Connect with us

Afghanistan crisis

അഫ്ഗാനില്‍ നിന്ന് 168 പേർ കൂടി ഡല്‍ഹിയിലെത്തി; രക്ഷാ ദൗത്യം തുടരുന്നു

നേരത്തെ മൂന്ന് വിമാനങ്ങളിലായി 222 പേരെ എത്തിച്ചിരുന്നു.

Published

|

Last Updated

കാബൂള്‍ | താലിബാന്‍ ഭരണം പിടിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 168 യാത്രക്കാരെ കൂടി സുരക്ഷിതമായി ന്യൂഡല്‍ഹിയില്‍ എത്തിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് ഇവരെ കൊണ്ടുവന്നത്. നേരത്തെ മൂന്ന് വിമാനങ്ങളിലായി 222 പേരെ എത്തിച്ചിരുന്നു. ഇതോടെ അഫ്ഗാനില്‍ നിന്ന് രാജ്യത്ത് മടങ്ങിയെത്തിയവരുടെ എണ്ണം 390 ആയി.

സൈനിക വിമാനത്തില്‍ എത്തിയ യാത്രക്കാരില്‍ 107 പേരാണ് ഇന്ത്യക്കാര്‍. നേപ്പാളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍ എന്നാണ് അറിയുന്നത്. ദോഹ വഴിയും, താജിക്കിസ്ഥാന്‍ വഴിയും നേരത്തെ 222 പേരെ തിരിച്ചെത്തിച്ചിരുന്നു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര വിമാനങ്ങളിലായാണ് ഇവര്‍ എത്തിയത്. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ 135 പേരും താജിക്കിസ്ഥാനില്‍ നിന്നുള്ള വിമാനത്തില്‍ 87 ഇന്ത്യക്കാരും 2 നേപ്പാളികളുമാണ് ഉണ്ടായിരുന്നത്.

ശനിയാഴ്ചയാണ് 87 ഇന്ത്യാക്കാരെ പ്രത്യേക വ്യോമസേന വിമാനത്തില്‍ കാബൂളില്‍ നിന്ന് താജിക്കിസ്ഥാനില്‍ എത്തിച്ചത്. അവിടെനിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ഇവരെ ഡല്‍ഹിയില്‍ എത്തിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാബൂളില്‍ നിന്ന് ദോഹയിലെത്തിച്ച 135 പേരെയാണ് മറ്റൊരു വിമാനത്തില്‍ കൊണ്ടുവന്നത്.

 

രക്ഷാ ദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാബൂള്‍ വിമാനത്താവളം വഴി പ്രതിദിനം രണ്ട് വിമാന സര്‍വീസുകള്‍ നടത്താനാണ് യുഎസ് സേന ഇന്ത്യക്ക് അനുമതി നല്‍കിയത്. നിലവില്‍ യുഎസ് സേനക്കാണ് കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല.

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരുടെ വിവരങ്ങള്‍ അറിയാന്‍ ഡല്‍ഹിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വിവരങ്ങള്‍ക്ക് +91-11-49016783, +91-11-49016784, +91-11-49016785 എന്നീ ഫോണ്‍ നമ്പറുകളിലും +91 8010611290, +91 9599321199, +91 7042049944 എന്നീ വാടസ്ആപ്പ് നമ്പറുകളിലും SituationRoom@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാം.

---- facebook comment plugin here -----

Latest