Kerala
മുഖ്യമന്ത്രിയുടെ ധിക്കാരത്തിന് മുന്നില്‍ തലകുനിക്കില്ല: പ്രതിപക്ഷ നേതാവ്
പ്രതിപക്ഷവുമായി ഒരു ചര്‍ച്ചക്കുമില്ലെന്ന സര്‍ക്കാറിന്റെ ധിക്കാരപരമായ നിലപാടാണ് നിയമസഭാ നടപടികള്‍ ഗില്ലറ്റിന്‍ ചെയ്യേണ്ട അവസ്ഥയിലേക്കെത്തിച്ചത്.
തിരുവനന്തപുരം | പ്രതിപക്ഷവുമായി ഒരു ചര്‍ച്ചക്കുമില്ലെന്ന സര്‍ക്കാറിന്റെ ധിക്കാരപരമായ നിലപാടാണ് നിയമസഭാ നടപടികള്‍ ഗില്ലറ്റിന്‍ ചെയ്യേണ്ട അവസ്ഥയിലേക്കെത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം കവര്‍ന്നെടുക്കാനും പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനും വിമര്‍ശങ്ങളോടുള്ള അസഹിഷ്ണുതയുമാണ് സര്‍ക്കാറിനെക്കൊണ്ട് ഈ തെറ്റ് ചെയ്യിച്ചത്. മുഖ്യമന്ത്രിയുടെ ധിക്കാരത്തിന് മുന്നില്‍ തലകുനിക്കില്ലെന്നും നിയമസഭക്ക് പുറത്ത് മാധ്യമങ്ങളെ കാണവേ പ്രതിപക്ഷ നേതാവ് പറഞ്ഞു.
വാദികളായ എം എല്‍ എമാര്‍ക്കെതിരെ പത്ത് വര്‍ഷത്തെ തടവ് ശിക്ഷ കിട്ടുന്ന ജാമ്യമില്ലാത്ത കേസെടുത്ത് അപമാനിക്കാനുള്ള ശ്രമം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായി. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് നടുത്തളത്തില്‍ സത്യഗ്രഹം നടക്കുന്നതെന്ന വാദം തെറ്റാണ്. നടുത്തളത്തില്‍ സത്യഗ്രഹം നടത്തിയ പ്രതിപക്ഷ നേതാവ് ഏറ്റവും മോശം പ്രതിപക്ഷ നേതാവാണെങ്കില്‍ ആ കൂട്ടത്തില്‍ ഇ എം എസും വി എസ് അച്യുതാനന്ദനും ഉണ്ടാകും.
സര്‍ക്കാറിന്റെ കെടുകാര്യസ്ഥത കൊണ്ട് സംസ്ഥാനത്തിന് 25,000 കോടി നഷ്ടപ്പെട്ട ഐ ജി എസ് ടി വിഷയത്തില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ല. സര്‍ക്കാറിന്റെ പിടിപ്പുകേട് പുറത്ത് വരുമെന്ന പേടിയായിരുന്നു ഇതിന് കാരണം. കെ എസ് ആര്‍ ടി സി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുമ്പോള്‍ അതും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിച്ചില്ല. കരാറുകാരനുമായി ചേര്‍ന്ന് ബ്രഹ്മപുരത്ത് ജനങ്ങളെ വിഷപ്പുകയില്‍ മുക്കിക്കൊന്നതിനെതിരെ പ്രതിഷേധിച്ച ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല. പതിനാറുകാരി പട്ടാപ്പകല്‍ അപമാനിക്കപ്പെട്ടിട്ടും സ്ത്രീ സുരക്ഷയെ കുറിച്ചും ചര്‍ച്ച പാടില്ലെന്ന ധിക്കാരപരമായ നിലപാടായിരുന്നു സര്‍ക്കാറിന്. ഇതിനൊക്കെ എതിരെയാണ് പ്രതിപക്ഷം വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയത്.
സമരത്തിന് കേരള ജനത നല്‍കിയ പിന്തുണയില്‍ അഭിമാനമുണ്ടെന്നും യു ഡി എഫ് തീരുമാനത്തിന്റെ ഭാഗമായാണ് പ്രതിപക്ഷം പോരാട്ടം നടത്തിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.