Connect with us

editorial

യോഗി പിന്നെയും പള്ളികൾക്കു നേരെ

ഒരു കെട്ടിടത്തിന്റെ നിയമപരമായ പിൻബലത്തെക്കുറിച്ച് തർക്കം ഉത്ഭവിച്ചാൽ അത് തീർപ്പാക്കേണ്ടത് ഭരണകൂടമല്ല, കോടതിയാണ്. സ്വയം തീർപ്പ് കൽപ്പിച്ച് ശിക്ഷാ നടപടികളിലേക്ക് നീങ്ങാൻ ഭരണകൂടത്തിന് അവകാശമില്ല. ഭരണകൂടം ഏകപക്ഷീയമായി പള്ളികളോ വീടുകളോ തകർക്കുന്നത് ജുഡീഷ്യറിയുടെ അധികാത്തിന്മേലുള്ള കൈയേറ്റമാണ്.

Published

|

Last Updated

സുപ്രീം കോടതിയുടെ ഉത്തരവുകളും നിർദേശങ്ങളും കാറ്റിൽപ്പറത്തി ഉത്തർ പ്രദേശിൽ യോഗി സർക്കാറിന്റെ ബുൾഡോസർ രാജ് തുടരുകയാണ്. സംഭലിൽ വ്യാഴാഴ്ച അനധികൃത നിർമാണം ആരോപിച്ച് മുസ്‌ലിം പള്ളിയോടനുബന്ധിച്ച വിവാഹ മണ്ഡപവും മദ്റസയും പൊളിച്ചു നീക്കി. 200 പോലീസുകാരെയും അർധസൈനികരെയും വിന്യസിച്ചും പോലീസ് ഫ്ലാഗ് മാർച്ച് നടത്തിയും പ്രദേശത്തെ മുസ്‌ലിംകളെ ഭീതിയിലാഴ്ത്തിയാണ് അധികൃതർ ബുൾഡോസറുകളുമായി പള്ളി കെട്ടിടത്തിനു നേരെ നീങ്ങിയത്. പൊളിക്കൽ സമയത്ത് പ്രദേശവാസികൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പ് നൽകുകയും ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് ഫത്തേഹ്പൂർ ലലൗലിയിലെ 185 വർഷം പഴക്കമുള്ള നൂരി മസ്ജിദിന്റെ ഒരു ഭാഗം യോഗി സർക്കാർ പൊളിച്ചുനീക്കിയത്. റോഡ് കൈയേറിയാണ് പള്ളി നിർമിച്ചതെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ആരോപണം. മസ്ജിദ് നിർമിച്ചത് 1939ലാണ്. റോഡിന്റെ നിർമാണം 1995ലും. എന്നിട്ടും റോഡ് കൈയേറ്റം ആരോപിക്കുന്നത് അപഹാസ്യമാണെന്ന് മസ്ജിദ് ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. പള്ളി പൊളിക്കുന്നതിനെതിരെ കമ്മിറ്റി നൽകിയ ഹരജി ഡിസംബർ 13ന് അലഹബാദ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അതിന്റെ നാല് ദിവസം മുമ്പായി യോഗി സർക്കാർ കെട്ടിടം തകർത്തത്. പ്രതിഷേധം ഭയന്ന് പ്രദേശവാസികളായ 25,000 പേരെ തടവിലാക്കുകയും ചെയ്തിരുന്നു.

പുരാവസ്തു വകുപ്പിന്റെ പൈതൃക പട്ടികയിൽ പെട്ടതാണ് നൂർ മസ്ജിദ്.
2021 മേയ് 18ന് ബാർബങ്കി ജില്ലയിൽ റാംസെൻസയി ഗട്ട് നഗരത്തിലെ 100 വർഷം പഴക്കമുള്ള മസ്ജിദ് പൊളിച്ചുനീക്കിയതും പൊളിക്കരുതെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടായിരിക്കെയാണ.് അനധികൃതമാണെന്നാരോപിച്ചാണ് ഇവിടെയും ബുൾഡോസിംഗ് നടത്തിയത്. അനധികൃതമല്ലെന്നു തെളിയിക്കുന്ന രേഖകൾ പള്ളിക്കമ്മിറ്റി ജില്ലാ ഭരണകൂടത്തിന്റെ മുമ്പാകെ ഹാജരാക്കിയിരുന്നു. അവർ സ്വീകരിച്ചില്ല.

അഞ്ച് മാസം മുമ്പാണ് നേപ്പാൾ അതിർത്തിയിലെ 15 കി.മീറ്റർ ചുറ്റളവിലുള്ള ഇരുപതോളം പള്ളികളും മദ്റസകളും യോഗി സർക്കാർ പൊളിച്ചുനീക്കിയത്. മഥുര ഈദ്ഗാഹ് ഷാഹി മസ്ജിദ്, മഹോബ സിറ്റിയിലെ 500 വർഷത്തോളം പഴക്കമുള്ള പള്ളി തുടങ്ങി വേറെയും നിരവധി മുസ്‌ലിം സ്ഥാപനങ്ങളും വീടുകളും തകർക്കപ്പെട്ടു യോഗി ഭരണത്തിൽ. കേവലം ഒരു മണ്ണുമാന്തി യന്ത്രമല്ല, മുസ്‌ലിംകളുടെ ഉന്മൂലനത്തിനുള്ള വർഗീയ-രാഷ്ട്രീയ ആയുധം കൂടിയാണ് യോഗി സർക്കാറിന് ബുൾഡോസർ. അനധികൃത കൈയേറ്റമെന്ന് പറഞ്ഞ് മസ്ജിദുകൾ ഉൾപ്പെടെ മുസ്‌ലിം സ്ഥാപനങ്ങളും ഗൃഹനാഥനിൽ വ്യാജ ക്രിമിനൽക്കുറ്റം ആരോപിച്ച് വീടുകളും നിരന്തരം ബുൾഡോസിംഗിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ബുൾഡോസർ ബാബ എന്നാണ് യോഗി ആദിത്യനാഥ് അനുയായികൾക്കിടയിൽ വിശേഷിക്കപ്പെടുന്നത്. യു പി ഭരണകൂടത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു ബുൾഡോസർ. തെരുവുകളിൽ ബുൾഡോസർ ഘേഷയാത്ര നടത്തിയായിരുന്നു യോഗിയുടെ രണ്ടാമത് അധികാര ആരോഹണത്തെ ബി ജെ പി-ആർ എസ് എസ് പ്രവർത്തർ ആഘോഷിച്ചത്.

ബുൾഡോസർ രാജിനെതിരെ പ്രതിഷേധങ്ങൾ പല കോണുകളിൽ നിന്ന് വന്നിട്ടും യോഗിക്കു വീണ്ടുവിചാരമില്ല. സുപ്രീം കോടതി തന്നെ രംഗത്തു വന്നിട്ടും പിന്മാറ്റമില്ല. കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് ചില നടപടിക്രമങ്ങളുണ്ടെന്ന് 2024 സെപ്തംബറിൽ ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരങ്ങുന്ന സുപ്രീം കോടതി ബഞ്ച് ഉണർത്തിയതാണ്. അനധികൃത കെട്ടിടമാണെങ്കിൽ പോലും ആദ്യം ഉടമസ്ഥർക്ക് നോട്ടീസ് നൽകണം. തുടർന്ന് വിശദീകരണം നൽകാനുള്ള സമയം അനുവദിക്കണം. നിയമ പരിഹാരം തേടാനുള്ള സാവകാശവും നൽകണം. ഇത്തരം ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിച്ചുള്ള ഭരണകൂട നടപടിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

ശോഭയാത്രക്ക് മുന്നോടിയായി നോർത്ത് ഡൽഹി മുനിസിപൽ കോർപറേഷൻ ഭരണകൂടം ജഹാംഗീർപുരിയിൽ നടത്തിയ ബുൾഡോസർ നടപടിക്കെതിരെ സമർപ്പിക്കപ്പെട്ട ഹരജിയിലായിരുന്നു സുപ്രീം കോടതിയുടെ ഇടപെടൽ. നിയമങ്ങൾ പാലിക്കാതെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നത് സ്വേഛാധിപത്യവും നിയമവാഴ്ചയുടെ ഹൃദയത്തിനേൽക്കുന്ന പ്രഹരവും നിയമത്തിലുള്ള പൊതുജനവിശ്വാസത്തിന് മങ്ങലേൽപ്പിക്കുന്ന പ്രവർത്തനവുമാണെന്ന് കോടതി ഉത്‌ബോധിപ്പിച്ചു. ഇന്ത്യ ഒരു മതേതര രാജ്യമാണ്. വിവിധ മതക്കാരുണ്ട് രാജ്യത്ത്. ഏതെങ്കിലും മതവിഭാഗത്തെ ഒറ്റപ്പെടുത്തുന്ന പ്രവർത്തനങ്ങൾ പാടില്ലെന്ന് ഒക്ടോബർ ഒന്നിന് ബുൾഡോസർ രാജുമായി ബന്ധപ്പെട്ട മറ്റൊരു വിധിപ്രസ്താവത്തിൽ സുപ്രീം കോടതി പറഞ്ഞു.

ഒരു കെട്ടിടത്തിന്റെ നിയമപരമായ പിൻബലത്തെക്കുറിച്ച് തർക്കം ഉത്ഭവിച്ചാൽ അത് തീർപ്പാക്കേണ്ടത് ഭരണകൂടമല്ല, കോടതിയാണ്. സ്വയം തീർപ്പ് കൽപ്പിച്ച് ശിക്ഷാ നടപടികളിലേക്ക് നീങ്ങാൻ ഭരണകൂടത്തിന് അവകാശമില്ല.കോടതിയുടെ തീർപ്പിന് കാത്തുനിൽക്കാതെ ഭരണകൂടം ഏകപക്ഷീയമായി പള്ളികളോ വീടുകളോ തകർക്കുന്നത് ജുഡീഷ്യറിയുടെ അധികാത്തിന്മേലുള്ള കൈയേറ്റമാണ്. ഭരണഘടനക്കും നിയമവ്യവസ്ഥക്കും അസ്വീകാര്യമാണ് ബുൾഡോസർ രാജ്. നിയമത്തിന്റെ പരധിയിലല്ലാതെയും കോടതിയുടെ അനുമതി കൂടാതെയും ഒരു വ്യക്തിയുടെയോ വിഭാഗത്തിന്റെയോ സ്വത്ത് നഷ്ടപ്പെടുത്താൻ പാടില്ലെന്ന് ആർട്ടിക്കിൾ 300-എ അനുശാസിക്കുന്നു. ഇന്ത്യയുടെ ജനാധിപത്യപരമായ നിയമവാഴ്ച കൂടിയാണ് ഫാസിസ്റ്റ് രാഷ്ട്രീയ സർക്കാറുകളുടെ ബുൾഡോസർ രാജ് വഴി തകരുന്നത്.

Latest