Kerala
കൊച്ചു കുട്ടികള്‍ തന്നെ കണ്ട് സ്വാധീനിക്കപ്പെടരുത്: വേടന്‍
തന്റെ പാട്ടും എഴുത്തും വായനയും ഇരട്ടനീതിക്കെതിരായ പോരാട്ടമാണ്

തൃശൂര്‍ | കൊച്ചു കുട്ടികള്‍ തന്നെ കണ്ട് സ്വാധീനിക്കപ്പെടരുതെന്ന് റാപ്പര്‍ വേടന്‍ മാധ്യമങ്ങളോടു പറഞ്ഞു. ഞാന്‍ മദ്യപിക്കുകയും പുകവലിക്കുകയും ഒക്കെ ചെയ്യുന്ന ആളാണ്. സര്‍ക്കാര്‍ വില്‍ക്കുന്ന മദ്യമാണ് ഞാന്‍ വാങ്ങിക്കുടിക്കുന്നതും പുകവലിക്കുന്നതുമൊക്കെ. അതുകൊണ്ട് ഞാനൊരു മോശപ്പെട്ട മനുഷ്യനാണോ എന്ന് എനിക്ക് അറിയില്ല. ഞാന്‍ കള്ളുകുടിക്കുകയും വലിക്കുകയും ചെയ്യുന്ന കാരണം എന്നെ കാണുന്ന കൊച്ചുമക്കള്‍ സ്വാധീനിക്കപ്പെടുന്നുണ്ട്. ആ കാര്യത്തില്‍ എന്നെ കണ്ട് സ്വാധീനിക്കപ്പെടരുത്. അത്രയേ എനിക്ക് പറയാന്‍ ഉള്ളൂ എന്നും വേടന്‍ വ്യക്തമാക്കി.
ഇത് മോശം സ്വാധീനമാണ്, എന്നെ കണ്ട് ആരും പഠിക്കരുത്. എന്നെ തിരുത്താന്‍ പരമാവധി ശ്രമിക്കും. കള്ളുകുടിയും പുകവലിയും നിര്‍ത്താന്‍ ഞാന്‍ ശ്രമിക്കട്ടെ. ആ കാര്യംകൊണ്ട് ഞാന്‍ മോശപ്പെട്ട മനുഷ്യനാണോ എന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ്. തന്റെ പാട്ടും എഴുത്തും വായനയും ഇരട്ടനീതിക്കെതിരായ പോരാട്ടമാണ്. നമ്മുടേത് വിവേചനപൂര്‍വ്വമായ സമൂഹമാണ്.
ഇന്ത്യന്‍ സമൂഹത്തില്‍ പത്തുരണ്ടായിരം വര്‍ഷമായി ഇരട്ടനീതി നിലനില്‍ക്കുന്നുണ്ടെന്നും തനിക്ക് അതിനെക്കുറിച്ച് പുതിയതായി ഒന്നും സംസാരിക്കാനില്ലെന്നും വേടന്‍ പറഞ്ഞു. മോണലോവ ഞാന്‍ എന്റെ കാമുകിക്ക് വേണ്ടി എഴുതിയ പാട്ടാണ്. ഞാനിപ്പോള്‍ പ്രേമത്തിലാണല്ലോ, ഇപ്പോഴാണ് പ്രേമമൊക്കെ ഉണ്ടാവുന്നത്. എന്റെ കാമുകിയെ മോണലോവ പോലെ അഗ്‌നിപര്‍വതമാക്കി എഴുതിയിരിക്കുന്ന പാട്ടാണത്. ഞാനന്റെ കാമുകിക്ക് കൊടുക്കുന്ന ഗിഫ്റ്റ് മാത്രമാണത്.
വിപ്ലവപാട്ടുകള്‍ ഇനിയും വരും, പ്രേമപ്പാട്ടുകളും അതിനിടയിലുണ്ടാവും. എല്ലാവരും പാട്ടുകേള്‍ക്കുണമെന്നും വേടന്‍ പറഞ്ഞു. ഇരട്ടനീതി നിങ്ങള്‍ക്കെല്ലാം മനസിലാവുന്നുണ്ടല്ലോ, ചോറൊക്കെ തിന്നുന്ന ആളുകളല്ലേ? മന്ത്രിയുടെ അഭിപ്രായത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാനൊരാളേയല്ല. ഞാനൊരു കലാകാരനാണ്, ഞാനൊരു കല ചെയ്യുന്നു, നിങ്ങള്‍ അത് കേള്‍ക്കുന്നു, അത്ര തന്നെ.
കേസില്‍ വേദനിച്ചോ എന്ന് ചോദ്യത്തോട് തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ നിങ്ങള്‍ക്ക് വേദനിച്ചോ എന്നായിരുന്നു വേടന്റെ മറുചോദ്യം. അത്രയേയുള്ളൂവെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. പാട്ടെഴുതുന്നത് എന്റെ ജോലിയാണ്. പൊതുസ്വത്താണ് വേടന്‍. കലാകാരന്‍ പൊതുസ്വത്താണ്. കലാകാരന്‍ രാഷ്ട്രീയത്തെക്കുറിച്ചും അവന്റെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യത്തെക്കുറിച്ചും സംസാരിക്കേണ്ട ആളുതന്നെയാണ്. അത് എന്റെ ജോലിയാണ്, അത് ഞാന്‍ മര്യാദയ്ക്ക് ചെയ്യുന്നുണ്ട്. അത് ചെയ്യുന്നതുകാരണം എനിക്ക് രാത്രി നല്ല ഉറക്കം ലഭിക്കുന്നുണ്ട്.
ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുക എന്നത് എന്റെ ജോലിയാണ്. അത് ഞാന്‍ മരിക്കുന്നതുവരെ വൃത്തിയായി ചെയ്തിരിക്കും. ഇരട്ടനീതിയും സമൂഹത്തില്‍ എല്ലാവരും തുല്യരല്ല എന്നകാര്യവും നിങ്ങള്‍ക്ക് മനസിലാവുന്നുണ്ടല്ലോ. ആ മനസിലാക്കല്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ. നമ്മളാരും തുല്യരല്ല, വിവേചനപൂര്‍വ്വമായ സമൂഹമാണ് നമ്മുടേത്. എന്റെ എഴുത്തും വായനയും പാട്ടുകളും ഇരട്ടനീതിക്കെതിരായ പോരാട്ടങ്ങളാണെന്നും വേടന്‍ വ്യക്തമാക്കി.