Connect with us

National

ഉദ്ധവിന് തിരിച്ചടി; മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പിന് സുപ്രീം കോടതിയുടെ പച്ചക്കൊടി

മൂന്ന് മണിക്കൂറിലേറെ നീണ്ട തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് ഹര്‍ജിയില്‍ കോടതി തീര്‍പ്പ് പറയുന്നത്.

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ ഒരാഴ്ചയിലേറെയായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ തീര്‍പ്പ് കല്‍പ്പിച്ച് സുപ്രീം കോടതി.  മഹാരാഷ്ട്ര സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ട് തേടണമെന്ന് സുപ്രീം കാേടതി വ്യക്തമാക്കി. ഉദ്ധവ് സർക്കാർ സഭയിൽ വിശ്വാസ വോട്ട് തേടണമെന്ന ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ ഉത്തരവ് സ്റ്റേ ചെയ്യാനില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. ഗവർണറുടെ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ പക്ഷം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിർണായക തീരുമാനം.

ഇ ഡി അറസ്റ്റ് ചെയ്ത എന്‍ സി പിയുടെ നിയമസഭാംഗങ്ങളായ അനില്‍ ദേശ്മുഖിനും നവാബ് മാലികിനും അവിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. നേരത്തേ ബോംബെ ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അവിശ്വാസ വോട്ടെടുപ്പിന്റെ ഫലത്തിന്റെ സാധുത, ശിവസേനാ വിമത എം എല്‍ എമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധിക്ക് അനുസൃതമായിരിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മൂന്ന് മണിക്കൂറിലേറെ നീണ്ട തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് ഹര്‍ജിയില്‍ കോടതി തീര്‍പ്പ് പറഞ്ഞത്. എല്ലാ കക്ഷികളുടയെും വാദം കോടതി വിശദമായി കേട്ടു. ശിവസേനയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയാണ് കോടതിയില്‍ ഹാജരായത്. അതേസമയം, ഷിന്‍ഡെ വിഭാഗത്തിന് വേണ്ടി അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍ വാദിച്ചു. ഗവര്‍ണര്‍ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

ഗവര്‍ണറുടെത് ധൃതി പിടിച്ച തീരുമാനമാണെന്ന് ശിവസേന കോടതിയില്‍ വാദിച്ചു. യോഗ്യതയുള്ള റല്ലാ അംഗങ്ങള്‍ക്കും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണം. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിദേശത്താണുള്ളതെന്നും ശിവസേന വ്യക്തമാക്കി. യഥാര്‍ഥ ഭൂരിപക്ഷം തെളിയിക്കാനാണ് വോട്ടെടുപ്പ് വേണ്ടതെന്നും ശിവസേനയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

വിശ്വാസ വോട്ടെടുപ്പ് വൈകുന്നത് ഭരണഘടനക്ക് പരിക്കേല്‍പ്പിക്കുമെന്നായിരുന്നു വിമതരുടെ വാദം. കുതിരക്കച്ചവടം തടയാന്‍ മാര്‍ഗം വിശ്വാസ വോട്ടെടുപ്പാണെന്നും അവര്‍ വാദിച്ചു. തങ്ങളാണ് യഥാര്‍ഥ ശിവസേനയെന്നും വിമതര്‍ കോടതിയില്‍ വാദിച്ചു.

സുപ്രിം കോടതി വിധി എതിരായാല്‍ വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ രാജിവെക്കാനാണ് ഉദ്ധവ് താക്കറെ പക്ഷത്തിന്റെ തീരുമാനം. കോടതി വിധി അനുകൂലമായാല്‍ താക്കറെക്ക് അധികാരത്തില്‍ തുടരാനാകും.