Connect with us

Articles

മമത ചുവട് മാറുമോ?

പ്രതിപക്ഷ ഐക്യ നീക്കത്തില്‍ നിന്ന് മമതയെ പിന്തിരിപ്പിക്കാനുള്ള കരുനീക്കങ്ങളാണ് യഥാര്‍ഥത്തില്‍ ബി ജെ പി തുടങ്ങിയിരിക്കുന്നത്. അതിന്റെ ഭാഗമായാണ് സി വി ആനന്ദ ബോസിനെ അവിടെ ഗവര്‍ണറായി നിയമിച്ചതെന്ന വാദവും ശക്തിപ്പെടുന്നുണ്ട്. പ്രതിപക്ഷ മുന്നണിയുടെ നേതൃത്വത്തിലേക്ക് അവര്‍ വരുമോ എന്ന സംശയം ഒരുഘട്ടത്തിലുണ്ടായതാണ്. ഇതിന് വിലങ്ങുതടിയിടുക എന്ന തന്ത്രം തന്നെയാണ് ബി ജെ പി ലക്ഷ്യമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

Published

|

Last Updated

പശ്ചിമ ബംഗാള്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു സംസ്ഥാനമാണ്. മൂന്ന് പതിറ്റാണ്ടോളം കാലം ഈ സംസ്ഥാനം ഇടതുപക്ഷ ഭരണത്തിലായിരുന്നു. എന്നാല്‍ സംസ്ഥാനം ഇപ്പോള്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സാണ് ഭരിക്കുന്നത്. തൃണമൂലിനെ പുറത്താക്കാന്‍ ബി ജെ പി സകല കരുനീക്കങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. ബി ജെ പി അതിനുള്ള ശ്രമം തുടരുമ്പോഴും കടുത്ത ബി ജെ പി വിരുദ്ധ നിലപാടുമായി മമതാ ബാനര്‍ജി മുന്നോട്ട് പോകുകയാണുണ്ടായത്. മോദി സര്‍ക്കാറിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങളും ഈ ഘട്ടത്തില്‍ മമത സ്വീകരിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ശാരദാ ചിട്ടി ഫണ്ട് അഴിമതി ആരോപണങ്ങള്‍ ബലപ്പെടുത്തി മമതയുടെ ഏറ്റവും അടുത്തവരും ബന്ധുക്കളുമായ നേതാക്കളെ സി ബി ഐ കുടുക്കിയത്. മമതയെ തങ്ങളുടെ വരുതിക്ക് നിര്‍ത്താന്‍ ഇതുകൊണ്ട് മാത്രം കഴിയില്ലെന്ന് ബി ജെ പി നേതൃത്വം തിരിച്ചറിഞ്ഞു.

പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറും ഇപ്പോള്‍ വൈസ് പ്രസിഡന്റുമായ ജഗ്ദീപ് ധന്‍കറും മമതയുമായുള്ള സംഘര്‍ഷം സംസ്ഥാനത്ത് മൂര്‍ച്ഛിക്കുന്ന ഘട്ടമെത്തി. ഗവര്‍ണര്‍ മമതക്കെതിരായി ശക്തമായ നിലപാട് കൈക്കൊള്ളുകയും ചെയ്തു. സംസ്ഥാനത്ത് ഭരണ സ്തംഭനം ഉണ്ടാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തിരുന്നു. ആ ഗവര്‍ണര്‍ പിന്നീട് രാജ്യത്തിന്റെ വൈസ് പ്രസിഡന്റായി. അദ്ദേഹത്തിന് പകരം ഇപ്പോള്‍ നിയമിതനായ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് മുന്‍ ഗവര്‍ണറുടെ നിലപാടിന് കടകവിരുദ്ധമായ സമീപനമാണ് കൈക്കൊണ്ടുവരുന്നത്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാറുമായുള്ള സംഘര്‍ഷം ഏതാണ്ട് അവസാനിച്ച സ്ഥിതിയാണ് നിലവില്‍. അതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്.

ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനായുള്ള പ്രവര്‍ത്തനം വിവിധ കോണുകളില്‍ നടന്നുവരികയാണല്ലോ. ഇതില്‍ നിര്‍ണായകമായ പങ്കുവഹിക്കേണ്ട ഒരാളാണ് മമതാ ബാനര്‍ജി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രതിപക്ഷ ഐക്യ നീക്കത്തില്‍ നിന്ന് മമതയെ പിന്തിരിപ്പിക്കാനുള്ള കരുനീക്കങ്ങളാണ് യഥാര്‍ഥത്തില്‍ ബി ജെ പി തുടങ്ങിയിരിക്കുന്നത്. അതിന്റെ ഭാഗമായാണ് സി വി ആനന്ദ ബോസിനെ അവിടെ ഗവര്‍ണറായി നിയമിച്ചതെന്ന വാദവും ശക്തിപ്പെടുന്നുണ്ട്. ഗവര്‍ണറായി അധികാരമേറ്റെടുത്ത ദിവസം മുതല്‍ മുന്‍ ഗവര്‍ണറുടെ നിലപാടിന് വിരുദ്ധമായി മമതാ ബാനര്‍ജിയെ പ്രശംസിച്ചും തൃണമൂല്‍ സര്‍ക്കാറിനെ അഭിനന്ദിച്ചുമാണ് പുതിയ ഗവര്‍ണര്‍ മുന്നോട്ടു പോകുന്നത്. രാഷ്ട്ര തന്ത്രജ്ഞരും രാഷ്ട്രീയ നേതാക്കളും എഴുത്തുകാരുമായ വാജ്പയിയെയും എ പി ജെ അബ്ദുല്‍ കലാമിനെയും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെയും പോലെയാണ് മമതയെന്നായിരുന്നു ആനന്ദ ബോസിന്റെ പ്രശംസ. എന്നാല്‍ ഗവര്‍ണറുടെ പരാമര്‍ശം സംസ്ഥാന ബി ജെ പി നേതാക്കളുടെ രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കി.

