച്ആറിലാണ് അപകടം. സംഭവത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
പുലര്‍ച്ചെ 2.30 ഓടെ ജില്ലയിലെ മല്‍കാപൂര്‍ പട്ടണത്തിലെ മേല്‍പ്പാലത്തിലായിരുന്നു അപകടം. നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് അമര്‍നാഥ് തീര്‍ത്ഥാടകരുമായി ഹിംഗോളിയിലേക്ക് പോവുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
പോലീസും അധികൃതരും സ്ഥലത്തെത്തി പരിക്കേറ്റവരെ ബുല്‍ധാനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ 32 യാത്രക്കാര്‍ക്ക് അടുത്തുള്ള ഗുരുദ്വാരയില്‍ പ്രഥമശുശ്രൂഷ നല്‍കി. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.