Connect with us

യാത്ര

നിഴലുകൾ പിന്തുടരുന്ന വഴി

ചിന്തകളുടെ ആഴങ്ങളിൽനിന്ന് പെട്ടെന്ന് ഞാൻ ഉണർന്നു. കണ്ണുകൾ തിരുമ്മി ചുറ്റുപാടുകളിലേക്ക് നോക്കി. ഞങ്ങൾ ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. പേരുപോലും വ്യക്തമായി അറിയാത്ത ഏതോ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര തുടരുകയാണ്. പിന്നിട്ട വഴികളിൽനിന്നും ആ അധികാര കേന്ദ്രങ്ങളിൽനിന്നും ഞാൻ ഇപ്പോൾ എത്രയോ അകലെയെത്തിയിരിക്കുന്നു!

Published

|

Last Updated

അധികാരത്തിന്റെ ഉന്നത പദവികളിലിരിക്കുന്നവർക്കു മുന്നിൽ ഇതുവരെ തലകുനിച്ചും പതറിയും സംസാരിച്ചിരുന്ന ഞാൻ, ഇത്തവണ ആത്മവിശ്വാസത്തോടെ അവരുടെ മുന്നിലെത്തി. തലയുയർത്തി ആ ഉന്നത ഉദ്യോഗസ്ഥരുടെ മുന്നിലേക്ക് നടന്നുകയറുമ്പോൾ, ഉള്ളിൽ ഒരേയൊരു തീരുമാനമേ ഉണ്ടായിരുന്നുള്ളൂ, എന്തുവന്നാലും എന്റെ യാത്രക്കുള്ള വഴി കണ്ടെത്തണം. ആ ഉന്നത ഉദ്യോഗസ്ഥൻ എന്നെ സൂക്ഷിച്ചുനോക്കി.
“നീ എവിടേക്കാണ് പോകാൻ ആഗ്രഹിക്കുന്നത്?’
“സഊദി അറേബ്യയിലേക്ക്.’
“എന്തിന്?’

“എന്റെ ഉപ്പയും ഉമ്മയും മക്കളും അവിടെയുണ്ട്. എന്റെ ഭാര്യ മരിച്ചതല്ലേ; ഒരുപക്ഷേ അവിടെവെച്ച് ഞാൻ വിവാഹം കഴിച്ചേക്കാം. ഇൻഷാ അല്ലാഹ്, ഞാൻ യമനിലേക്ക് തന്നെ തിരിച്ചുവരും.’
അയാൾ അൽപ്പനേരം നിശബ്ദനായി. പിന്നെ ഉപദേശത്തിന്റെ സ്വരത്തിൽ പറഞ്ഞു:
“നിന്റെ നാടാണ് നിനക്ക് ഏറ്റവും നല്ലത്. നീ യാത്ര ചെയ്യേണ്ടതില്ല.’
“അതെനിക്കറിയാം. പക്ഷേ, സാഹചര്യങ്ങൾ മറ്റൊന്നാണ് എനിക്കായി കരുതിവെച്ചിരിക്കുന്നത്.’
“എങ്കിൽ നീ വിദ്യാഭ്യാസ വകുപ്പിൽനിന്നുള്ള ഒരു അനുമതിപത്രം കൊണ്ടുവരൂ.’
“അങ്ങനെയൊരു കത്ത് അവർ എനിക്ക് നൽകുമെന്ന് തോന്നുന്നില്ല.’
“അപ്പോൾ പിന്നെ ഞാൻ എന്താണ് ചെയ്യേണ്ടത്?’
“ഒന്നുമില്ല… നന്ദി.’

അത്രമാത്രം. ആ കൂടിക്കാഴ്ച അവിടെ അവസാനിച്ചു. മനസ്സിലെ പ്രതീക്ഷകളെല്ലാം തകർന്നടിഞ്ഞതുപോലെ തോന്നി. വിക്ഷുബ്ധമായ മനസ്സുമായി ഞാൻ പുറത്തേക്കിറങ്ങി. കാർ പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന എന്റെ മോട്ടോർ സൈക്കിളിനടുത്തേക്ക് നടക്കുമ്പോൾ വഴിയിൽ കണ്ട ആരുടെയും മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിഞ്ഞില്ല. ഉള്ളിൽ നിരാശയും അമർഷവും മാറിമാറി തിരയടിച്ചു.

ഇതിലും കൂടുതൽ പരിഗണന ഞാൻ അർഹിക്കുന്നില്ലേ? ഒരു വ്യക്തിയെന്ന നിലയിൽ എന്റെ അവസ്ഥയും ആവശ്യങ്ങളും മനസ്സിലാക്കാതെ ഇത്രയധികം പ്രതീക്ഷിച്ചുപോയതാണോ എന്റെ തെറ്റ്?
അപ്പോഴാണ് ചില യാഥാർഥ്യങ്ങൾ കൂടുതൽ വ്യക്തമായത്. ഇവിടെ നിയമങ്ങൾക്കാണ് പരമാധികാരമെങ്കിലും അവയുടെ അതിരുകൾ മറികടക്കാൻ ചിലർക്ക് അനുവാദമുണ്ട്. ആ അധികാരം എല്ലാവർക്കും ഒരുപോലെയല്ല എന്നതാണ് യാഥാർഥ്യം. എന്നെ പോലുള്ളവർക്ക് ആ പരിധികൾ ലംഘിക്കാനുള്ള അവകാശമില്ലെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു.

ചതുരാകൃതിയിലുള്ള കസേരകളിൽ ഊഴം കാത്തിരിക്കുന്നവരുടെയും അന്വേഷകരുടെയും മുന്നിലൂടെ ഞാൻ പുറത്തേക്ക് നടന്നു. ഇത്തവണ ഖേദമോ വേദനയോ എന്നെ അലട്ടിയില്ല. മനുഷ്യരുടെ അവസ്ഥകളും അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും അറിയുന്നതുകൊണ്ട് എന്തു പ്രയോജനം? സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശംപോലും മറ്റുള്ളവരുടെ കൈകളിലായിരിക്കുമ്പോൾ!

എന്റെ ഉള്ളിൽ ചോദ്യങ്ങൾ ഒന്നൊന്നായി ഉയർന്നുവന്നു. ഞാൻ രാജ്യം വിടുന്നതിന് എന്തെങ്കിലും സാമ്പത്തിക ഗ്യാരണ്ടി വേണമെന്നാണോ അവർ ആഗ്രഹിക്കുന്നത്? അതോ പൗരത്വവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഉറപ്പുകളാണോ അവർക്ക് വേണ്ടത്? അല്ല! ഞാൻ എന്റെ നാട്ടിൽത്തന്നെ തുടരണമെന്നതല്ലാതെ മറ്റൊന്നും അവർക്ക് വേണ്ടിയിരുന്നില്ല! അധികാരികളുടെ കൺമുന്നിലൂടെ ഓരോ ദിവസവും കൂട്ടത്തോടെ ആളുകൾ യമനിൽ നിന്നും നാടുവിട്ടുപോകുമ്പോൾ, അവർക്കിടയിൽ എനിക്ക് ഇത്രയേറെ പ്രാധാന്യമുണ്ടെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല! എന്നെ തങ്ങളുടെ അരികിൽത്തന്നെ നിർത്താൻ അവർക്ക് ഇത്രമേൽ ആഗ്രഹമുണ്ടോ? അതിനുവേണ്ടി സ്വന്തം കുടുംബത്തെയും മക്കളെയും സന്ദർശിക്കാനുള്ള ന്യായമായ അവകാശം പോലും എനിക്ക് നിഷേധിക്കത്തക്കവിധം അവർക്ക് എന്നോടിത്ര സ്‌നേഹമോ?!

എന്റെ കുടുംബത്തിന്റെ വർത്തമാനവും ഭാവിയും എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമല്ലേ..?
ബുദ്ധിയെ പരിഹസിക്കുന്ന ഒരുതരം ഭരണപരമായ സങ്കീർണതകൾ! ഉത്തരവാദിത്വങ്ങളുടെ അതിരുകൾ നിർണയിക്കുന്നതിലെ അവ്യക്തത, ന്യായമായ ആവശ്യങ്ങൾക്കുപോലും പിന്തുണ നൽകാത്ത ഉദ്യോഗസ്ഥരുടെ പതിവ് നടപടികൾ, ഒപ്പിടലുകളിലും അനുമതികളിലും കുടുങ്ങിപ്പോകുന്ന മനുഷ്യജീവിതങ്ങൾ. ചിലരുടെ ഒരു ഒപ്പിനുവേണ്ടി എത്രയോ മനുഷ്യരുടെ ജീവിതവും സ്വപ്നങ്ങളും കാത്തുകിടക്കുന്നു. അവരുടെ യാത്രകൾ, താമസസ്ഥലങ്ങൾ, കുടുംബബന്ധങ്ങൾ, ഭാവി പദ്ധതികൾ… എല്ലാം ഭരണപരമായ നീതികേടുകളുടെ ഇരകളാകുന്നു.

ആ ഉദ്യോഗസ്ഥരിൽ പലർക്കും ആദ്യം വേണ്ടത് സ്വന്തം വ്യക്തിത്വത്തിലെ വൈകല്യങ്ങൾ തിരിച്ചറിയാനുള്ള ചികിത്സയാണ്. കാരണം, പൊതുജനങ്ങളോടുള്ള അവരുടെ പെരുമാറ്റത്തിലും ഇടപെടലുകളിലും ആ വൈകല്യങ്ങൾ വ്യക്തമായി പ്രകടമാകുന്നുണ്ട്. എന്നാൽ, തങ്ങളുടെ ഇത്തരം സമീപനങ്ങളെ അവർ അവതരിപ്പിക്കുന്നത് തികഞ്ഞ നിരാകരണമായും ചട്ടങ്ങളുടെയും നിയമങ്ങളുടെയും പവിത്രതയെക്കുറിച്ചുള്ള അവകാശവാദങ്ങളുമായാണ്.

അപ്പോഴാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. കാരണം, ഇത്തരമൊരു നിയമത്തേക്കാൾ വലുതാണ് എന്റെ വ്യക്തിത്വവും ആത്മാഭിമാനവും. എന്റെ ജീവിതത്തെക്കുറിച്ചുള്ള തീരുമാനം മറ്റുള്ളവരുടെ അനുമതിക്കായി ഇനിയും കാത്തുവെക്കാൻ ഞാൻ തയ്യാറല്ല.!
ചിന്തകളുടെ ആഴങ്ങളിൽനിന്ന് പെട്ടെന്ന് ഞാൻ ഉണർന്നു. കണ്ണുകൾ തിരുമ്മി ചുറ്റുപാടുകളിലേക്ക് നോക്കി. ഞങ്ങൾ ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. പേരുപോലും വ്യക്തമായി അറിയാത്ത ഏതോ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര തുടരുകയാണ്. പിന്നിട്ട വഴികളിൽനിന്നും ആ അധികാര കേന്ദ്രങ്ങളിൽനിന്നും ഞാൻ ഇപ്പോൾ എത്രയോ അകലെയെത്തിയിരിക്കുന്നു!

മുന്നിൽ ചക്രവാളം നീണ്ടുകിടക്കുന്നു. മണൽത്തിട്ടകൾക്കപ്പുറം ഒരു പ്രകാശം ഇടയ്ക്കിടെ മിന്നിമറയുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഉള്ളിൽ ചെറിയൊരു അസ്വസ്ഥത തോന്നി. മുന്നിലെ വാഹനത്തിന്റെ മുകളിലിരുന്ന പരിചയസമ്പന്നനായ ഗൈഡിനെ നോക്കി ഞാൻ വിളിച്ചു.

“ഹേയ്… പിന്നിലേക്ക് ഒന്നു നോക്കൂ. നമുക്ക് നേരെ വരുന്ന ആ പ്രകാശം കാണുന്നില്ലേ?’
അയാൾ തിരിഞ്ഞുനോക്കി. എന്തോ സംശയം തോന്നിയതുപോലെ ഡ്രൈവറെ വിളിച്ചു.
“നമ്മുടെ പിന്നിൽ ഒരു കാർ വരുന്നുണ്ട്. എന്താണ് നിങ്ങളുടെ അഭിപ്രായം?’
“അത് അടുത്താണോ, അതോ ദൂരെയാണോ?’
“ഇപ്പോൾ ദൂരെയാണ്. എങ്കിലും അത് നമ്മളെ പിടികൂടും.’
ഡ്രൈവർ ചിരിച്ചു. ആ ചിരിയിൽ ആത്മവിശ്വാസത്തേക്കാൾ പരിഹാസമായിരുന്നു കൂടുതൽ.
“പിടികൂടുകയോ? അങ്ങനെയെങ്കിൽ ഈ മത്സരത്തിൽ അവർക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു പാഠം ഞാൻ പഠിപ്പിച്ചുകൊടുക്കും!’

