Connect with us

Economic Reservation

പരമോന്നത നീതിപീഠം "നീറ്റാ'ക്കുമോ?

സാമ്പത്തിക സംവരണത്തിനുള്ള വാർഷിക കുടുംബ വരുമാന പരിധി ഒ ബി സി ക്രീമീലെയർ പരിധിക്ക് സമാനമായി എട്ട് ലക്ഷമായി ഉയർത്താനുള്ള ശിപാർശ പിന്നാക്ക സംവരണം വെട്ടിക്കുറക്കാനുള്ള ഗൂഢനീക്കമാണ്.

Published

|

Last Updated

സംവരണം എന്നും വലിയ ചർച്ചക്ക് വിധേയമായ ഒരു വിഷയമാണ്. പിന്നാക്ക സംവരണം രാജ്യത്ത് ഏർപ്പെടുത്തിയ സമയത്ത് അതിനെതിരായി നടന്ന രക്തരൂഷിതമായ പ്രക്ഷോഭങ്ങൾ മറക്കാൻ സമയമായിട്ടില്ല. എങ്കിലും സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരുടെ അവകാശങ്ങൾ ഒരു പരിധിവരെയെങ്കിലും അംഗീകരിക്കാൻ ഈ സംവരണംകൊണ്ട് കഴിഞ്ഞുവെന്ന് സമാശ്വസിക്കുന്നവരുണ്ട്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒന്നാം എൻ ഡി എ സർക്കാറാണ് മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് സാമ്പത്തിക സംവരണം ഈ രാജ്യത്ത് നടപ്പിലാക്കിയത്. സാമ്പത്തിക സംവരണം സംവരണ തത്വത്തിന്റെ അടിത്തറ തകർക്കുന്നതാണെന്നും ഇത് ഭാവിയിൽ സംവരണം തന്നെ ഇല്ലാതാക്കാനായിരിക്കും സഹായിക്കുകയെന്നും അന്ന് ബുദ്ധിയുള്ളവർ ചൂണ്ടിക്കാട്ടിയിട്ടുമുണ്ടായിരുന്നു. എന്താണ് സംവരണത്തിന്റെ അടിത്തറയെന്ന് ഇവിടെ പരിശോധിക്കേണ്ടതുണ്ട്. പട്ടികജാതി- പട്ടികവർഗക്കാർക്കാണ് ആദ്യം ഭരണഘടനയിൽ തന്നെ സംവരണം ഏർപ്പെടുത്തിയത്. മൂന്ന് പതിറ്റാണ്ട് മുമ്പാണ് പിന്നാക്ക സംവരണം ഭരണഘടനയിൽ കൂട്ടിച്ചേർത്തത്.

സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും പിന്നാക്കം നിൽക്കുന്ന സമുദായക്കാർക്ക് പ്രത്യേക സംവരണം ഭരണഘടനയിൽ നൽകിയതിനെചൊല്ലി ചിലർ ഭരണഘടനയെത്തന്നെ വിമർശിച്ചിട്ടുണ്ട്. ഈ വകുപ്പിൽ അടങ്ങിയിരിക്കുന്ന വിവേകത്തെ പ്രശംസിച്ചുകൊണ്ട് ഡോ. അംബേദ്കർ ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: ‘എന്നെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കിൽ പിന്നാക്ക സമുദായങ്ങൾക്ക് ഇങ്ങനെ ചില സംരക്ഷണങ്ങൾ ഭരണഘടനാ നിർമാണസഭ വ്യവസ്ഥ ചെയ്തിട്ടുളളത് തികച്ചും ബുദ്ധിപൂർവമാണെന്ന കാര്യത്തിൽ അശേഷം സംശയമില്ല’.

പിന്നാക്ക സമുദായങ്ങൾക്ക് സർക്കാർ സർവീസുകളിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ വിവിധ വശങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്ന സുപ്രധാന രേഖയാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്. ഈ റിപ്പോർട്ടിലെ ശിപാർശകളെ പ്രായോഗികമാക്കാനായി 1990ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നടപടികൾ വലിയ അക്രമത്തിന് കളമൊരുക്കിയ കാര്യം നേരത്തേ സൂചിപ്പിച്ചല്ലോ. ഇതേതുടർന്നാണ് ഇന്ദ്രാസാഹ്‌നി കേസിലെ (1992) സുപ്രധാനമായ വിധി. ഒമ്പത് ജഡ്ജിമാരടങ്ങിയ കോടതിയുടെ ഭരണഘടനാ ബഞ്ചാണ് ഈ കേസിൽ ദീർഘവും ആധികാരികവുമായ വിധിയെഴുതിയത്.

പിന്നാക്ക സംവരണത്തിന് ഒരിക്കലും സാമ്പത്തികം ഒരു മാനദണ്ഡമല്ല. സാമൂഹികമായും സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും പിന്നണിയിലായ വലിയൊരു ശതമാനം വരുന്ന ജനസമൂഹത്തെ ഉയർത്തിക്കൊണ്ട് വരുന്നതിനാണിത്. ഇക്കൂട്ടരിൽ മഹാഭൂരിപക്ഷവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ടിട്ടുപോലുമില്ല. ഇക്കൂട്ടരിലും സാമ്പത്തികമായി ഉയർന്ന ഒരു ചെറിയ വിഭാഗമുണ്ട്. അവരെ ഉദ്ദേശിച്ചാണ് പിന്നോക്ക സംവരണത്തിൽ ക്രിമീലെയർ ഏർപ്പെടുത്തിയത്. സാമൂഹികമായ വലിയ പിന്നാക്കാവസ്ഥ ഉണ്ടെന്നുള്ളത് അംഗീകരിച്ചുകൊണ്ടാണ് ഇക്കൂട്ടർക്ക് എട്ട് ലക്ഷം രൂപ വാർഷിക വരുമാന പരിധി നിശ്ചയിച്ചത്. ഈ തുക തന്നെ സാമൂഹികമായോ വിദ്യാഭ്യാസപരമായോ സാംസ്‌കാരികമായോ പിന്നണിയിലല്ലാത്ത സാമ്പത്തിക സംവരണത്തിന്റെ പരിധിയിൽ വരുന്ന മുന്നാക്ക സമുദായങ്ങൾക്ക് ഏർപ്പെടുത്തുന്നതിൽ യാതൊരു നീതീകരണവുമില്ല.

മുന്നാക്ക സമുദായ സംവരണത്തിന് എട്ട് ലക്ഷം രൂപ വാർഷിക വരുമാന പരിധി വസ്തുതകളുമായി ബന്ധമുള്ളതല്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ 10 ശതമാനം മുന്നാക്ക സംവരണത്തിനുള്ള മാനദണ്ഡത്തിൽ ഇളവ് വരുത്തിയ വിദഗ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ചതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കമായവരെ കണ്ടെത്താനുള്ള മാനദണ്ഡത്തിൽ നിന്ന് വീടിന്റെയും പുരയിടത്തിന്റെയും വലിപ്പം വിദഗ്ധ സമിതി ഒഴിവാക്കിയിരുന്നു. പ്രവേശന നടപടികൾക്കിടയിൽ സാമ്പത്തിക മാനദണ്ഡങ്ങൾ മാറ്റുന്നത് സങ്കീർണതകൾ ഉണ്ടാക്കുമെന്നതിനാൽ പുതിയത് അടുത്ത അധ്യയന വർഷം നടപ്പാക്കുമെന്നും ഇപ്പോൾ തത്സ്ഥിതി തുടരുമെന്നും കേന്ദ്രസർക്കാർ അറിയിക്കുകയാണുണ്ടായത്.
അതേസമയം കുടുംബത്തിന്റെ ഉയർന്ന വാർഷിക വരുമാന പരിധി എട്ട് ലക്ഷം രൂപ ആക്കിയതും അഞ്ച് ഏക്കർ കൃഷിഭൂമിയുള്ളവരെ മുന്നാക്ക സംവരണത്തിൽ നിന്ന് ഒഴിവാക്കിയതും അതേപോലെ തുടരണമെന്നാണ് സത്യവാങ്മൂലത്തിനോടൊപ്പം സമർപ്പിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലുണ്ടായിരുന്നത്.

