Connect with us

Articles

കൂറുമാറ്റ രാഷ്ട്രീയത്തെ ബിഹാര്‍ പുറത്തിരുത്തുമോ?

അധികാര രാഷ്ട്രീയത്തോടുള്ള നിതീഷിന്റെ പരസ്യമായ ആസക്തിക്ക് ജനം നല്‍കുന്ന ചുട്ട മറുപടിയായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ മുന്നണിക്ക് കിട്ടാന്‍ സാധ്യതയുള്ള ഏറ്റവും വലിയ തിരിച്ചടി. നിതീഷിനെ മായ്ച്ചു കളയും വിധം ബിഹാര്‍ വിധി പറഞ്ഞാലും അത്ഭുതപ്പെടേണ്ടി വരില്ല. മറുപുറത്ത് ലാലുവിന്റെ മകന്‍ എന്ന നിലയില്‍ മക്കള്‍ രാഷ്ട്രീയത്തിന്റെ എല്ലാ ചീത്തപ്പേരും കേട്ട ശേഷമാണ് തേജസ്വി യാദവ് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായി ഉയര്‍ന്ന് വന്നിരിക്കുന്നത്.

Published

|

Last Updated

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ മാറ്റമുണ്ടാക്കാന്‍ ഇടയുള്ള തിരഞ്ഞെടുപ്പാണ് ബിഹാറിലേത്. പ്രത്യയശാസ്ത്രപരമായി ബിഹാര്‍ ഇക്കാലമത്രയും മുന്നോട്ട് വെച്ച സവിശേഷമായ രാഷ്ട്രീയ സ്വഭാവമുണ്ട്. ഒപ്പം ഇന്ത്യയില്‍ ഇപ്പോള്‍ ഉണ്ടായി വന്ന കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള “ഇന്ത്യ’ സഖ്യവും ബി ജെ പി നേതൃത്വം നല്‍കുന്ന ദേശീയ സഖ്യവും തമ്മിലുള്ള രാഷ്ട്രീയ പോരിന് തുടക്കം കുറിച്ച മണ്ണ് എന്ന നിലയിലുമാണ് ബിഹാര്‍ പതിനെട്ടാം ലോക്‌സഭയിലേക്കുള്ള പോരാട്ട ഭൂമികളില്‍ ഏറ്റവും ശ്രദ്ധേയമായി മാറുന്നത്. ജാതി സെന്‍സസ് അടക്കം ഈ തിരഞ്ഞെടുപ്പില്‍ രാജ്യം കാര്യമായി ചര്‍ച്ച ചെയ്യുന്ന പൊള്ളുന്ന തിരഞ്ഞെടുപ്പ് വിഷയങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ചര്‍ച്ച ചെയ്യാന്‍ പാകത്തില്‍ മുന്നോട്ട് വെക്കുന്നതിലും ബിഹാറിലെ പൊളിറ്റിക്കല്‍ സ്‌കൂളിന് പ്രത്യേക സ്ഥാനമുണ്ട്.

ഇന്ത്യയിലെ മതേതര ചേരിയെ ബാബരി വിവാദ കാലം മുതല്‍ നാളിതുവരെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ അതുല്യ സ്ഥാനം വഹിച്ച സോഷ്യലിസ്റ്റ് നേതാവ് ലാലുവും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ആനൂകൂല്യങ്ങളില്‍ അധികാര രാഷ്ട്രീയത്തോട് മാത്രം സഖ്യമുണ്ടാക്കി ആയാറാം ഗയാറാം രാഷ്ട്രീയത്തിന്റെ പര്യായമായി മാറിയ നിതീഷ് കുമാറും മുഖാമുഖം പോരടിക്കുന്ന അവസാന രാഷ്ട്രീയ പോരാട്ടമായി കൂടി ഈ തിരഞ്ഞെടുപ്പ് മാറാനിടയുണ്ട്. അതുകൊണ്ട് തന്നെ ബിഹാറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അതിജീവന പോരാട്ടകഥ കൂടി ഈ തിരഞ്ഞെടുപ്പോടെ പിറക്കാനിരിക്കുകയാണ്.

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം എന്‍ ഡി എ പാളയം വിട്ട നിതീഷ് രണ്ട് തവണ ആര്‍ ജെ ഡിയുമായി സഖ്യം ചേര്‍ന്ന് മുഖ്യമന്ത്രിയായെങ്കിലും ആര്‍ ജെ ഡിക്ക് അധികാരം നല്‍കേണ്ട ഊഴം വന്നാല്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കി അധികാരം നിലനിര്‍ത്തുകയാണ് ചെയ്തത്. ഒന്നാം ഘട്ടത്തില്‍ ആര്‍ ജെ ഡിയിലെ ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളും ഉപമുഖ്യമന്ത്രിയായ ആര്‍ ജെ ഡി നേതാവ് തേജ്വസി യാദവിനെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളും നിതീഷിന് ചേരി മാറ്റത്തില്‍ (മാധ്യമങ്ങള്‍ക്കിടയില്‍ പോലും) വലിയ പരുക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ വഴിയൊരുക്കിയിരുന്നു. ബി ജെ പിയോടൊപ്പം സഖ്യം ചേര്‍ന്ന് മുഖ്യമന്ത്രിയായി പിന്നീട് തിരിച്ചു വന്ന ശേഷം രണ്ടാം തവണയും ബി ജെ പിയിലേക്ക് ചാടിയത് ന്യായീകരണങ്ങളില്ലാത്ത വിധം നാണം കെട്ട രാഷ്ട്രീയ നീക്കമായാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. നിതീഷിനെ സ്വീകരിച്ചതില്‍ എന്‍ ഡി എ – ബി ജെ പിയില്‍ പോലും വലിയ അമര്‍ഷം ഇപ്പോഴുമുണ്ട്.

ബി ജെ പി വിരുദ്ധ മുന്നണിയെ ശക്തിപ്പെടുത്തുകയും “ഇന്ത്യ’ മുന്നണിയുടെ രൂപവത്കരണത്തില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്തു അദ്ദേഹം. ഒടുവില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരിക്കുന്നതിലെ ഈഗോയും സംസ്ഥാന രാഷ്ട്രീയത്തില്‍ അധികാരം വിട്ടൊഴിയേണ്ടി വന്നാല്‍ അതുണ്ടാക്കിയേക്കാവുന്ന ശൂന്യതയുമാണ് നിതീഷിനെ ബി ജെ പി പാളയത്തിലേക്ക് എത്തിച്ചതെന്ന് ഉറപ്പിച്ചു പറയാനാകും. അധികാര രാഷ്ട്രീയത്തോടുള്ള നിതീഷിന്റെ പരസ്യമായ ആസക്തിക്ക് ജനം നല്‍കുന്ന ചുട്ട മറുപടിയായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ മുന്നണിക്ക് കിട്ടാന്‍ സാധ്യതയുള്ള ഏറ്റവും വലിയ തിരിച്ചടി. നിതീഷിനെ മായ്ച്ചു കളയും വിധം ബിഹാര്‍ വിധി പറഞ്ഞാലും അത്ഭുതപ്പെടേണ്ടി വരില്ല. മറുപുറത്ത് ലാലുവിന്റെ മകന്‍ എന്ന നിലയില്‍ മക്കള്‍ രാഷ്ട്രീയത്തിന്റെ എല്ലാ ചീത്തപ്പേരും കേട്ട ശേഷമാണ് തേജസ്വി യാദവ് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായി ഉയര്‍ന്ന് വന്നിരിക്കുന്നത്. അയാള്‍ ഇന്ന് ലാലുവിനേക്കാള്‍ അപാരമായ രാഷ്ട്രീയ പക്വത കാണിക്കുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ആര്‍ ജെ ഡിക്ക് മറ്റു ബാധ്യതകള്‍ ഒന്നുമില്ലാതിരുന്നിട്ട് കൂടി “ഇന്ത്യ’ സഖ്യവുമായി സഹകരിക്കാനും സഖ്യ കക്ഷികള്‍ക്ക് അളവില്‍ കൂടിയ പരിഗണന നല്‍കാനും കാണിച്ച രാഷ്ട്രീയ ബുദ്ധിയാണ് ഇന്ത്യയിലെ പ്രതിപക്ഷ ചേരിയിലെ തന്നെ ഏറ്റവും പക്വതയുള്ള നേതാവാക്കി തേജസ്വിയെ മാറ്റുന്നത്. ലാലുവില്‍ നിന്ന് കുറേ കൂടി മുകളിലാണ് തേജസ്വിയുടെ രാഷ്ട്രീയ ഭാഷ പോലും എന്നതാണ് ബിഹാറിലെ രാഷ്ട്രീയ പോരാട്ടത്തില്‍ മതേതര ചേരിക്ക് വലിയ മൂലധനമായി മാറുന്നത്.

