Malappuram
'നോ ക്യാപ്, ഇറ്റ്‌സ് ടുമോറോ'; ഹയര്‍സെക്കന്‍ഡറി സ്റ്റുഡന്റ്‌സ് ഗാല നാളെ വണ്ടൂരില്‍
ജില്ലയിലെ വിവിധ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നുള്ള രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ സ്റ്റുഡന്‍സ് ഗാലയില്‍ പ്രതിനിധികളായി പങ്കെടുക്കും
മലപ്പുറം | ‘നോ ക്യാപ്, ഇറ്റ്‌സ് ടുമോറോ’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല ഹയര്‍സെക്കന്‍ഡറി സ്റ്റുഡന്റ്‌സ് ഗാലക്ക് നാളെ (ഞായര്‍) വണ്ടൂരില്‍ തുടക്കമാകും. വണ്ടൂര്‍ പുളിയക്കോട് കെ ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നാളെ ഒമ്പതിന് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന്റെ ഔപചാരിക തുടക്കം കുറിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി എന്നിവര്‍ അനുഗ്രഹഭാഷണം നടത്തും. മുന്‍ ഡി ജി പി ഋഷിരാജ് സിംഗ് വിശിഷ്ടാതിഥിയായി സംസാരിക്കും. എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് മുശ്താഖ് സഖാഫി അധ്യക്ഷത വഹിക്കും. സുന്നി യുവജന സംഘം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീന്‍ അഹ്‌സനി പ്രാര്‍ത്ഥന നിര്‍വഹിക്കും.
വിവിധ സെഷനുകള്‍ക്ക് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി പി ജാബിര്‍ നെരോത്ത്, എക്‌സിക്യൂട്ടീവ് അംഗം ടി കെ മുഹമ്മദ് റമീസ്, ജില്ല ജനറല്‍ സെക്രട്ടറി ടി എം ഷുഹൈബ്, കെ സഹല്‍ സഖാഫി, യു എസ് സര്‍വകലാശാലയില്‍ നിന്ന് ഭൗതിക ശാസ്ത്രത്തില്‍ സ്‌കോളര്‍ഷിപ്പ് നേടിയ യുവശാസ്ത്ര പ്രതിഭ ഹേബല്‍ അന്‍വര്‍, യൂസഫ് അലി സഖാഫി, ഡോ. തന്‍വീര്‍, അബ്ദുല്ല എന്‍ സി, അന്‍സാര്‍ എം പി, യഹ്കൂബ് പൈലിപ്പുറം, ബാദുശ വള്ളുവങ്ങാട്, ശിബിലി മഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കും.
ജില്ലയിലെ വിവിധ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നുള്ള രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ സ്റ്റുഡന്‍സ് ഗാലയില്‍ പ്രതിനിധികളായി പങ്കെടുക്കും. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ തമ്മില്‍ നടക്കുന്ന ക്വിസ്, അറബന, ട്രഷറര്‍ഹണ്ട്, വിവിധ കായിക മത്സരങ്ങള്‍ ഗാലയുടെ ഭാഗമായി നടക്കും.
വൈകിട്ട് നാലിന് നടക്കുന്ന സമാപന സംഗമത്തില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനി വിദ്യാര്‍ത്ഥികളെ അഭിവാദ്യം ചെയ്ത് സംസാരിക്കും. വൈകുന്നേരം അഞ്ചിന് വണ്ടൂരില്‍ നടക്കുന്ന വിദ്യാര്‍ത്ഥി റാലിയോടെ സ്റ്റുഡന്‍സ് ഗാലക്ക് പരിസമാപ്തിയാകും.
സമ്മേളനത്തിന്റെ ഭാഗമായി ഡിവിഷന്‍ വാഹന പ്രചാരണം ‘ഗാല ഗോ’, സെക്ടര്‍ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥി സംഗമം ‘ഗാല ഗേതര്‍’, രജിസ്‌ട്രേഷന്‍ ഡ്രൈവ് ഗാല ഗേറ്റ്, ഗാല ബീറ്റ് തുടങ്ങി വ്യത്യസ്തമായ പദ്ധതികള്‍ വിവിധ ഘടകങ്ങളില്‍ പൂര്‍ത്തിയായി.
വാര്‍ത്താസമ്മേളനത്തില്‍ ടി എം ശുഹൈബ് ആനക്കയം (ജനറല്‍ സെക്രട്ടറി, എസ് എസ് എഫ് മലപ്പുറം ഈസ്റ്റ്) , നൂഹ് പി അഹമ്മദ് മമ്പാട് (സെക്രട്ടറി, എസ് എസ് എഫ് മലപ്പുറം ഈസ്റ്റ്) കെ സഹല്‍ സഖാഫി (സെക്രട്ടറി, എസ് എസ് എഫ് മലപ്പുറം ഈസ്റ്റ്) ,ടിപ്പു സുല്‍ത്താന്‍ അദനി (പ്രവര്‍ത്തകസമിതിയംഗം) എന്നിവര്‍ പങ്കെടുത്തു




