Connect with us

Annex Idukki With TamilNadu

'സ്വാതന്ത്ര്യത്തിന് മുമ്പ് ഇടുക്കി തമിഴ്‌നാടിനൊപ്പം'; മുല്ലപ്പെരിയാറും ഇടുക്കിയും തമിഴനാടിനോട് ചേര്‍ക്കണം എന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

കേരളത്തിന് ഉപയോഗ ശൂന്യമായ ഈ അണക്കെട്ട് തമിഴ്‌നാടിന് വിട്ട് നല്‍കൂ എന്നതടക്കമുള്ള പ്രചരണമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌

Published

|

Last Updated

ചെന്നൈ | കേരളത്തില്‍ തുടര്‍ച്ചയായി മഴപെയ്തതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ കലപ്പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം ഡീക്കമിഷന്‍ ചെയ്യണമെന്ന ആവശ്യം മലയാളി സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍, മല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ ആശങ്ക പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് നിയമസഭയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതിന് പിന്നാലെ, ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണം എന്ന ആവശ്യം ഉയരുന്നു. തമിഴ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്നാണ് ആവശ്യം ഉയരുന്നത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് മുല്ലപ്പെരിയാര്‍ ഡാമും അതിന് ചുറ്റുമുള്ള ഇടങ്ങളും ഇടുക്കി ജില്ലയും ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ മധുരൈ ജില്ലയുടെ ഭാഗമായിരുന്നു. നമുക്ക് അത് പുനഃസ്ഥാപിച്ചാലോ എന്ന ചോദ്യവും കേരളത്തിന് ഉപയോഗ ശൂന്യമായ ഈ അണക്കെട്ട് തമിഴ്‌നാടിന് വിട്ട് നല്‍കൂ എന്നതടക്കമുള്ള ആവശ്യമാണ് ഇത്തരം പോസ്റ്റുകളില്‍ ആവശ്യപ്പെടുന്നത്.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടപ്പോള്‍ രാഷ്ട്രീയ കാരണങ്ങളാലാണ് ഇടുക്കിക്ക് കേരളത്തിനൊപ്പം ചേരേണ്ടി വന്നത്. എന്നാല്‍, തമിഴ് ജനത ഇപ്പോള്‍ അത് തിരികെ ചോദിക്കുന്നു എന്നും ട്വീറ്റുകളില്‍ നിറയുന്നു. ഇത്തരം ആഹ്വാനങ്ങള്‍ക്കൊപ്പം പഴയ വിഭജനത്തിന്റേത് എന്ന് അവകാശപ്പെടുന്ന മാപ്പുകളും ഇവര്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. #AnnexIdukkiWithTN എന്ന ഹാഷ്ടാഗിലാണ് വ്യാപകമായി പ്രചരണം നടക്കുന്നത്.