നിലവില്‍ എന്‍ ഡി എ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് നിതീഷ് കുമാറിന്റെ ജെ ഡി യു. 40 ലോക്‌സഭാ സീറ്റാണ് ബിഹാറില്‍ നിന്നുള്ളത്. 17 സീറ്റില്‍ മത്സരിക്കുന്ന ബി ജെ പി 16 സീറ്റ് ജെ ഡി യുവിന് നല്‍കിയിട്ടുണ്ട്. സഖ്യത്തില്‍ മൂന്ന് പാര്‍ട്ടികള്‍ കൂടി മത്സരിക്കുന്നുണ്ട്. അഞ്ച് സീറ്റില്‍ രാംവിലാസ് പാസ്വാന്റെ എല്‍ ജെ പിയും ഒാരോ സീറ്റില്‍ വീതം ജിതിന്‍ റാന്‍ മഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും ഉപേന്ദ്ര കുശ്്വാഹയുടെ രാഷ്ട്രീയ ലോക്‌മോര്‍ച്ചയും എന്‍ ഡി എ ടിക്കറ്റിലുണ്ട്. അതേസമയം സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് എന്‍ ഡി എ സര്‍ക്കാറില്‍ നിന്ന് രാജിവെച്ച കേന്ദ്ര മന്ത്രി പശുപതി പരസിന്റെ പിന്മാറ്റം സഖ്യത്തിന്റെ വോട്ട് ബേങ്കില്‍ചെറുതല്ലാത്ത അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം.

എന്‍ ഡി എ സഖ്യത്തില്‍ ഉണ്ടായേക്കാവുന്ന വലിയ വെല്ലുവിളി ജെ ഡി യുവിന് ഉണ്ടായേക്കാവുന്ന വോട്ട് ചോര്‍ച്ചയാണ്. തുടര്‍ച്ചയായ കൂറുമാറ്റം ബി ജെ പിയുടെയും ജെ ഡി യുവിന്റെയും പരമ്പരാഗത വോട്ട് ബേങ്കിനെ ചോര്‍ത്തുമെന്ന് ഉറപ്പാണ്. ബി ജെ പി നേട്ടമുണ്ടാക്കിയാലും നിതീഷിന് രണ്ടക്കം കടക്കാനാകില്ല. ജാതി രാഷ്ട്രീയം ഏറ്റവും വലിയ അളവില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ബിഹാറില്‍ വര്‍ഗ വഞ്ചകന്‍ എന്ന ടാഗോട് കൂടിയാകും നിതീഷ് ചര്‍ച്ച ചെയ്യപ്പെടുക. അതേസമയം യു പിയിലെ രാമക്ഷേത്രത്തിന്റെ ആനുകൂല്യം വലിയ അളവില്‍ ബി ജെ പിയുടെ വോട്ട് പെട്ടി നിറക്കാന്‍ സാധ്യതയുമുണ്ട്.

