Connect with us

National

'ഗെറ്റ് ഔട്ട് രവി'; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ ഡിഎംകെ

പൊങ്കല്‍ വിരുന്നിന്റെ ക്ഷണക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മുദ്ര ഗവര്‍ണര്‍ പതിച്ചില്ല.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട്ടില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആര്‍എന്‍ രവിയും തമ്മിലെ പോര് കടുക്കുന്നു. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയാറാവാതെയാണ് മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി ചെന്നൈ നഗരത്തില്‍ ‘ഗെറ്റ് ഔട്ട് രവി’ എന്നെഴുതിയ ബാനറുകള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ സ്ഥാപിച്ചു. പൊങ്കല്‍ വിരുന്നിന്റെ ക്ഷണക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മുദ്ര ഗവര്‍ണര്‍ പതിച്ചില്ല. പകരം കത്തില്‍ സ്വയം അഭിസംബോധന ചെയ്യുന്നത് ‘തമിഴക ഗവര്‍ണര്‍’ എന്നാണ്. തമിഴ്‌നാടിന് പകരം തമിഴകം എന്ന പേര് ഉപയോഗിക്കണമെന്ന ഗവര്‍ണറുടെ അഭിപ്രായം വിവാദമായിരുന്നു. ഇതേച്ചൊല്ലി ഇന്നലെ ഭരണസഖ്യം അംഗങ്ങള്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു. ഗെറ്റ് ഔട്ട് രവി ഹാഷ്ടാഗ് ട്വിറ്ററടക്കം സമൂഹ മാധ്യമങ്ങളിലും ഡിഎംകെ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഇന്നലെ തമിഴ്‌നാട് നിയമസഭയില്‍ നിന്ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഇറങ്ങിപ്പോയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രസംഗം പൂര്‍ണമായി വായിക്കാത്തതിനെതിരെ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയപ്പോഴായിരുന്നു ഗവര്‍ണറുടെ ഇറങ്ങിപ്പോക്ക്. ദ്രാവിഡ രീതിയിലുള്ള ഭരണമാണ് ഡിഎംകെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നതടക്കമുള്ള നയപ്രഖ്യാപന പ്രസംഗത്തിലെ രാഷ്ട്രീയ നയം വിശദമാക്കുന്ന ഭാഗം ഗവര്‍ണര്‍ സഭയില്‍ വായിച്ചില്ല. ഗവര്‍ണറുടെ സാന്നിധ്യത്തില്‍ തന്നെ ഇതിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ തയാറായി. മേശപ്പുറത്ത് വെച്ച നയപ്രഖ്യാപന പ്രസംഗം പൂര്‍ണരൂപത്തില്‍ തന്നെ രേഖകളില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രമേയവും അവതരിപ്പിച്ചു. പ്രസംഗം പൂര്‍ണമായി വായിക്കാത്ത ഗവര്‍ണറുടെ നടപടി സര്‍ക്കാര്‍ നയത്തിനും സഭാ നിയമങ്ങള്‍ക്കും വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രമേയം പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം എന്ന് മനസ്സിലായതോടെ ഗവര്‍ണര്‍ ആര്‍എന്‍ രവി നടപടിക്രമങ്ങള്‍ അവസാനിക്കും മുമ്പ് സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

രാവിലെ നയ പ്രഖ്യാപന പ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ ഭരണമുന്നണി ബെഞ്ചുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗവര്‍ണര്‍ വിഭജനത്തിന്റെ രാഷ്ട്രീയം സംസാരിക്കുന്നു എന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ അടക്കമുള്ള ഭരണ സഖ്യത്തിലെ കക്ഷികളുടെ സഭ ബഹിഷ്‌കരണം. ഡിഎംകെ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കിയതിന് ശേഷം സഭയില്‍ തുടരുകയായിരുന്നു.

 

Latest