road accident
ഈ ഓണക്കാലത്ത് കേരളത്തിലെ റോഡുകളില്‍ പൊലിഞ്ഞത് 29 ജീവനുകള്‍
മരിച്ച 11 ഇരുചക്ര യാത്രികരും ഹെല്‍മെറ്റ് ധരിക്കാത്തവര്‍

തിരുവനന്തപുരം | സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍. ഈ ഓണക്കാലത്തെ കേരളത്തിലെ റോഡ് അപകട മരണങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 29 ജീവനുകളാണ് സംസ്ഥാനത്തെ റോഡുകളില്‍ പൊലിഞ്ഞത്. ഉത്രാട ദിനമായ ഈ മാസം ഏഴ് മുതല്‍ 11 വരെ സംഭവിച്ച വാഹനാപകടത്തിന്റെ കണക്കുകള്‍ കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
ഈ ദിനങ്ങളിൽ മാത്രം 20 ഇരുചക്ര വാഹനങ്ങളും 12 നാലുചക്ര വാഹനങ്ങളും ആറ് മുച്ചക്ര വാഹനങ്ങളുമാണ് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അപകടത്തിൽ പെട്ടത്. ഇതിന് പുറമെ അഞ്ച് ലോറികളും രണ്ട് സ്വകാര്യ ബസുകളും മൂന്ന് കെ എസ് ആര്‍ ടി സി ബസുകളും അപകടത്തില്‍പ്പെട്ടു. ഈ 48 അപകടങ്ങളിൽ 29 യാത്രക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതേസമയം ഈ ദിവസങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മരിച്ച 11 ഇരുചക്രവാഹന യാത്രക്കാർ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും പോലീസ് വിശദീകരിക്കുന്നുണ്ട്.
അഞ്ച് ദിവസത്തെ മാത്രം കണക്കുകള്‍ ഇത്ര വലുതായതിനാല്‍ തന്നെ ഇവ വേദനിപ്പിക്കുന്നതാണെന്നും കേരള പോലീസ് പറഞ്ഞു. റോഡുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും കേരള പോലീസ് ഓര്‍മിപ്പിക്കുന്നുണ്ട്. ഓണാഘോഷം പൊലിമയുള്ളതായിരുന്നെങ്കിലും കണക്കുകള്‍ വേദനിപ്പിക്കുന്നതാണെന്ന് ആമുഖമായി സൂചിപ്പിച്ചുകൊണ്ടാണ് കേരള പൊലീസ് കണക്കുകള്‍ പുറത്തുവിട്ടത്.