Connect with us

Ongoing News

വില്‍പ്പനക്ക് കൊണ്ടുവന്ന ഈനാമ്പേച്ചിയുമായി തമിഴ് യുവാവ് പിടിയില്‍

മരുന്നു നിര്‍മാണ സംഘങ്ങള്‍ക്ക് വില്‍ക്കാനാണ് വംശനാശ ഭീഷണി നേരിടുന്ന ഈനാമ്പേച്ചിയെ കൊണ്ടുവന്നതെന്നാണ് യുവാവ് നല്‍കിയ മൊഴി

Published

|

Last Updated

പാലക്കാട് : തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വില്‍പ്പനക്കായി കൊണ്ടുവന്ന ഈനാമ്പേച്ചിയുമായി തമിഴ് യുവാവ് പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശി ആനന്ദകുമാറിനെയാണ് വനംവകുപ്പ് പിടികൂടിയത്. മരുന്നു നിര്‍മാണ സംഘങ്ങള്‍ക്ക് വില്‍ക്കാനാണ് വംശനാശ ഭീഷണി നേരിടുന്ന ഈനാമ്പേച്ചിയെ കൊണ്ടുവന്നതെന്നാണ് യുവാവ് നല്‍കിയ മൊഴി.

വ്യാഴാഴ്ച പുലര്‍ച്ചെ വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അന്വേണം നടത്തിയത്. ആനന്ദകുമാറിന്റെ വാഹനം വാളയാര്‍ അതിര്‍ത്തി കടന്നതോടെ പ്രത്യേക അന്വേഷണ സംഘവും നെല്ലിയാമ്പതി ഫ്‌ളയിങ് സ്‌ക്വാഡും വാളയാര്‍ റെയ്ഞ്ച് ഉദ്യോഗസ്ഥരും പിന്തുടര്‍ന്നു. അതിര്‍ത്തിക്കിപ്പുറം സ്വകാര്യ ആശുപത്രിക്കു സമീപം അന്വേഷണ സംഘം വാഹനം തടഞ്ഞു.പിന്നാലെ പരിശോധന നടത്തി. കാറിന്റെ ഡിക്കിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ജീവനുള്ള 16 കിലോ തൂക്കം വരുന്ന ഈനാംപേച്ചി. പ്രതിയും കാറും ഈനാംപേച്ചിയും വനം വകുപ്പിന്റെ കസ്റ്റഡിയിലായി.

ഈനാംപേച്ചിയെ കൊന്ന് മരുന്ന് ഉണ്ടാക്കുന്ന സംഘത്തിന് കൈമാറുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് വനംവകുപ്പ് പറയുന്നു. രാജ്യാന്തരതലത്തില്‍ വിപണനം നിരോധിച്ചിട്ടുള്ള ജീവിയാണ് ഈനാംപേച്ചി. ഈനാംപേച്ചിയുടെ ശല്‍ക്കങ്ങളും ഇറച്ചിയും മരുന്നിനായി ഉപയോഗിക്കുന്നതായാണ് സൂചന. വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കുമെന്നതാണ് അനധികൃതവേട്ടയ്ക്കും വില്പനയ്ക്കും കാരണമാകുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആര്‍ക്ക് എന്തിന് ഈനാംപേച്ചിയെ കൊണ്ടുവന്നു എന്ന കാര്യങ്ങളില്‍ വ്യക്തത വരുത്താനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് വനംവകുപ്പിന്റെ തീരുമാനം.

Latest