Connect with us

Kerala

കണ്ണൂരില്‍ യുവതി ജീവനൊടുക്കിയ സംഭവം; പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി

റസീനയുടെ സുഹൃത്താണ് മരണത്തിന് പിന്നിലെന്നും പണവും സ്വര്‍ണവും കാണാനില്ലെന്നുമുള്ള മാതാവിന്റെ ആരോപണം പരിശോധിക്കും

Published

|

Last Updated

കണ്ണൂര്‍ |  സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി.റസീനയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നും കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിതിന്‍ രാജ് അറിയിച്ചു.റസീനയുടെ സുഹൃത്താണ് മരണത്തിന് പിന്നിലെന്നും പണവും സ്വര്‍ണവും കാണാനില്ലെന്നുമുള്ള മാതാവിന്റെ ആരോപണം പരിശോധിക്കും. ആത്മഹത്യ കുറിപ്പില്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശമില്ല. സാമ്പത്തികപരമായ എന്തെങ്കിലും ആരോപണങ്ങള്‍ കുടുംബത്തിന് ഉണ്ടെങ്കില്‍ അന്വേഷിക്കുമെന്നും ഇതുവരെ അത്തരത്തിലുള്ള കാര്യങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടില്ലെന്നും കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

റസീന മന്‍സിലില്‍ റസീന(40)യെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുമ്പോള്‍ ഒരു സംഘം ഭീഷണിപ്പെടുത്തിയെന്ന് ആത്മഹത്യാകുറിപ്പിലുണ്ട്. യുവതിയുടെയും സുഹൃത്തിന്റെയും കൈയില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ പ്രതികളില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. അറസ്റ്റിലായവരില്‍ ഒരാള്‍ റസീനയുടെ ബന്ധുവാണെന്നും പോലീസ് അറിയിച്ചു.

സംഭവത്തില്‍ പറമ്പായി സ്വദേശികളായ എം സി മന്‍സിലില്‍ വി സി മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ. റഫ്‌നാസ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.യുവതിയുടെ ആത്മഹത്യക്കുറിപ്പില്‍നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചു.

ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കവെയാണ് അറസ്റ്റിലായവര്‍ ഉള്‍പ്പെടെയുള്ള സംഘമെത്തി ഭീഷണിപ്പെടുത്തിയത്. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയുമുണ്ടായി.അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു.

റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകി യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു.