Web Special
ജപ്പാനില്‍ കൊവിഡ് മരണം കുത്തനെ ഉയരുന്നത് എന്തുകൊണ്ട്?
കൊവിഡ് മരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമെന്ന ഖ്യാതിയുമുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു.

ലോകത്ത് പല രാജ്യങ്ങളും കൊവിഡാനന്തര സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ചിലയിടങ്ങളില്‍ ഇപ്പോഴും മഹാമാരി കാരണമുണ്ടാകുന്ന മരണങ്ങളും രോഗബാധയും കുത്തനെ ഉയര്‍ന്നുതന്നെയാണ്. ഏഷ്യന്‍ രാജ്യമായ ജപ്പാനാണ് അതിലൊന്ന്. കര്‍ശന നിയന്ത്രണങ്ങളുമായി മഹാമാരിയെ പിടിച്ചുകെട്ടി ലോകപ്രശംസ ഏറ്റുവാങ്ങിയിരുന്നു ഒരു ഘട്ടത്തില്‍ ജപ്പാന്‍. കൊവിഡ് മരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമെന്ന ഖ്യാതിയുമുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു.
അതിർത്തികൾ തുറന്നതോടെ
കൊവിഡ് വ്യാപനം രൂക്ഷമായ 2020 മുതല്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ വിദേശ സന്ദര്‍ശകര്‍ക്ക് ജപ്പാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ജൂണില്‍ വളരെ ജാഗ്രതയോടെയാണ് അതിര്‍ത്തികള്‍ വിദേശികള്‍ക്കായി തുറന്നത്. മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് അടക്കമുള്ള ടൂര്‍ പാക്കേജിന്റെ ഭാഗമായി മാത്രമേ യാത്രക്കാരെ ആദ്യഘട്ടത്തില്‍ അനുവദിച്ചുള്ളൂ. പൊതുസ്ഥലങ്ങളിലെല്ലാം മാസ്‌ക് ധരിക്കണമായിരുന്നു. രണ്ട് വര്‍ഷത്തിലേറെ സ്‌കൂള്‍ കുട്ടികള്‍ ഒന്നും മിണ്ടാതെയാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്. മാസ്‌ക് താഴ്ത്തി ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കുന്നത് സ്‌കൂളുകള്‍ വിലക്കിയിരുന്നു.
കഴിഞ്ഞ ജനുവരി 20ന് മരണനിരക്ക് കൂടിയ രാജ്യങ്ങളിലൊന്നായി ജപ്പാന്‍ മാറി. യു കെ, യു എസ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ മറികടന്നായിരുന്നു ഇത്. ജനസംഖ്യയില്‍ വയോജനങ്ങളുടെ ആധിക്യവും കൊവിഡിനെതിരായ പ്രതിരോധശേഷി കുറഞ്ഞതുമാണ് മരണനിരക്ക് കുത്തനെ ഉയരാന്‍ പ്രധാന കാരണം. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ സ്വാഭാവികമായും രോഗബാധ വര്‍ധിക്കുമെന്ന് അധികൃതര്‍ക്ക് അറിയാമായിരുന്നു. അധിക കൊവിഡ് സെന്ററുകളിലും വയോജനങ്ങളാണ് ചികിത്സയില്‍ കഴിയുന്നത്. ന്യൂമോണിയയാണ് മരണം കുത്തനെ ഉയരാന്‍ ഇടയാക്കിയത്. തീവ്രപരിചരണത്തില്‍ കഴിഞ്ഞവരാണ് മരിച്ചവരില്‍ അധികവും. ഇത്തരം മരണങ്ങള്‍ ചികിത്സ കൊണ്ട് തടയുക പ്രയാസകരമാണെന്ന് രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റ് ഹിതോഷി ഒഷിതാനി പറയുന്നു. പ്രതിരോധ ശേഷിയെ മറികടക്കുന്ന കൊവിഡ് വകഭേദങ്ങളും ഉപവകഭേദങ്ങളുമാണ് രാജ്യത്ത് പടരുന്നത്.