“ഇന്ത്യ’ സഖ്യത്തിന് ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ബിഹാര്‍. സീറ്റ് എണ്ണത്തില്‍ വലിയ സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ബി ജെ പി നയിക്കുന്ന എന്‍ ഡി എ മുന്നണിക്കെതിരെ പ്രത്യയശാസ്ത്രപരമായി മുഖാമുഖം പോരടിക്കുന്ന രാഷ്ട്രീയ അങ്കത്തില്‍ 15 സീറ്റെങ്കിലും പിടിക്കാനായാല്‍ ബിഹാര്‍ മോഡല്‍ എന്നത് ഭാവിയില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഏറ്റവും വലിയ നേട്ടമായി ആഘോഷിക്കാം. “ഇന്ത്യ’ മുന്നണിയില്‍ 26 സീറ്റില്‍ തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാ ദളും ഒമ്പത് സീറ്റില്‍ കോണ്‍ഗ്രസ്സും അഞ്ച് സീറ്റില്‍ ഇടതു പാര്‍ട്ടികളും മത്സരിക്കുന്നുണ്ട്. ഇതില്‍ 12 അസംബ്ലി സീറ്റുള്ള സി പി എം എല്‍ ലിബറേഷന്‍ സംസ്ഥാനത്ത് അതിവേഗം വോട്ടുറപ്പിച്ച് വളരുന്ന പാര്‍ട്ടിയാണ്.

ജനുവരിയില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിലും ഫെബ്രുവരിയില്‍ ആരംഭിച്ച തേജസ്വിയുടെ ജന്‍വിശ്വാസ് യാത്രയിലും ഉണ്ടായ ആള്‍ക്കൂട്ടം പ്രതിപക്ഷ സാധ്യതകള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. സഖ്യത്തില്‍ ആകെയുള്ള പ്രശ്‌നം ബെഗുസരായ, പൂര്‍ണിയ സീറ്റിന് വേണ്ടിയുള്ള കോണ്‍ഗ്രസ്സിന്റെ നീക്കങ്ങളായിരുന്നു. കനയ്യ കുമാറിന് വേണ്ടി കോണ്‍ഗ്രസ്സ് കണ്ടുവെച്ച സീറ്റില്‍ സി പി ഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതാണ് പ്രശ്‌നത്തിന് കാരണം. നിലവില്‍ ആര്‍ ജെ ഡിയുമായി ധാരണയുണ്ടാക്കി സി പി ഐ സ്ഥാനാര്‍ഥി തന്നെയാണ് മത്സര രംഗത്തുള്ളത്. അതേസമയം സ്വന്തം പാര്‍ട്ടി പിരിച്ചു വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ബിഹാറിലെ വെറ്ററന്‍ നേതാവ് പപ്പു യാദവ് ആര്‍ ജെ ഡി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച പൂര്‍ണിയ സീറ്റിലും മത്സരിക്കുമെന്നാണ് വാര്‍ത്തകള്‍.

എന്നിരുന്നാലും ഈ അസ്വാരസ്യങ്ങള്‍ രണ്ട് സീറ്റിനപ്പുറം സഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാനിടയില്ല എന്നാണ് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്. “ഇന്ത്യ’ സഖ്യത്തിന്റെ പ്രതീക്ഷ മുഴുവന്‍ കുടിയിരിക്കുന്നത് മുസ്‌ലിം, യാദവ വോട്ടുകളുടെ ഏകീകരണത്തിലാണ്. ജാതി ഫാക്ടറിനപ്പുറം നിതീഷ് കുമാറിന്റെ സംസ്ഥാന ഭരണത്തിന് എതിരെയുള്ള വിധി എഴുത്ത് കൂടിയായി ഈ തിരഞ്ഞെടുപ്പ് മാറാനിടയുണ്ട്. അതുകൊണ്ട് തന്നെ ബിഹാര്‍ രാഷ്ട്രീയത്തില്‍ നിതീഷ് കുമാറിന് വനവാസത്തിലേക്കുള്ള സാധ്യതകളാണ് ഈ തിരഞ്ഞെടുപ്പ് ബാക്കിയാക്കാനിരിക്കുന്നത്. ബിഹാറിലെ ഫലം മറിച്ചാണെങ്കില്‍ ഇന്ത്യയുടെ മതേതര രാഷ്ട്രീയത്തിന്റെ അവസാനത്തെ ആണിയടിക്കപ്പെടുന്ന തിരഞ്ഞെടുപ്പായിട്ടാകും ഈ അങ്കം ചരിത്രത്തില്‍ രേഖപ്പെടുത്തുക.