അയാളുടെ വാക്കുകൾ കേട്ടിട്ടും എന്റെ ആശങ്ക മാറിയില്ല. ഞങ്ങളുടെ വാഹനം നോക്കിയപ്പോൾ എനിക്ക് കൂടുതൽ ആശങ്ക തോന്നി. ബോഡിയും നിർമാണരീതിയും കണ്ടാൽത്തന്നെ പഴക്കം വ്യക്തമാകുന്ന ഒരു വാഹനം. മണൽക്കാടുകളിലൂടെ മുന്നോട്ടുപോകാൻപോലും അത് നന്നായി പാടുപെടുന്നുണ്ട്. പിന്നെ എങ്ങനെയാണ് സർക്കാർ വാഹനങ്ങളുമായി നമുക്ക് മത്സരിക്കാൻ കഴിയുക?!

എന്നാൽ ഡ്രൈവർ വേഗത കൂട്ടിക്കൊണ്ടിരുന്നു. വാഹനത്തിനുള്ളിൽ ഉണക്കമീൻ പൊതിഞ്ഞ പ്ലാസ്റ്റിക് സഞ്ചികൾ ഉരസിയുണ്ടാക്കുന്ന ശബ്ദം ചെവിയിൽ മുഴങ്ങി. ആ ദുർഗന്ധത്തിനിടയിൽ തലകറങ്ങുന്നതുപോലെ തോന്നി.
പെട്ടെന്നാണ് മറ്റൊരു ചിന്ത മനസ്സിൽ വന്നത്. പിന്നിൽ വരുന്ന നിരീക്ഷകരുടെ വാഹനം നമ്മെ പിടികൂടിയാൽ അതിന്റെ വെളിച്ചം നേരെ എന്റെ മേൽ പതിച്ചേക്കാം. അതൊഴിവാക്കാൻ കാറിന്റെ പിൻഭാഗത്ത് ഒളിച്ചിരിക്കണം!
എവിടെ ഒളിക്കും?

അവസാനം ഒരു വിചിത്രമായ മാർഗം ഞാൻ കണ്ടെത്തി. ഷർട്ടിന്റെ ബട്ടണുകൾ അഴിച്ച്, പിൻഭാഗം ഇരുവശത്തേക്കും ചിതറിക്കിടക്കുന്ന ഉണക്കമീൻ സഞ്ചികൾക്കിടയിലേക്ക് നീട്ടി ഞാൻ കിടന്നു. തലയുടെ താഴെ കൈകൾ ചേർത്തുവെച്ച് ഉറങ്ങുന്നതുപോലെ കണ്ണടച്ചു.

അപ്പോഴാണ് ഞാനീ ചെയ്യുന്നതിലെ വിഡ്ഢിത്തം എനിക്ക് ബോധ്യമായത്. അപകടം വരുമ്പോൾ തല മാത്രം മണ്ണിൽ പൂഴ്ത്തിവെച്ച് ശരീരം മുഴുവൻ പുറത്തുകാണിക്കുന്ന ഒട്ടകപ്പക്ഷിയെപ്പോലെയല്ലേ ഞാൻ പെരുമാറുന്നത്! സ്വയം പരിഹസിച്ചുകൊണ്ട് ഞാൻ അങ്ങനെ കിടന്നു. ചുറ്റും പരന്നുനിന്ന ഉണക്കമീനിന്റെ രൂക്ഷഗന്ധംപോലും ആ നിമിഷം ഞാൻ മറന്നുപോയിരുന്നു. മനസ്സ് മുഴുവൻ പിന്നിൽനിന്ന് അടുത്തുകൊണ്ടിരിക്കുന്ന ആ വാഹനത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു.

Content Highlights: The narrative explores the author’s frustrating encounter with bureaucratic hurdles while attempting to secure travel permission to leave Yemen. Reflecting on systemic restrictions, personal dignity, and arbitrary authority, the account transitions into a tense journey through the desert. It highlights the emotional toll of bureaucratic control over basic human freedom and family reunion.

---- facebook comment plugin here -----

Latest