പാർപ്പിടത്തിന്റെയും പുരയിടത്തിന്റെയും വലിപ്പം മാനദണ്ഡമാക്കുന്നത് സങ്കീർണമായ പ്രശ്‌നമാണെന്ന് വിദഗ്ധ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സ്വത്തു നിർണയത്തിന് വീടിന്റെയും പുരയിടത്തിന്റെയും വലിപ്പം നോക്കുമ്പോൾ തന്നെ ആഭരണങ്ങളുടേയും സ്ഥിരനിക്ഷേപങ്ങളുടെയോ മ്യൂച്ചൽ ഫണ്ടുകളുടേയോ ഓഹരികളുടേയോ കണക്കു നോക്കുന്നില്ലെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. സ്വത്തിനുള്ള നികുതി ഇല്ലാതായതിനാൽ ഒ ബി സി ക്രീമീലെയറിലും സ്വത്തടിസ്ഥാനമാക്കിയുള്ള മാനദണ്ഡമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ആയിരമോ അതിലധികമോ ചതുരശ്ര അടി വലിപ്പമുള്ള വീടുള്ളവരും മുനിസിപ്പൽ പ്രദേശങ്ങളിൽ 100 ചതുരശ്രയടിയോ (2.07 സെന്റ്) അതിലധികമോ, മുനിസിപ്പൽ അല്ലാത്ത പ്രദേശങ്ങളിൽ 200 ചതുരശ്രയടിയോ (4.13 സെന്റ്) അതിലധികമോ ഭൂമിയുള്ളവരും മാനദണ്ഡത്തിലെ പുതിയ ഇളവോടെ മുന്നാക്ക സംവരണത്തിന് അർഹരാകും.
അഞ്ച് ലക്ഷത്തിലേറെ രൂപ വരുമാനമുള്ളവർ ആദായനികുതി നൽകണമെങ്കിലും നിക്ഷേപം, ഇൻഷ്വറൻസ് തുടങ്ങിയവരുടെ പേരിലുള്ള വിവിധ ഇളവുകളിലൂടെ ശരാശരി ഏഴ് മുതൽ എട്ട് ലക്ഷം രൂപവരെ വരുമാനമുള്ളയാളും ആദായനികുതിയിൽ നിന്നും ഒഴിവാകുന്നുണ്ടെന്ന് മുൻ ധനകാര്യ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ അധ്യക്ഷനായ വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക സംവരണത്തിനുള്ള വാർഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയിലും താഴേക്ക് കൊണ്ടുവരരുതെന്ന് കമ്മിറ്റി ആവശ്യപ്പെടുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

സാമ്പത്തിക സംവരണത്തിനുള്ള വാർഷിക കുടുംബ വരുമാന പരിധി ഒ ബി സി ക്രീമീലെയർ പരിധിക്ക് സമാനമായി എട്ട് ലക്ഷമായി ഉയർത്താനുള്ള ശിപാർശ പിന്നാക്ക സംവരണം വെട്ടിക്കുറക്കാനുള്ള ഗൂഢനീക്കമാണ്. പിന്നാക്കക്കാരുടെ സാമൂഹിക പിന്നാക്കാവസ്ഥയും മുന്നാക്കക്കാരുടെ ദാരിദ്ര്യവും കൂട്ടിക്കുഴച്ച് രണ്ടിനും ഒരേ മാനദണ്ഡമാക്കാനുള്ള ശിപാർശ അംഗീകരിച്ചാൽ ഭരണഘടന വിഭാവനം ചെയ്യുന്ന പിന്നാക്ക സംവരണത്തിന്റെ അന്തസ്സത്ത തകരും. അർഹമായ പല പിന്നാക്കക്കാർക്കും സംവരണം നഷ്ടപ്പെടുകയും മുന്നാക്കക്കാരെ സംവരണത്തിലൂടെ തിരുകിക്കയറ്റുകയുമാകും ഫലം.

27 ശതമാനം ഒ ബി സി സംവരണത്തിനു പുറമേ പത്ത് ശതമാനം മുന്നാക്ക സംവരണത്തിനും സാമ്പത്തിക പരിധി എട്ട് ലക്ഷം രൂപയാക്കാനുള്ള കേന്ദ്ര തീരുമാനത്തെ കഴിഞ്ഞ ഒക്‌ടോബറിലാണ് സുപ്രീം കോടതി ചോദ്യം ചെയ്തത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്ക് സംവരണത്തിനുള്ള വരുമാന പരിധി അതല്ലാത്ത വിഭാഗങ്ങൾക്കും ഏർപ്പെടുത്തുന്നത് എങ്ങനെ ശരിയാകും എന്നാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, വിക്രം നാഥ്, വി വി നാഗരത്‌ന എന്നിവർ ഉൾപ്പെട്ട ബഞ്ച് ചോദിച്ചത്. എട്ട് ലക്ഷം വരുമാന പരിധി രണ്ട് വ്യത്യസ്ത വിഭാഗക്കാർക്ക് ഉപയോഗിക്കുന്നതിലൂടെ അസമത്വത്തെ സമമാക്കുകയാണെന്നും അന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച സുപ്രീംകോടതിയുടെ വിധി പുറത്തുവന്നിരിക്കുകയാണ്. അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്)യുടെ ബിരുദ- ബിരുദാനന്തര കോഴ്‌സുകളിൽ (2021-22) നിലവിലുള്ള 27 ശതമാനം ഒ ബി സി സംവരണത്തിന്റെയും 10 ശതമാനം സാമ്പത്തിക പിന്നാക്ക വിഭാഗം സംവരണത്തിന്റെയും അടിസ്ഥാനത്തിൽ പ്രവേശന നടപടികൾ ആരംഭിക്കാൻ സുപ്രീം കോടതിയുടെ അനുമതി ലഭിച്ചിരിക്കുകയാണ്.

27 ശതമാനം ഒ ബി സി സംവരണത്തിന്റെ ഭരണഘടനാ സാധുത ശരിവെച്ച കോടതി സാമ്പത്തിക സംവരണത്തിനായുള്ള നിലവിലെ മാനദണ്ഡമായ എട്ട് ലക്ഷം രൂപ വാർഷിക വരുമാന പരിധിയും താത്കാലികമായി അംഗീകരിച്ചു. ഈ വർഷത്തെ പ്രവേശന നടപടികൾ കൂടുതൽ വൈകാതിരിക്കുവാനാണിത്. എന്നാൽ 2014 ജൂലൈയിലെ സർക്കാർ ഉത്തരവനുസരിച്ചുള്ള സാമ്പത്തിക മാനദണ്ഡം ഭാവിയിലെ പ്രവേശന നടപടികളുടെ കാര്യത്തിൽ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എ എസ് ബൊപ്പണ്ണയും ഉൾപ്പെട്ട ബഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

2021- 22 വർഷത്തെ പ്രവേശന നടപടികൾ തടസ്സപ്പെടാതിരിക്കാൻ മാത്രമാണ് 2019ല സർക്കാർ ഉത്തരവിന് ആധാരമായ പാണ്ഡെ സമിതി ശിപാർശകൾ കോടതി അംഗീകരിച്ചത്. സമിതി ശിപാർശയുടെ സാധുത സംബന്ധിച്ച് മാർച്ച് മൂന്നാം വാരം അന്തിമവാദം കേൾക്കും. 2021ലെ നീറ്റ് ബിരുദ-ബിരുദാനന്തര പരീക്ഷ എഴുതിയവരിലെ സാമ്പത്തിക പിന്നാക്ക വിഭാഗത്തെ കണ്ടെത്താൻ മാത്രമായിരിക്കും നിലവിലെ വരുമാന പരിധി മാനദണ്ഡം ബാധകമാക്കുക.

27 ശതമാനം ഒ ബി സി സംവരണം അനുവദിക്കുന്നതിന്റെ ഭരണഘടനാ സാധുത അംഗീകരിച്ച കോടതി ഇക്കാര്യത്തിൽ ഇനി വാദം കേൾക്കില്ലെന്ന് വ്യക്തമാക്കിയത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്. അതേസമയം മുന്നാക്ക സംവരണം സംബന്ധിച്ച ഹരജികളിലെ അന്തിമ തീർപ്പിന്റ അടിസ്ഥാനത്തിലായിരിക്കും ഭാവിയിൽ വ്യവസ്ഥകൾ തീരുമാനിക്കുകയെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.

എന്തായാലും സാമൂഹികമായി പിന്നാക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള വരുമാനപരിധി തന്നെ മുന്നാക്ക സമുദായത്തിലുള്ളവരുടെ സാമ്പത്തിക സംവരണത്തിൽ ഏർപ്പെടുത്തുന്നതിന് യാതൊരു നീതീകരണവുമില്ല. ഈ വിഭാഗത്തിന് അവർക്ക് അർഹമായതിലും കൂടുതൽ പ്രാതിനിധ്യം ഇന്ന് സർക്കാർ സർവീസുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുണ്ട്. അതുകൊണ്ട് പിന്നാക്ക സംവരണവും മുന്നാക്കക്കാരുടെ സാമ്പത്തിക സംവരണവും രണ്ടായിത്തന്നെ ഭരണാധികാരികൾ കാണേണ്ടതാണ്. സർക്കാറിന്റെ ഇച്ഛക്കനുസൃതമായി എഴുതിയുണ്ടാക്കിയ വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക സംവരണത്തിന്റെ വരുമാന പരിധി എട്ട് ലക്ഷമാക്കുന്നത് ഒരു നിലക്കും ന്യായീകരിക്കാനാകില്ല. ഇത് രാജ്യത്തെ സാമൂഹിക യാഥാർഥ്യങ്ങളോട് ഒരിക്കലും യോജിച്ച് പോകുന്നതുമല്ല. എന്തായാലും ഈ രീതിയിൽ തന്നെയാണ് പരമോന്നത കോടതിയും ചിന്തിക്കുന്നത് എന്നതിന്റെ പ്രതിഫലനം തന്നെയാണ് പുതിയ സുപ്രീംകോടതി വിധി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഈ ഒരു വർഷത്തേക്ക് മാത്രമാണ് എട്ട് ലക്ഷം രൂപ വാർഷിക വരുമാന പരിധി കോടതി അംഗീകരിച്ചിരിക്കുന്നത്. അന്തിമ വിധിയിൽ ഇത് തിരുത്തുമെന്ന് പ്രത്യാശിക്കാം. അങ്ങനെ പരമോന്നത നീതിപീഠം സംവരണത്തിന്റെ അന്തസ്സത്ത ഉയർത്തിപ്പിടിക്കണമെന്നാണ് മതേതര വിശ്വാസികളുടെ ആഗ്രഹം

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest