Kerala
ക്ഷേത്രക്കടവില്‍ യുവാവ് മുങ്ങിമരിച്ചു
വട്ടിയൂര്‍ക്കാവ് ആയിരവല്ലി ക്ഷേത്ര കടവിലുണ്ടായ അപകടത്തില്‍ തിരുവനന്തപുരം കേശവദാസപുരം സ്വദേശി രാഹുല്‍ (27) ആണ് മരിച്ചത്

തിരുവനന്തപുരം | ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വട്ടിയൂർക്കാവ് ആയിരവല്ലി ക്ഷേത്ര കടവിലുണ്ടായ അപകടത്തിൽ തിരുവനന്തപുരം കേശവദാസപുരം സ്വദേശി രാഹുൽ(27) ആണ് മരിച്ചത്. ഓൺലൈൻ ഡെലിവറി ജീവനക്കാരനായ രാഹുലും സുഹൃത്തുക്കളായ നാലുപേരും ചേർന്നാണ് കരമനയാറ്റിൽ കുളിക്കാനായി ആയിരവല്ലി മേലേക്കടവിൽ എത്തിയത്.
കുളിക്കാനിറങ്ങിയ രാഹുൽ ചെളിയിൽ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. തിരുവനന്തപുരം ഫയർസ്റ്റേഷനിൽ നിന്ന് അസി. സ്റ്റേഷൻ ഓഫീസർ ഷാജിഖാൻ്റെ സ്‌കൂബ ടീം സ്ഥലത്തെത്തുകയും രണ്ടര മണിക്കൂറോളം പരിശോധന നടത്തുകയും ചെയ്തതോടെ കടവിൽ നിന്ന് 20 മീറ്ററുകൾ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്നാൾ താ ഴ്ചയുള്ള സ്ഥലത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയതെന്നും ചെളിയിൽ കിടന്ന വല രാഹുലിൻ്റെ കാലിൽ കുരുങ്ങിയ നിലയിലാണെന്നും ഫയർഫോഴ്സ് പറഞ്ഞു. വട്ടിയൂർക്കാവ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.