Connect with us

parliament

വാക്കുകളുടെ മാത്രം വംശഹത്യയാകില്ല

വാക്കുകള്‍ ഇല്ലാതാക്കപ്പെടുന്നതിനെ അസ്വസ്ഥതയേതും കൂടാതെ സ്വീകരിക്കുകയും ഭരണകൂടം നിഷ്‌കര്‍ഷിക്കുന്ന വാക്കുകള്‍ കൊണ്ട് മാത്രം വ്യവഹരിക്കുകയും ചെയ്യുന്ന സമൂഹം ഫാസിസത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ്. അതങ്ങനെ അല്ലാതിരിക്കണമെങ്കില്‍ നമ്മള്‍ അണ്‍ പാര്‍ലിമെന്ററി ആകേണ്ടിയിരിക്കുന്നു.

Published

|

Last Updated

2014ല്‍ ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി പ്രധാനമന്ത്രിപദമേറ്റതിന് ശേഷം സംഘ്പരിവാരത്തിന്റെ തുടര്‍ രാഷ്ട്രീയ പദ്ധതിയില്‍ (പ്രത്യക്ഷ രാഷ്ട്രീയ പദ്ധതിയില്‍) പ്രധാനമായി കേട്ടത് കോണ്‍ഗ്രസ്സ് മുക്ത ഭാരതത്തെക്കുറിച്ചായിരുന്നു. അത് പില്‍ക്കാലത്ത് പ്രതിപക്ഷമുക്ത ഭാരതമെന്ന കുറേക്കൂടി വിശാലമായ ജനാധിപത്യവിരുദ്ധ പരിപാടിയായി മാറുകയും ചെയ്തു. സംഘ്പരിവാരത്തെയും ബി ജെ പിയെയും നരേന്ദ്ര മോദി – അമിത് ഷാ സഖ്യത്തെയും എതിര്‍ക്കുന്നവരെ മാത്രമല്ല, ബി ജെ പിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി അധികാരം പങ്കിടുന്ന പാര്‍ട്ടികളെക്കൂടി ദുര്‍ബലപ്പെടുത്തി, ഏകകക്ഷി ആധിപത്യം സ്ഥാപിക്കുകയും ഇന്ത്യന്‍ യൂനിയനെന്ന സങ്കല്‍പ്പം അവസാനിപ്പിച്ച് സര്‍വാധികാരങ്ങളും കൈയാളുന്ന കേന്ദ്ര ഭരണകൂടത്തെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നത് അക്ഷരാഭ്യാസമുള്ളവര്‍ക്കൊക്കെ മനസ്സിലാകും വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അത്തരമൊന്നുണ്ടായാല്‍ പിന്നെ ഹിന്ദു രാഷ്ട്ര സ്ഥാപനമെന്നത് കേവല വിജ്ഞാപനം മാത്രം വേണ്ടുന്ന ഒന്നായി മാറുമെന്നതില്‍ തര്‍ക്കം വേണ്ട. അവിടേക്കൊക്കെ രണ്ട് ചുവട് നരേന്ദ്ര മോദി സര്‍ക്കാറും സംഘ്പരിവാരവും മുന്നോട്ടുവെച്ച കാഴ്ചയാണ് രാജ്യം അടുത്തിടെ കണ്ടത്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും പാര്‍ലിമെന്റിന്റെ ഇരു സഭകളുമൊക്കെ ചേരുന്ന “സെന്‍ട്രല്‍ വിസ്ത’ എന്ന പുതിയ കെട്ടിടത്തിന് മുകളില്‍ അധികാരമുദ്രയായ അശോക സ്തംഭം സ്ഥാപിക്കുന്ന ചടങ്ങായിരുന്നു ആദ്യത്തേത്. പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികളെ ആരെയും ചടങ്ങിലേക്ക് ക്ഷണിച്ചില്ല. വിവിധ മത – ജാതി വിഭാഗങ്ങളുടെ പ്രതിനിധികള്‍ എത്തിച്ചേരേണ്ട ഇടം, ഹിന്ദുത്വ ആചാര മര്യാദകളോടെ മാത്രം സ്ഥാപിക്കപ്പെടുന്ന, അവ്വിധത്തില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒന്നാകുമെന്ന സൂചന നല്‍കിക്കൊണ്ട്, ചടങ്ങില്‍ പൂജാവിധികള്‍ ഉള്‍പ്പെടുത്തുകയും പ്രധാനമന്ത്രി നേരിട്ട് അതില്‍ പങ്കെടുക്കുകയും ചെയ്തു. പാര്‍ലിമെന്റില്‍ ഉപയോഗിക്കാന്‍ വിലക്കുള്ള പദങ്ങളുടെ എണ്ണം കൂട്ടിക്കൊണ്ടുള്ള തീരുമാനമായിരുന്നു രണ്ടാമത്തേത്. അഴിമതിക്കാരന്‍, നുണ, വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍, ഇരട്ടത്താപ്പുകാരന്‍ തുടങ്ങി ചതി, വഞ്ചന തുടങ്ങി ഭരണ നേതൃത്വത്തെ വിമര്‍ശിക്കാന്‍ പ്രതിപക്ഷ ബഞ്ച് പതിവായി ഉപയോഗിക്കുന്ന പദങ്ങളൊക്കെ പാര്‍ലിമെന്റിന്റെ രേഖകളില്‍ നിന്ന് നീക്കം ചെയ്യേണ്ട, സഭ്യമല്ലാത്ത വാക്കുകളായി മാറി.