കൊവിഡിനെ തരംതാഴ്ത്തണം
ഒമിക്രോണ്‍ വകഭേദത്തിന് മുമ്പ് ടോക്യോ, ഒസാക പോലുള്ള നഗരങ്ങളിലായിരുന്നു അധിക കൊവിഡ് മരണങ്ങളും. ഇപ്പോള്‍ രാജ്യത്തുടനീളമുണ്ട്. ഗ്രാമപ്രദേശങ്ങളിലും ഉള്‍നാടുകളിലും ദേശീയ ശരാശരിയേക്കാള്‍ വളരെയധികമാണ് വയോജനങ്ങളുടെ എണ്ണം. ലോകത്തെ വയസ്സായ സമൂഹം ആണ് ജപ്പാനിലെത്. 1950 മുതല്‍ ഓരോ വര്‍ഷവും വയോജനങ്ങളുടെ എണ്ണം അവിടെ വര്‍ധിക്കുകയാണ്. നഴ്‌സിംഗ് ഹോമുകളിലും മറ്റും കഴിയുന്ന കൊവിഡ് ബാധിച്ച വയോജനങ്ങള്‍ക്ക് ശരിയായ ചികിത്സയും ലഭിക്കുന്നില്ല. ക്ലാസ് 2 അഥവ അതീവ അപകടകാരി എന്ന വിഭാഗത്തിലാണ് ജപ്പാന്‍ കൊവിഡിനെ ഉള്‍പ്പെടുത്തിയത്. ഇക്കാരണത്താല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ആശുപത്രികള്‍ക്ക് മാത്രമെ കൊവിഡ് ചികിത്സ നടത്താന്‍ സാധിക്കുകയുള്ളൂ. ഇവയാണെങ്കില്‍ നിലവില്‍ നിറഞ്ഞുകവിഞ്ഞിട്ടുമുണ്ട്. ഈ വിഭാഗത്തില്‍ നിന്ന് മാറ്റി ജലദോഷപ്പനി എന്ന തരത്തില്‍ കൊവിഡിന് ചികിത്സ നല്‍കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെ എല്ലാ ക്ലിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കും കൊവിഡിന് ചികിത്സ നല്‍കാനാകണം. അപ്പോഴേ മരണവും കൊവിഡ് ബാധയും പിടിച്ചുനിര്‍ത്തനാകൂ എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡിനെ തരംതാഴ്ത്തുമെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിദ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് നടപ്പാക്കുക മെയ് എട്ടിന് മാത്രമായിരിക്കും.
ലക്ഷണങ്ങളില്ലാത്ത കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും കൂടി ചേര്‍ക്കുമ്പോള്‍ ജപ്പാനിലെ കൊവിഡ് ബാധ കുത്തനെ ഉയരും. ദിവസവും കൊവിഡ് കണക്ക് പുറത്തുവിടുന്ന ലോകത്തെ അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. രോഗബാധയിലൂടെ ആര്‍ജിക്കുന്ന സ്വാഭാവിക പ്രതിരോധ ശേഷി ജപ്പാന്‍ ജനസംഖ്യയില്‍ വളരെ കുറവാണ്. വാക്‌സിനില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ ശക്തിയുള്ളതാണ് സ്വാഭാവിക പ്രതിരോധ ശേഷി. ആദ്യകാലങ്ങളില്‍ രോഗബാധ നിരക്ക് കുറഞ്ഞത് പ്രതിരോധ ശേഷി കുറയുന്നതിനും കാരണമായി. രണ്ട് വര്‍ഷത്തോളം അതിര്‍ത്തി അടച്ചിട്ട ആസ്‌ത്രേലിയയിലും കഴിഞ്ഞ വര്‍ഷമാദ്യം ഇത് സംഭവിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ രോഗബാധയും മരണനിരക്കും കുറയുമെന്ന് ജപ്പാനിലെ ഒരുകൂട്ടം വിദഗ്ധര്‍ കരുതുമ്പോള്‍, മരുന്നുകള്‍ വ്യാപകതോതില്‍ ലഭ്യമല്ലാത്തതിനാല്‍ മരണനിരക്കും രോഗബാധയും കുത്തനെ കൂടുമെന്നാണ് മറ്റൊരു വിഭാഗം കരുതുന്നത്.