Connect with us

National

2006 ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസ്; 12 പേരെ വെറുതെവിട്ട മുംബൈ ഹൈക്കോടതി വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു

19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതിയുടെ വിധി വരുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | 2006 ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ 12 പേരെ വെറുതെവിട്ട മുംബൈ ഹൈക്കോടതി വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു. 7/11 കേസിലെ പ്രതികള്‍ തിരികെ ജയിലിലേക്ക് പോകേണ്ടതില്ലെന്നും സുപ്രിം കോടതി. മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം കോടതിയുടെ സ്റ്റേ. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതിയുടെ വിധി വരുന്നത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മോചിതരായവരെ തിരികെ ജയിലിലേക്ക് അയക്കേണ്ടെന്ന നിര്‍ദേശം മഹാരാഷ്ട്ര സര്‍ക്കാരാണ് മുന്നോട്ട് വച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഇക്കാര്യം കോടതിയില്‍ പറഞ്ഞു. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി 12 പേരെ വെറുതെവിട്ടത്.

189 പേര്‍ കൊല്ലപ്പെടുകയും 800ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2006 ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പേരെയും ജൂലൈ 21 നു മുംബൈ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. 2015 ലാണ് വിചാരണ കോടതി 12 പ്രതികളെയും കുറ്റക്കാരായി കണ്ടെത്തിയത്. അഞ്ച് പേര്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു.

2006 ജൂലൈ 11 ന് 11 മിനിറ്റിനുള്ളില്‍ ഏഴ് ബോംബ് സ്‌ഫോടനങ്ങളാണ് മുംബൈയിലെ പ്രത്യേക ലോക്കല്‍ ട്രെയിനുകളില്‍ നടന്നത്. വൈകുന്നേരം 6.24നും 6.35നും ഇടയില്‍ റിഗ്ഗ്ഡ് പ്രഷര്‍ കുക്കറുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. ചര്‍ച്ച്‌ഗേറ്റില്‍ നിന്നുള്ള ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റുകളിലാണ് ഇവ സ്ഥാപിച്ചിരുന്നത്. മാട്ടുംഗ റോഡ്, മാഹിം ജംഗ്ഷന്‍, ബാന്ദ്ര, ഖാര്‍ റോഡ്, ജോഗേശ്വരി, ഭയാന്ദര്‍, ബോറിവാലി എന്നീ സ്റ്റേഷനുകള്‍ക്ക് സമീപമാണ് അവ പൊട്ടിത്തെറിച്ചത്. 2015-ല്‍ വിചാരണ കോടതി ഈ കേസില്‍ 12 പേരെ കുറ്റക്കാരായി കണ്ടെത്തി.

മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ടിന്റെ പ്രത്യേക കോടതി ഫൈസല്‍ ഷെയ്ഖ്, ആസിഫ് ഖാന്‍, കമാല്‍ അന്‍സാരി, എഹ്‌തെഷാം സിദ്ദുഖി, നവീദ് ഖാന്‍ എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചു. ഗൂഢാലോചനയില്‍ പങ്കാളികളായ മറ്റ് ഏഴ് പ്രതികളായ മുഹമ്മദ് സാജിദ് അന്‍സാരി, മുഹമ്മദ് അലി, ഡോ. തന്‍വീര്‍ അന്‍സാരി, മജിദ് ഷാഫി, മുസമ്മില്‍ ഷെയ്ഖ്, സൊഹൈല്‍ ഷെയ്ഖ്, സമീര്‍ ഷെയ്ഖ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. എന്നാല്‍ ഹൈക്കോടതി വിധിയോടെ 12 പ്രതികളും കുറ്റമുക്തമാക്കപ്പെട്ടു.