“സെന്‍ട്രല്‍ വിസ്ത’ 2024ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ വര്‍ഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എത്തേണ്ട ഇടം അതായിരിക്കും. അവിടെ പ്രതിപക്ഷത്തിന് എന്ത് സ്ഥാനമാണുണ്ടാകുക എന്ന് രാജ്യത്തെ ജനങ്ങളോട് പറയാതെ പറയുകയാണ്, അശോകസ്തംഭം സ്ഥാപിക്കുന്ന ചടങ്ങിലേക്ക് അവരെ വിളിക്കാതിരിക്കുമ്പോള്‍ ഭരണകൂടവും സംഘ്പരിവാരവും ചെയ്തത്. അവിടെ പ്രതിപക്ഷ ശബ്ദമുണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ളതാണ് രണ്ടാമത്തെ ചുവടുവെപ്പ്. ഏറ്റവും വലിയ പ്രതിപക്ഷം വാക്കുകളാണ്. ആ വാക്കുകളുടെ അര്‍ഥവും അതിന്റെ വിശാലതയുമാണ്. ആ വാക്കുകളെ നിയന്ത്രിച്ചാല്‍ പിന്നെ പ്രതിപക്ഷമെന്നത് വെറും അലങ്കാരം മാത്രമാകുമെന്ന തിരിച്ചറിവില്‍ നിന്ന് ഉടലെടുത്ത തന്ത്രം.

“അണ്‍ പാര്‍ലിമെന്ററി’ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയ പദങ്ങള്‍ നിരോധിച്ചവയാണോ എന്ന് ചോദിച്ചാല്‍, സാങ്കേതികമായി അല്ല എന്ന് തന്നെയാണ് ഉത്തരം. പാര്‍ലിമെന്റ് അംഗങ്ങള്‍ ആ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ തടസ്സമൊന്നുമില്ല. പക്ഷേ, അവ രേഖകളിലുണ്ടാകില്ലെന്ന് മാത്രം. രേഖകളില്‍ ഇല്ലാത്തതൊന്നും മാധ്യമങ്ങള്‍ക്ക് എഴുതാനാകില്ല. അതായത്, പ്രതിപക്ഷാംഗങ്ങള്‍ ഈ വാക്കുകള്‍ ഉപയോഗിച്ച് സര്‍ക്കാറിനെ കുറ്റപ്പെടുത്തിയെന്നോ വിമര്‍ശിച്ചുവെന്നോ പൊതു സമൂഹത്തിലേക്ക് എത്തില്ലെന്ന് ചുരുക്കം. ഭരണ നേതൃത്വമോ സര്‍ക്കാര്‍ സംവിധാനങ്ങളോ നുണ പറയുന്നുവെന്ന് പ്രതിപക്ഷം പാര്‍ലിമെന്റില്‍ കുറ്റപ്പെടുത്തിയെന്ന് ആര്‍ക്കുമിനി പറയാനാകില്ല. ഭരണ നേതൃത്വം ഇരട്ടത്താപ്പുകാരാണെന്നോ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നവരാണെന്നോ കുറ്റപ്പെടുത്താനാകില്ല. കുറ്റപ്പെടുത്തിയാല്‍ തന്നെ പാര്‍ലിമെന്റില്‍ അങ്ങനെ ആരോപിച്ചുവെന്ന് ജനമറിയില്ല. ഭരണത്തെ എതിര്‍ക്കുന്നവര്‍, പാര്‍ലിമെന്റിന് പുറത്തുപറയുന്നതൊന്നും പാര്‍ലിമെന്റിനുള്ളില്‍ പറയുന്നില്ലെന്ന “വ്യാജം’ സംഘ്പരിവാര ശൃംഖലകള്‍ക്ക് പ്രചരിപ്പിക്കാന്‍ പ്രയാസമുണ്ടാകില്ലെന്ന് അര്‍ഥം.

പാര്‍ലിമെന്റിലോ നിയമസഭകളിലോ (പാര്‍ലിമെന്റിലെ രേഖകളില്‍ ജീവിക്കാന്‍ യോഗ്യതയില്ലാത്ത വാക്കുകള്‍ രാജ്യത്തെ നിയമസഭകളിലെ രേഖകളിലും ജീവിക്കാന്‍ യോഗ്യതയുള്ളതാകില്ല) വേണ്ടപോലെ ഭരണപക്ഷത്തെ എതിര്‍ക്കാന്‍ ത്രാണിയില്ലാത്തവരെ എന്തിന് ജനപ്രതിനിധികളായി തിരഞ്ഞെടുക്കണമെന്ന ചോദ്യം ഭാവിയില്‍ ജനങ്ങള്‍ക്കിടയില്‍ ഉത്പാദിപ്പിക്കപ്പെടും. ആ ചോദ്യം ഉത്പാദിപ്പിക്കാന്‍ പാകത്തില്‍ വാട്‌സ്ആപ്പ് യൂനിവേഴ്‌സിറ്റികളില്‍ പ്രബന്ധ രചനകള്‍ നടക്കും. സത്യാനന്തര കാലത്ത്, ഈ രചനകളാകും ആധികാരിക രേഖകളായി ഉദ്ധരിക്കപ്പെടുക. അവയെ ചോദ്യം ചെയ്യുന്ന ശബ്ദങ്ങള്‍ പൊതുവില്‍ ദുര്‍ബലമാകുകയും അപൂര്‍വമായുയരുന്ന ശബ്ദങ്ങള്‍ ഭരണകൂടവിരുദ്ധമാകയാല്‍, രാജ്യവിരുദ്ധമായി മാറുകയും ചെയ്യും. ഭരണകൂടത്തെ, അതിന്റെ നേതൃത്വത്തെ വിമര്‍ശിക്കുന്നതോ അവര്‍ക്ക് അലോസരമുണ്ടാക്കും വിധത്തില്‍ പറയാനോ എഴുതാനോ ഉദ്യമിക്കുന്നതോ നിലവില്‍ തന്നെ രാജ്യവിരുദ്ധമാകുമ്പോള്‍ (സിദ്ദീഖ് കാപ്പന്‍ ഉദാഹരണമായി മുന്നിലുണ്ട്) പുതിയ നിയന്ത്രണങ്ങള്‍ വലിയ അവസരമാണ് തീവ്ര ഹിന്ദുത്വത്തിന് തുറന്നുകൊടുക്കുന്നത്.

പ്രധാനമന്ത്രിപദമേറും മുമ്പ് ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ, നിയമസഭയിലെ അത്യപൂര്‍വ സന്ദര്‍ശകനായിരുന്നു നരേന്ദ്ര മോദി. നിയമസഭാ മന്ദിരത്തിലെ തന്റെ മുറിയിലിരുന്ന് സഭാ നടപടികള്‍ വീക്ഷിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയുമായിരുന്നു പതിവെന്ന് അക്കാലം ഗുജറാത്തിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുറിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കൊപ്പിച്ചാണ് സ്പീക്കര്‍ നടപടികളെടുക്കുക. പ്രതിപക്ഷത്തുണ്ടായിരുന്ന കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്ക് മിക്കവാറും സസ്‌പെന്‍ഷനായിരുന്നു ശിക്ഷ. പലപ്പോഴും അത് കൂട്ടത്തോടെയുള്ള സസ്‌പെന്‍ഷനുമാകും. സഭയില്‍ അവശ്യം വേണ്ട ചര്‍ച്ചകള്‍ക്ക് വിധേയമാക്കാതെ, പൊതുജനത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാതെ നിയമ നിര്‍മാണങ്ങള്‍ നടത്തുക എന്നത് പതിവുമായിരുന്നു. ഏതാണ്ടതേ രീതിയാണ് നിയമ നിര്‍മാണത്തിന്റെ കാര്യത്തില്‍ 2014ന് ശേഷമുള്ള പാര്‍ലിമെന്റിനും പറയാനുണ്ടാകുക. പ്രതിപക്ഷാംഗങ്ങളുടെ കൂട്ട സസ്‌പെന്‍ഷനുകളുടെ കാര്യത്തില്‍ ഗുജറാത്ത് മാതൃക അതേപടി നടപ്പാക്കിയില്ലെങ്കിലും ജനാധിപത്യ രീതിയില്‍ പാര്‍ലിമെന്റ് പ്രവര്‍ത്തിക്കുക എന്നത് ഏറെക്കുറെ അന്യമായിരുന്നു. ഗുജറാത്തില്‍ നിന്ന് ഭിന്നമായി, പാര്‍ലിമെന്റില്‍ പ്രതിപക്ഷ നിരയില്‍ തന്നെ ഭിന്നതാത്പര്യമുള്ള ഗ്രൂപ്പുകളുണ്ട് എന്നത്, സസ്‌പെന്‍ഷന്‍ പോലുള്ള നടപടികളില്ലാതെ തന്നെ സ്വേച്ഛ നടപ്പാക്കാനുള്ള അവസരം തുറന്നുകൊടുത്തിരുന്നു. അത് പരമാവധി ഉപയോഗപ്പെടുത്തുമ്പോഴും “പ്രതിപക്ഷമുക്ത ഭാരത’മെന്ന സങ്കല്‍പ്പത്തിലേക്കുള്ള യാത്രയില്‍, നിലവിലുള്ള പ്രതിപക്ഷത്തിന്റെ ശബ്ദത്തിന്റെ കനം കുറക്കുക എന്നത് പ്രധാനമാണല്ലോ!

ആസൂത്രണത്തിന് തീവ്ര വര്‍ഗീയവാദികളും അത് നടപ്പാക്കാന്‍ കോടാലിക്കൈകളാകാന്‍ ജാതിയില്‍ താണവരും അവരുടെ കൊലക്കും കൊള്ളിവെപ്പിനും അരുനില്‍ക്കാന്‍ ഉദ്യോഗസ്ഥരും അവര്‍ക്കൊക്കെ കാവലാളായി അധികാരിയുമുള്ളപ്പോള്‍ മാത്രമല്ല വംശഹത്യകള്‍ അരങ്ങേറുക. വാക്കുകളെ, അവയുടെ ഉചിതമായ പ്രയോഗത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അര്‍ഥസമ്പുഷ്ടമായ അന്തരീക്ഷത്തെ, അതില്‍ നിന്ന് ഉരുവമെടുക്കാന്‍ ഇടയുള്ള പ്രതിഷേധങ്ങളെ ഒക്കെ ഇല്ലായ്മ ചെയ്യുന്നതുമൊരു വംശഹത്യയാണ്. തീവ്ര ഹിന്ദുത്വത്തെ മതനിരപേക്ഷ ജനാധിപത്യം കൊണ്ട് ആദേശം ചെയ്യാന്‍ ഇനിയും സാധിക്കുമെന്ന പ്രതീക്ഷയില്‍ മുന്നോട്ടുനീങ്ങുന്നവരുടെ വംശത്തെ ഇല്ലായ്മ ചെയ്യല്‍. അതിന് നടക്കുന്ന ഗൂഢശ്രമങ്ങളിലെ ഒരേട് മാത്രമാണ് പാര്‍ലിമെന്റില്‍ ഉപയോഗിക്കാന്‍ കഴിയാത്ത പട്ടികയിലേക്ക് പുതിയ പദങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍.

ഇന്ന് പാര്‍ലിമെന്റിന്റെ രേഖകളില്‍ ഇല്ലാതാകുന്ന വാക്കുകള്‍, പാര്‍ലിമെന്റില്‍ ഉപയോഗിച്ചതായി നാളത്തെ മാധ്യമങ്ങളില്‍ ഉണ്ടാകില്ല. ആരോഗ്യകരമായ സംവാദത്തിന് ഈ വാക്കുകള്‍ ഇല്ലാത്തതാണ് നല്ലതെന്ന് അനുഭവത്തില്‍ ബോധ്യപ്പെടുന്നതോടെ (ആ ബോധ്യം, ഏറെ എളുപ്പമുണ്ടാകും ഏകാധിപത്യത്തിന്) പൊതു മണ്ഡലത്തില്‍ ഈ വാക്കുകള്‍ ഉപയോഗിക്കേണ്ടതുണ്ടോ എന്ന ചോദ്യമുയരും. ഇത്തരം വാക്കുകള്‍ സൃഷ്ടിക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക്, ഉദാഹരണങ്ങള്‍ നിരത്താന്‍ ഗോസ്വാമിമാര്‍ നിരന്നുനില്‍ക്കും. ആരോഗ്യകരമായ സംവാദങ്ങളില്‍ മാത്രം ഏര്‍പ്പെടുന്ന സമൂഹം രാജ്യപുരോഗതിക്ക് നല്‍കുന്ന സംഭാവനയുടെ മഹത്വം ഉദ്‌ഘോഷിക്കപ്പെടും. അടിയന്തരാവസ്ഥക്കൊപ്പം പ്രഖ്യാപിച്ച സെന്‍സര്‍ഷിപ്പ്, പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയില്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കാന്‍ വിധേയര്‍ വരിനില്‍ക്കും. ജാതകവശാല്‍ ശേഷം ചിന്ത്യം. വാക്കുകള്‍ ഇല്ലാതാക്കപ്പെടുന്നതിനെ അസ്വസ്ഥതയേതും കൂടാതെ സ്വീകരിക്കുകയും ഭരണകൂടം നിഷ്‌കര്‍ഷിക്കുന്ന വാക്കുകള്‍ കൊണ്ട് മാത്രം വ്യവഹരിക്കുകയും ചെയ്യുന്ന സമൂഹം ഫാസിസത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ്. അതങ്ങനെ അല്ലാതിരിക്കണമെങ്കില്‍ നമ്മള്‍ അണ്‍ പാര്‍ലിമെന്ററി ആകേണ്ടിയിരിക്കുന്നു.