Connect with us

National

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിയുടെ ഭാര്യക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചു

1955 ലെ പൗരത്വ നിയമപ്രകാരം സൊഹേനിക്ക് പൗരത്വം അനുവദിച്ച സര്‍ട്ടിഫിക്കറ്റ് കൈമാറിയതായി അധികൃതര്‍ അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി|പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശി ബിതാന്‍ അധികാരിയുടെ ഭാര്യ സൊഹേനി റോയിക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബംഗ്ലാദേശില്‍ ജനിച്ച സൊഹേനിയുടെ പൗരത്വത്തിനുള്ള അപേക്ഷ ദീര്‍ഘകാലമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിലുണ്ടായിരുന്നു. ബിതാന്റെ മരണത്തിനുപിന്നാലെ ഭാര്യയുടെ പൗരത്വത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ നടപടി വേഗത്തിലാക്കിയത്. 1955 ലെ പൗരത്വ നിയമപ്രകാരം സൊഹേനിക്ക് പൗരത്വം അനുവദിച്ച സര്‍ട്ടിഫിക്കറ്റ് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

ബംഗ്ലാദേശിലെ നാരായണ്‍ ഗഞ്ചീല്‍ ആണ് സൊഹേനി റോയ് ജനിച്ചത്. 1997 ജനുവരിയില്‍ ഇന്ത്യയില്‍ എത്തിയെന്നാണ് പൗത്വ രേഖയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഭര്‍ത്താവ് ബിതാന്‍ അധികാരിയുടെ മാതാപിതാക്കള്‍ക്കും കുടുംബത്തിനുമൊപ്പം കൊല്‍ക്കത്തയിലെ പടുലിയില്‍ താമസിച്ചുവരികയാണ് സൊഹേനി റോയ്. സോഹേനി റോയിയുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സഹമന്ത്രി സുകാന്ത മജുംദാര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു.

അമേരിക്കയിലെ ഫ്ലോറിഡയില്‍ ഐടി ഉദ്യോഗസ്ഥനായിരുന്ന ബിതാന്‍ അധികാരിയെ പഹല്‍ഗാമില്‍ ഭീകരര്‍ ഭാര്യയുടെ മുന്നില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതം അനിശ്ചിതത്വത്തിലായ സൊഹേനിക്ക് ആശ്വാസമേകുന്നതാണ് ഈ നടപടി. ബിതാന്‍ അധികാരിയുടെ മരണത്തിനു പിന്നാലെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട 26 പേരില്‍ ബിതാന്‍ അധികാരിയുള്‍പ്പെടെ മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് ഉണ്ടായിരുന്നത്.

 

 

Latest