Ongoing News
ന്യൂസിലാൻഡിനെ 70 റൺസിന് തകർത്ത് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ
വിരാട് കോഹ്‌ലിക്കും ശ്രേയസ് അയ്യർക്കും സെഞ്ച്വറി; മുഹമ്മദ് ഷമിക്ക് ഏഴ് വിക്കറ്റ്
		
      																					
              
              
            മുംബൈ | വിരാട് കോഹ്‌ലിയുടെയും ശ്രേയസ് അയ്യരുടെയും വെടിക്കെട്ട് ബാറ്റിംഗും മുഹമ്മദ് ഷമിയുടെ ബൗൾകരുത്തും കണ്ട പോരാട്ടത്തിൽ കരുത്തരായ ന്യൂസിലാൻഡിനെ നിലംപരിശാക്കി ഇന്ത്യ ലോകക്കപ്പ് ക്രിക്കറ്റ് ഫൈനലിൽ പ്രവേശിച്ചു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി ന്യൂസിലാൻഡിനെ 70 റൺസുകൾക്ക് തകർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. നാളെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക രണ്ടാം സെമിഫൈനൽ ജേതാക്കളുമായി ഇന്ത്യ ഞായറാഴ്ച ഫൈനലിൽ ഏറ്റുമുട്ടും. ഉച്ചക്ക് രണ്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യ ഉയർത്തിയ 398 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗ് തുടങ്ങിയ ന്യൂസിലൻഡ് 48.5 ഓവറിൽ 327 റൺസുകൾക്ക് എല്ലാവരും പുറത്തായി. ഇന്ത്യക്കായി ഏഴ് വിക്കറ്റുകൾ വീഴ്ത്തി മുഹമ്മദ് ഷമി കളിയിലെ താരമായി. ലോകകപ്പിൽ അതിവേഗം 50 വിക്കറ്റുകൾ നേടുന്ന താരമെന്ന ഖ്യാതിയും ഷമിക്ക് സ്വന്തം.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഇന്ത്യ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസെടുത്തു. ലോകകപ്പ് നോക്കൗട്ട് മത്സരത്തിലെ ഏതൊരു ടീമിന്റെയും ഏറ്റവും വലിയ സ്‌കോറാണിത്. നേരത്തെ 393 റൺസായിരുന്നു ഈ റെക്കോർഡ്. വെല്ലിംഗ്ടണിൽ വെസ്റ്റ് ഇൻഡീസിനെതിരെ 2015 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ന്യൂസിലാൻഡാണ് ഈ സ്കോർ നേടിയിരുന്നത്. ഇന്ന് ന്യൂസിലാൻഡിന് എതിരെ കളിച്ച് ഇന്ത്യ ഈ റെക്കോർഡ് മറികടന്നത് കൗതുകകരം.

113 പന്തിൽ 117 റൺസാണ് വിരാട് കോഹ്‌ലി നേടിയത്. അദ്ദേഹത്തിന്റെ ഏകദിന കരിയറിലെ 50ാം സെഞ്ചുറിയാണിത്. ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ബാറ്റ്സ്മാനായി കോഹ്‍ലി മാറി. സച്ചിൻ ടെണ്ടുൽക്കറുടെ 49 സെഞ്ചുറികളുടെ റെക്കോർഡാണ് വിരാട് തകർത്തത്. ശ്രേയസ് അയ്യർ 70 പന്തിൽ 105 റൺസെടുത്തു. ലോകകപ്പിൽ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ് അയ്യർ നേടിയത്. ശുഭ്മാൻ ഗിൽ 66 പന്തിൽ 80 റൺസും ക്യാപ്റ്റൻ രോഹിത് ശർമ 29 പന്തിൽ 47 റൺസും നേടി.
ന്യൂസിലാൻഡിന് വേണ്ടി ഡാരിൽ മിച്ചൽ സെഞ്ച്വറി നേടി. 119 ബോളിൽ നിന്ന് 134 റൺസെടുത്തു. കെയിൻ വില്യംസൺ 69 റൺസെടുത്തു. ഗ്ലെൻ ഫിലിപ്സ് 41 റൺസ് നേടി. രചിൻ രവീന്ദ്രയും ഡെവോൺ കോൺവേയും 13 റൺസുകൾ വീതം നേടി. മാർക്ക് ചാപ്മാൻ രണ്ട് റൺസിന് പുറത്തായി. രണ്ട് പന്തുകൾ നേരിട്ട ടോം ഘാതം റൺസെടുക്കാതെ പുറത്തായി.
ന്യൂസിലൻഡിനായി ടിം സൗത്തി മൂന്ന് വിക്കറ്റുകളും ട്രെൻഡ് ബോൾട്ട് ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ ജസ്പ്രീത് ബുംറയും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          