Kuwait
111 വയസുള്ള രോഗിയില്‍ നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയകരം
വെറും 40 മിനിറ്റിനുള്ളിലാണ് ശത്രുക്രിയ പൂര്‍ണ്ണ വിജയത്തോടെ പൂര്‍ത്തിയാക്കിയതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു
കുവൈത്ത് സിറ്റി | കുവൈത്തില്‍ 111 വയസ്സ് പ്രായമായ രോഗിയില്‍ നടത്തിയ അപൂര്‍വ്വ ഹൃദയശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കുവൈത്തിലെ അദാന്‍ ഹോസ്പിറ്റലിലെ അല്‍ ദബ്ബൂസ് സെന്ററിലെ കാത്തറ്ററൈസേഷന്‍ വിഭാഗം മേധാവി ഡോ. അഹ്മദ് അല്‍ ശത്തി, മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ ഹൃദയ വിഭാഗം മേധാവിയും കുവൈത്ത് ഹാര്‍ട്ട് അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോക്ടര്‍ അബ്ദുല്ല ഇസ്മായില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ അപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്.
രോഗിക്ക് പ്രായാധിക്യം ഉണ്ടായിരുന്നെങ്കിലും ഇതുവരെ സാധാരണ ജീവിതം നയിച്ച് വരികയായിരുന്നു. രോഗിയില്‍ ഓര്‍ടിക് വാല്‍വിലെ ഗുരുതരമായ സങ്കോചം മൂലം ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. തുടര്‍ന്നാണ് രക്തസമ്മര്‍ദ്ദം ഗണ്യമായി കുറയുകയും ശ്വാസകോശത്തിലെ നീര്‍ക്കെട്ട് മൂലം ശ്വാസ തടസ്സം നേരിടുകയും ഉണ്ടായത്.തുടര്‍ന്നാണ് രോഗിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഓപ്പറേഷന് വിധേയമാക്കുകയായിരുന്നു.വെറും 40 മിനിറ്റിനുള്ളിലാണ് ശത്രുക്രിയ പൂര്‍ണ്ണ വിജയത്തോടെ പൂര്‍ത്തിയാക്കിയതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ശസ്ത്രക്രിയയുടെ ശേഷം രോഗിയുടെ ആരോഗ്യനില പൂര്‍ണ സ്ഥിതി കൈവരിച്ചതായും വീണ്ടും സാധാരണ ദൈനംദിന ജീവിതത്തിലേക്ക് മടങ്ങി എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു





