Connect with us

Eranakulam

സാൻസിബാർ ഉണർന്നു; എസ് എസ് എഫ് കേരള സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം

17 ജില്ലകൾക്ക് പുറമെ 300 ൽ പരം ക്യാമ്പസുകളിൽ നിന്നടക്കം 2000 ത്തോളം പ്രതിഭകളാണ് ഇത്തവണ കേരള സാഹിത്യോത്സവിൽ പങ്കെടുക്കുന്നത്.

Published

|

Last Updated

മൂവാറ്റുപുഴ /കൊച്ചി |സർഗാത്മഗയുടെ ഓളപരപ്പുകളിൽ മനം ലയിച്ച് വാണിജ്യ നഗരം. മൂവാറ്റുപുഴയുടെ ഓരങ്ങളിൽ ഒഴുകിയെത്തിയ സ്വരലയ വർണവിസ്മയങ്ങൾ നാടിന്റെ സാംസ്കാരികാഘോഷമായി മാറി. കോതയാറിന്റെയും തൊടുപുഴയാറിന്റെയും കാളിയാറിന്റെയും സംഗമ ഭൂമിയിൽ എസ് എസ് എഫ് കേരള സാഹിത്യോത്സവ് 29ാം എഡിഷന് അരങ്ങുണർന്നു.

ഇമ്പമാർന്ന നശീദകളുടെയും ഹൃദയം കുളിരുന്ന പാട്ടുകളുടെയും പേമാരിയിൽ ലയിച്ചിറങ്ങുകയാണ് നഗരി.  ജൂനിയർ മാപ്പിളപ്പാട്ടോടെ ഉണർന്ന പ്രധാന വേദി പ്രേക്ഷകരെ അനുഭൂതിയിലേക്കാനയിച്ചു. വരകളിലും വരികളിലും വിസ്മയങ്ങൾ വിരിയിക്കുന്ന സർഗ പ്രതിഭകളുടെ രചനകൾക്ക് രാവിലെ തന്നെ തുടക്കമായിരുന്നു. 17 ജില്ലകൾക്ക് പുറമെ 300 ൽ പരം ക്യാമ്പസുകളിൽ നിന്നടക്കം 2000 ത്തോളം പ്രതിഭകളാണ് ഇത്തവണ കേരള സാഹിത്യോത്സവിൽ പങ്കെടുക്കുന്നത്.

വൈകുന്നേരം നാലിന്  ഡോ. രാജാ ഹരിപ്രസാദ് സാൻസിബാറിന്റെ ചിത്രം അനാശ്ചാദനം ചെയ്ത് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐപിബിയുടെ അഞ്ച് പുസ്തകങ്ങളും പ്രകാശനം ചെയ്തു. ‘സാങ്കേതിക വിപ്ലവവും രാഷ്ട്രീയ മാറ്റങ്ങളും അതിജീവനത്തിന്റെ മാധ്യമ സങ്കീർണതകൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ടി എം ഹർഷൻ, രാം മോഹൻ പാലിയത്ത്, ദാമോദർ പ്രസാദ്,  എന്നിവർ സംസാരിച്ചു.

നാളെ രാവിലെ 6.30 ന് ജനറൽ നശീദ പാരായണത്തോടെ രണ്ടാം ദിവസത്തെ പരിപാടികൾക്ക് തുടക്കമാകും. രാവിലെ 10 ന്   ‘ ജെൻഡർ പൊളിറ്റിക്ക്സ് പിന്നിൽ ചതിയുണ്ട് ‘എന്ന വിഷയത്തിൽ മുസ്തഫ പി എറയ്ക്കൽ, ഡോ. ടി അബൂബക്കർ, സയ്യിദ് ആശിഖ് എന്നിവർ സംസാരിക്കും. രാവിലെ 11.30 ന് നടക്കുന്ന ‘ കേരള പാഠ്യപദ്ധതി കരടിലെ കാണാപുറങ്ങൾ’ എന്ന വിഷയത്തിൽ കെ വി മനോജ് , ബശീർ ചെല്ലക്കൊടി, ഫിർദൗസ് സഖാഫി എന്നിവർ സംസാരിക്കും.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിക്കും. മന്ത്രി പി രാജീവ് മുഖ്യാതിഥിയാകും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എൻ ജഅ്ഫർ സന്ദേശ പ്രഭാഷണം നടത്തും.