Connect with us

Ongoing News

പ്രായ‌ം കൂട്ടിക്കാണിച്ച് ഇനി ഇൻസ്റ്റഗ്രാമിൽ കയറാനാകില്ല; പിടികൂടാൻ പുതിയ സംവിധാനം

ഒരു എയ്ജ് വെരിഫിക്കേഷൻ പ്രോസസിലൂടെ കടന്നുപോയെങ്കിൽ മാത്രമേ ഇൻസ്റ്റഗ്രാമിൽ ഇനി അക്കൗണ്ട് തുടങ്ങാൻ കഴിയൂ; മൂന്ന് രൂപത്തിൽ ഇൻസ്റ്റഗ്രാം ഉപയോക്താവിന്റെ പ്രായം സ്ഥിരീകരിക്കും.

Published

|

Last Updated

ന്യൂയോർക്ക് സിറ്റി | പ്രായം കൂട്ടി കാണിച്ച് അക്കൗണ്ട് തുടങ്ങുന്ന കൗമാരക്കാരെ പിടികൂടാൻ പുതിയ സ‌‌ംവിധാനം പരീക്ഷിച്ച് ഇൻസ്റ്റഗ്രാം. 13 വയസ്സിന് മുകളിലുള്ളവർക്കാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങാൻ അനുമതിയുള്ളത്. എന്നാൽ തെറ്റായ വയസ്സ് കാണിച്ച് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇത്തരം ഉപയോക്താക്കളെ തടയാൻ ഒരു മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഇതിലൂടെ മൂന്ന് രൂപത്തിൽ ഇൻസ്റ്റഗ്രാം ഉപയോക്താവിന്റെ പ്രായം സ്ഥിരീകരിക്കും.

ഒരു എയ്ജ് വെരിഫിക്കേഷൻ പ്രോസസിലൂടെ കടന്നുപോയെങ്കിൽ മാത്രമേ ഇൻസ്റ്റഗ്രാമിൽ ഇനി അക്കൗണ്ട് തുടങ്ങാൻ കഴിയൂ. ഐഡി പ്രൂഫ് അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നതാണ് ഇതിൽ ഒന്നാമത്തെ പ്രോസസ്. ഇതുകൂടാതെ, ഉപയോക്താക്കളുടെ പ്രായത്തെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കുന്നതിന് വീഡിയോ സെൽഫികൾ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഇതിനായി ഇൻസ്റ്റാഗ്രാം ഓൺലൈൻ വയസ്സ് സ്ഥിരീകരണ കമ്പനിയായ യോതിയുമായി കരാർ ഒപ്പുവെച്ചു. അപ്‌ലോഡ് ചെയ്ത വീഡിയോകളിലൂടെ ഉപയോക്താക്കളുടെ മുഖ സവിശേഷതകളെ അടിസ്ഥാനമാക്കി പ്രായം പരിശോധിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയാണിത്.

പരസ്പരം ഫോളോ ചെയ്യുന്ന മൂന്ന് പേരോടും ഇൻസ്റ്റഗ്രാം പുതിയ ഉപഭോക്താവിന്റെ പ്രായം സംബന്ധിച്ച് സ്ഥിരീകരണം നൽകാൻ ആവശ്യപ്പെടും. 18 വയസ്സിന് മുകളിൽ പ്രായമുള്ള ഫോളോവേഴ്സിൽ നിന്നാണ് വിവരങ്ങൾ തേടുക. 13 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കായി ഇസ്റ്റഗ്രാമിൽ നിരവധി വ്യത്യസ്ത നിയമങ്ങളുണ്ട്. അവർക്ക് രാത്രി ഇൻസ്റ്റഗ്രാം പ്രവർത്തിപ്പിക്കാൻ അനുവാദമില്ല.

നിലവിൽ, യുഎസ് ഉപയോക്താക്കൾക്കായി കമ്പനി ഈ ഓപ്ഷൻ ആരംഭിച്ചു. വരും ദിവസങ്ങളിൽ ഇത് എല്ലാവർക്കും ബാധകമാക്കും.

2019 മുതലാണ് ഇൻസ്റ്റാഗ്രാം ഉപയോക്താക്കളോട് അവരുടെ പ്രായം ചോദിക്കാൻ തുടങ്ങിയത്.

Latest