Connect with us

Pala Municipality

'ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ചതിച്ചു, എല്ലാത്തിനും കാലം മറുപടി നൽകും'; നഗരസഭാ യോഗത്തിൽ ബിനു പുളിക്കകണ്ടം

അണികളെ ബോധ്യപ്പെടുത്താനെങ്കിലും പാർട്ടി ഈ ചതിക്ക് കൂട്ടുനിൽക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

കോട്ടയം | ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ തന്നെ ചതിച്ചുവെന്നും എല്ലാത്തിനും കാലം മറുപടി നൽകുവെന്നും ഓടു പൊളിച്ച് കൗൺസിലിൽ വന്ന ആളല്ല താനെന്നും ബിനു പുളിക്കക്കണ്ടം. പാലാ നഗരസഭയിൽ ചെയർമാൻ സ്ഥാനത്തേക്ക് തന്റെ പേര് കേരള കോൺഗ്രസിന്റെ സമ്മർദത്തെ തുടർന്ന് മാറ്റിയതിലാണ് അദ്ദേഹം പ്രതിഷേധിച്ചത്. അണികളെ ബോധ്യപ്പെടുത്താനെങ്കിലും പാർട്ടി ഈ ചതിക്ക് കൂട്ടുനിൽക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ചതിച്ചതാണ്. തെറ്റായ കീഴ്‌വഴക്കങ്ങളിലൂടെ ഉണ്ടായ തീരുമാനമാണ് ജോസിൻ ബിനോയുടെ ചെയർമാൻ സ്ഥാനം. തോറ്റ ജോസ് കെ മാണി ഇനി പാലായിൽ മൽസരിക്കേണ്ടെന്ന് സി പി എം നാളെ പറഞ്ഞാൽ എന്ത് ചെയ്യും. പത്രക്കാരോട് ഒന്ന് പറയുകയും മറിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഹിജഡകൾക്കുള്ള മറുപടിയാകും ഇനി തന്റെ രാഷ്ട്രീയ പ്രവർത്തനം. കേരള നിയമസഭയിലും എം എൽ സി സംവിധാനം വേണമെന്ന് പ്രമേയം അവതരിപ്പിക്കുമെന്നും അല്ലെങ്കിൽ ചിലർക്ക് നിയമസഭ കാണാൻ പറ്റില്ലെന്നും ജോസ് കെ മാണിയെ ഉദ്ദേശിച്ച് ബിനു പരിഹസിച്ചു.

പ്രതിഷേധത്തിന്റെ കറുപ്പല്ല, ആത്മ സമർപ്പണത്തിന്റെ കറുപ്പാണ് താൻ ധരിച്ച വേഷമെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയുടെ ഇടപെടലാണ് തന്റെ ചെയർമാൻ സ്ഥാനം ഇല്ലാതാക്കിയത്. ജോസിന് വൈരാഗ്യം വരുന്ന കാര്യങ്ങളൊന്നും താൻ ചെയ്തിട്ടില്ല. കലഹത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേത്. ജോസിന്റെ സ്വഭാവ വൈകല്യം സി പി എം മനസ്സിലാക്കിയതു കൊണ്ടാണ് വിട്ടുവീഴ്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ സംസാരിക്കുന്നതിനിടെ സി പി എം ഏരിയാ സെക്രട്ടറി ബിനുവിനെ വിളിച്ചുകൊണ്ടുപോയി.

Latest