Uae
അജ്മാനില്‍ 26 സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിച്ചു
ഡ്രൈവിംഗിനിടെ സീറ്റ് ബെല്‍റ്റിന്റെയും ഫോണ്‍ ഉപയോഗത്തിന്റെയും ലംഘനങ്ങള്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ നിരീക്ഷിക്കും.

അജ്മാന്‍ | എമിറേറ്റിലെ വിവിധ തെരുവുകളില്‍ അജ്മാന്‍ പോലീസ് 26 ഇലക്ട്രോണിക് ഗേറ്റുകള്‍ സ്ഥാപിച്ചു. ഡ്രൈവിംഗിനിടെ സീറ്റ് ബെല്‍റ്റിന്റെയും ഫോണ്‍ ഉപയോഗത്തിന്റെയും ലംഘനങ്ങള്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ നിരീക്ഷിക്കും.
ഒക്ടോബര്‍ ഒന്നിന് പ്രവര്‍ത്തനക്ഷമമാക്കിയ സ്മാര്‍ട്ട് നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാണ് സംരംഭമെന്ന് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ശൈഖ് മേജര്‍ ജനറല്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. ഏറ്റവും ഉയര്‍ന്ന ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിനാണ് അജ്മാന്‍ പോലീസ് സംയോജിത സുരക്ഷാ സംവിധാനം പ്രവര്‍ത്തനസജ്ജമാക്കിയത്. സംവിധാനം ട്രാഫിക് നിയമങ്ങള്‍ക്ക് അനുസൃതമായി സുരക്ഷാനിലവാരം ഉയര്‍ത്തുകയും റോഡുകള്‍ സുരക്ഷിതമാക്കുകയും ചെയ്യും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) കാമറകള്‍ ഘടിപ്പിച്ചതാണ് സ്മാര്‍ട്ട് നിരീക്ഷണ സൊല്യൂഷനുകള്‍. എല്ലാ ഡ്രൈവര്‍മാരും റോഡ് ഉപയോക്താക്കളും സ്ഥാപിതമായ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കൂടാതെ, ദേശീയ ആഘോഷങ്ങള്‍ അടക്കമുള്ള അറിയിപ്പുകള്‍ പ്രചരിപ്പിക്കാനും ഇത് ഉപയോഗിക്കും. ഫോഗ് സെന്‍സിംഗ് മെക്കാനിസവും പ്രവര്‍ത്തിക്കും. ഇത് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പും നല്‍കും.
തലസ്ഥാനമായ അബൂദബിക്ക് ശേഷം ആഗോളതലത്തില്‍ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയ അജ്മാന്റെ ശ്രദ്ധേയമായ നേട്ടത്തെ അദ്ദേഹം എടുത്തുപറഞ്ഞു. 2023-ലെ നംബിയോ ഇന്റര്‍നാഷണല്‍ റിപോര്‍ട്ട് പ്രകാരമാണിത്. എമിറേറ്റിലെ 98.5 ശതമാനം നിവാസികളും ഉയര്‍ന്ന സുരക്ഷ നേടുന്നുവെന്ന് യു എ ഇ കാബിനറ്റ് റിപോര്‍ട്ട് ചെയ്തിരുന്നു.