International
വ്യോമാതിര്‍ത്തിയില്‍ യു എസ് വിമാനങ്ങള്‍; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് വെനസ്വേല
നിയമവിരുദ്ധമായ ഈ കടന്നുകയറ്റം രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുയര്‍ത്തിക്കൊണ്ടുള്ള അമേരിക്കയുടെ പ്രകോപനമാണെന്ന് വെനസ്വേലന്‍ മന്ത്രാലയങ്ങള്‍.

കാരക്കാസ് | രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ യു എസ് യുദ്ധവിമാനങ്ങളുടെ കടന്നുകയറുന്നതായി വെനസ്വേല. തങ്ങളുടെ തീരത്തിന് 75 കിലോമീറ്റര്‍ അകലെ അഞ്ച് വിമാനങ്ങള്‍ എത്തിയിരിക്കുന്നതായാണ് വെനസ്വേല വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നിയമവിരുദ്ധമായ ഈ കടന്നുകയറ്റം രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുയര്‍ത്തിക്കൊണ്ടുള്ള അമേരിക്കയുടെ പ്രകോപനമാണെന്നും വെനസ്വേല ആരോപിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇതിലൂടെ അമേരിക്ക നടത്തിയിരിക്കുന്നതെന്ന് വെനസ്വേലയിലെ വിവിധ മന്ത്രാലയങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. അടുത്തിടെ തെക്കേ അമേരിക്കക്ക് സമീപം യു എസ് കപ്പലുകള്‍ക്കു മുകളിലൂടെ വെനസ്വേലയുടെ സൈനിക വിമാനങ്ങള്‍ പറന്നതായി യു എസ് ആരോപിച്ചിരുന്നു. ഇതിനെതിരെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായി പ്രതികരിച്ചിരുന്നു. ആവര്‍ത്തിച്ചാല്‍ വെനസ്വേലന്‍ വിമാനങ്ങള്‍ വെടിവെച്ചിടുമെന്ന് ട്രംപ് ഭീഷണി മുഴക്കി.
നേരത്തെ, വെനസ്വേലയില്‍ നിന്നുള്ള ഒരു കപ്പലിനെ യു എസ് സേന ആക്രമിച്ചിരുന്നു. മയക്കുമരുന്ന് കടത്തുകയാണെന്ന് ആരോപിച്ച് നടത്തിയ ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന 11 പേര്‍ കൊല്ലപ്പെട്ടു.