നേരത്തേ പശ്ചിമ ബംഗാള്‍ സര്‍ക്കാറും മമതാ ബാനര്‍ജിയും ബി ജെ പിക്കെതിരെ ശക്തമായ നീക്കമാണ് നടത്തിയിരുന്നത്. പ്രതിപക്ഷ മുന്നണിയുടെ നേതൃത്വത്തിലേക്ക് അവര്‍ വരുമോ എന്ന സംശയം പോലും ഒരുഘട്ടത്തിലുണ്ടായതാണ്. ഇതിന് തടയിടുക എന്ന തന്ത്രം തന്നെയാണ് പുതിയ ഗവര്‍ണറുടെ നിയമനത്തില്‍ കൂടി ബി ജെ പി ലക്ഷ്യമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അതിന്റെ പ്രത്യക്ഷ ഫലവും ഇതിനകം ഉണ്ടായിട്ടുണ്ട്. പാര്‍ലിമെന്റില്‍ പ്രതിപക്ഷം കഴിഞ്ഞയാഴ്ച വിളിച്ചുകൂട്ടിയ പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ മമത പങ്കെടുത്തിരുന്നില്ല.

മാത്രമല്ല, രാഹുല്‍ ഗാന്ധി നടത്തിയ ജോഡോ യാത്രയുടെ കശ്മീരിലെ സമാപന യോഗത്തിലും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം മമതാ ബാനര്‍ജിയോ തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രതിനിധിയോ പങ്കെടുത്തില്ല. തെലുഗു ദേശവും മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും വിളിച്ചുകൂട്ടിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ നിന്നും മമതാ ബാനര്‍ജി വിട്ടുനിന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ സമീപനമാണ് അവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ ഐക്യം ദുര്‍ബലപ്പെടുത്തുന്നതിന് മാത്രമേ മമതയുടെ ഈ നിലപാട് സഹായിക്കുകയുള്ളൂ എന്ന കാര്യത്തില്‍ സംശയമില്ല. മമതാ ബാനര്‍ജി ഇതിനു മുമ്പ് ബി ജെ പിയോടൊപ്പം നിലകൊണ്ടിട്ടുണ്ട്. ബി ജെ പി മന്ത്രിസഭയില്‍ അവര്‍ അംഗവുമായിട്ടുണ്ട്. ബി ജെ പിയെ സംബന്ധിച്ചിടത്തോളം രാജ്യത്ത് വളര്‍ന്നുവരുന്ന പ്രതിപക്ഷ ഐക്യത്തെ മമതയെ ഉപയോഗിച്ച് തകര്‍ക്കുകയാണ് മുഖ്യലക്ഷ്യം. ഇക്കാര്യത്തില്‍ ശക്തമായ ഒരു ആയുധമായി ബംഗാള്‍ ഗവര്‍ണര്‍ മാറിയിരിക്കുകയാണ്.

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ ബോസ് തൃണമൂൺ സര്‍ക്കാറിന് അനുകൂലമായി സ്വീകരിച്ചിട്ടുള്ള നിലപാടിനെതിരെ ശക്തമായ സമീപനമാണ് സംസ്ഥാനത്തെ ബി ജെ പി നേതൃത്വം സ്വീകരിച്ചിട്ടുള്ളത.് ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തെ ബി ജെ പി. എം എല്‍ എമാര്‍ തടസ്സപ്പെടുത്തുകയും ചെയ്തു. പക്ഷേ ഇതൊന്നും കേന്ദ്ര സര്‍ക്കാര്‍ കാണാത്ത ഭാവം നടിക്കുകയാണ്.

നിലവിലുള്ള പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനും വരുന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യമുന്നണിക്ക് ബി ജെ പിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നുള്ള പ്രതീതി ഉണ്ടാക്കാനും കഴിഞ്ഞാല്‍ മമതാ ബാനര്‍ജി തന്റെ നിലപാടില്‍ മാറ്റം വരുത്തും എന്ന കാര്യത്തില്‍ സംശയമില്ല.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest