Connect with us

G20 summit

ഇന്ത്യ ആതിഥ്യമരുളുമ്പോൾ

ശാസ്ത്രരംഗത്തെ നേട്ടങ്ങൾ കൊണ്ട് തിളങ്ങിനിൽക്കുന്ന അവസരത്തിൽ ഇന്ത്യക്ക് ആതിഥേയത്വം ലഭിക്കുന്നത് കൂടുതൽ ആകർഷകമായിരിക്കുകയാണ്. ചന്ദ്രയാൻ 3, ആദിത്യ എൽ 1 എന്നീ വിസ്മയകരമായ നേട്ടങ്ങളുടെ കൊടുമുടിയിൽ ലോകരാജ്യങ്ങൾ ഇന്ത്യയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയ സാഹചര്യത്തിൽ നടക്കുന്ന ഉച്ചകോടി ഇന്ത്യക്ക് പരോക്ഷമായി പല തീരുമാനങ്ങളിലും മേൽക്കൈ നൽകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Published

|

Last Updated

ന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടി ഇന്നലെയും ഇന്നുമായി ഡൽഹിയിൽ നടക്കുകയാണ്. ആഗോള ദക്ഷിണ രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെയും പങ്കാളിത്തം ലക്ഷ്യമിട്ടുകൊണ്ടും വികസനത്തിലും മറ്റ് നയതന്ത്ര വിഷയങ്ങളിലും ശക്തരായ രാജ്യങ്ങളുടെ പിന്തുണ പരോക്ഷമായി പ്രതീക്ഷിച്ചു കൊണ്ടുമാണ് ഇന്ത്യ ഈ ആതിഥ്യം ഏറ്റവും മിഴിവോടെ തന്നെ നടത്താൻ നിശ്ചയിച്ചത്. വെള്ളിയാഴ്ച ഉച്ചകോടിക്ക് മുമ്പായി ന്യൂഡൽഹിയിൽ യു എസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയതും അതിന് ശേഷം യു എൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ ആവശ്യത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചതും നല്ലൊരു തുടക്കമായി കാണാം. റഷ്യ- യുക്രൈൻ യുദ്ധത്തെച്ചൊല്ലി അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ഒരു ഭാഗത്തും റഷ്യയും ചൈനയും മറുഭാഗത്തും നിൽക്കുന്ന പശ്ചാത്തലത്തിൽ ഈ ഉച്ചകോടിയിൽ ഉയർന്നുവരുന്ന ചർച്ചകളും തീരുമാനങ്ങളും അത്യന്തം പ്രാധാന്യമർഹിക്കുന്നു.

ഉച്ചകോടിയുടെ പ്രധാന തീം “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതാണ്. രാജ്യത്തെ 60 നഗരങ്ങളിലായി നടന്ന 220 ജി 20 യോഗങ്ങളുടെ സമാപനമാണ് ഈ രണ്ട് ദിവസങ്ങളിലായി നടക്കുന്നത്. ജി 20 അംഗരാജ്യങ്ങൾ, ക്ഷണിക്കപ്പെട്ട എട്ടോളം രാജ്യങ്ങൾ, 14 അന്താരാഷ്ട്ര സംഘടനകൾ എന്നിവയുടെ തലവന്മാരും മറ്റ് പ്രതിനിധികളും ആണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം, ഭക്ഷ്യ- വളം വിഷയങ്ങൾ, പണപ്പെരുപ്പം, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്ക് മേലുള്ള കടഭാരം എന്നിവ പ്രധാന ചർച്ചാ വിഷയമാകുകയാണ്.

എന്താണ് ജി 20?

1999ൽ ജർമൻ തലസ്ഥാനമായ ബെർലിനിലാണ് ഈ കൂട്ടായ്മ രൂപം കൊള്ളുന്നത്. 19 രാജ്യങ്ങളിലെയും യൂറോപ്യൻ യൂനിയനിലെയും രാജ്യങ്ങളിലെ ധനമന്ത്രിമാരായിരുന്നു ആദ്യത്തെ ജി- 20 കൂട്ടായ്മയിലെ അംഗങ്ങൾ. എന്നാൽ 2008ലെ സാമ്പത്തിക മാന്ദ്യത്തോടെയാണ് രാജ്യത്തെ ഭരണാധികാരികൾ നേരിട്ട് പങ്കെടുക്കുന്ന വേദിയായി ഇത് മാറുന്നത്. അതുകൊണ്ടുതന്നെ 2008ലും 2009ലും നടന്ന ഉച്ചകോടികളിൽ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാനുള്ള വിഷയങ്ങളായിരുന്നു പ്രധാനമായും ചർച്ചയായത്. ജി 20ക്ക് പ്രത്യേക ആസ്ഥാനമില്ല. അധ്യക്ഷപദവി വഹിക്കുന്ന രാജ്യങ്ങളാണ് ഏകോപനവും അജൻഡയും നിശ്ചയിക്കുന്നത്.
2019ലെ ഉച്ചകോടിയും ഏറെ പ്രധാനപ്പെട്ട വിഷയങ്ങളാൽ ലോകത്ത് ചർച്ചയായിട്ടുണ്ട്. ഒസാക്കയിൽ നടന്ന ഈ ഉച്ചകോടിയുടെ ഇടയിൽ ആണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഇരുരാജ്യങ്ങളും തമ്മിൽ നിർത്തിവെച്ചിരുന്ന വാണിജ്യചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനമെടുക്കുന്നത്. 2022ൽ ഇന്തോനേഷ്യയിൽ നടന്ന ചർച്ചയുടെ പ്രധാന വിഷയം റഷ്യ- യുക്രൈൻ യുദ്ധമായിരുന്നുവല്ലോ.

അർജന്റീന, അമേരിക്ക, ഇന്ത്യ, ആസ്‌ത്രേലിയ, ജർമനി, ബ്രസീൽ, ചൈന, കാനഡ, ഫ്രാൻസ്, ഇറ്റലി, ഇന്തോനേഷ്യ, ജപ്പാൻ, ചൈന, റഷ്യ, സഊദി അറേബ്യ, റിപബ്ലിക് ഓഫ് കൊറിയ, ദക്ഷിണാഫ്രിക്ക, തുർക്കി, യു കെ, യൂറോപ്യൻ യൂനിയൻ എന്നിവരാണ് ജി- 20 കൂട്ടായ്മയിലുള്ള രാജ്യങ്ങൾ. കൂടാതെ ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതർലാൻഡ്‌സ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, സ്പെയിൻ, യു എ ഇ എന്നീ രാജ്യങ്ങളും പ്രത്യേക അതിഥികളായി ഇത്തവണത്തെ ഉച്ചകോടിയിൽ പങ്കെടുക്കുന്നു.

ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഈ 20 രാജ്യങ്ങളിൽ നിന്നാണ്. കൂടാതെ ലോകത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 80 ശതമാനവും രാജ്യാന്തര ഉത്പാദനത്തിന്റെ 70 ശതമാനവും ഈ കൂട്ടായ്മയിലുള്ള രാജ്യങ്ങളിൽ നിന്നാണ് എന്നത് എത്രമാത്രം ശക്തമാണ് ഈ കൂട്ടായ്മയെന്ന് എടുത്തുകാണിക്കുന്നു. ഓരോ വർഷവും അധ്യക്ഷ പദവി വഹിക്കുന്ന രാജ്യമാണ് ആതിഥേയത്വം വഹിക്കുന്നത്. കഴിഞ്ഞ വർഷം ഇന്തോനേഷ്യയിലാണ് ഉച്ചകോടി നടന്നത്. അടുത്ത വർഷം ബ്രസീലിൽ ഉച്ചകോടി നടക്കും. ഉച്ചകോടിക്കു ശേഷം രാഷ്ട്രത്തലവന്മാർ സംയുക്തമായി തീരുമാനങ്ങൾ പ്രഖ്യാപിക്കും. ചർച്ച ചെയ്ത വിഷയങ്ങൾ, ധാരണയായ തീരുമാനങ്ങൾ, നിലപാടുകൾ എല്ലാം അതിനൊപ്പം ഉണ്ടാകും. ഉച്ചകോടിക്കു മുമ്പായി വിവിധ വിഷയങ്ങളിൽ നിരവധി ഉപസമ്മേളനങ്ങൾ നടക്കാറുണ്ട്. ഇത്തരത്തിൽ ഒരു സമ്മേളനമാണ് ഏപ്രിലിൽ കേരളത്തിലെ കുമരകത്തു നടന്നത്.

തിളക്കം കൂട്ടുന്ന നേട്ടങ്ങൾ

ശാസ്ത്രരംഗത്തെ നേട്ടങ്ങൾ കൊണ്ട് തിളങ്ങിനിൽക്കുന്ന അവസരത്തിൽ ഇന്ത്യക്ക് ആതിഥേയത്വം ലഭിക്കുന്നത് കൂടുതൽ ആകർഷകമായിരിക്കുകയാണ്. ചന്ദ്രയാൻ 3, ആദിത്യ എൽ 1 എന്നീ വിസ്മയകരമായ നേട്ടങ്ങളുടെ കൊടുമുടിയിൽ ലോകരാജ്യങ്ങൾ ഇന്ത്യയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയ സാഹചര്യത്തിൽ നടക്കുന്ന ഉച്ചകോടി ഇന്ത്യക്ക് പരോക്ഷമായി പല തീരുമാനങ്ങളിലും മേൽക്കൈ നൽകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഷിയും പുടിനും

എല്ലാ പ്രൗഢിക്കിടയിലും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെയും അസാന്നിധ്യം തീർച്ചയായും സമ്മേളനത്തിന്റെ പൊലിമ കുറച്ചിട്ടുണ്ട്. മുമ്പ് സൂചിപ്പിച്ചതുപോലെ ഇന്ത്യയുടെയും അമേരിക്കയുടെയും അടുപ്പം ഇവരുടെ രണ്ട് പേരുടെയും അസാന്നിധ്യത്തിന് ഒരു കാരണമായി എടുത്തുകാട്ടപ്പെടുന്നുണ്ട്. കൂടാതെ യുക്രൈൻ വിഷയത്തിൽ ഇന്ത്യ എടുത്ത നിലപാടുകളും റഷ്യയുടെ ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ചൈനയെ സംബന്ധിച്ച് അമേരിക്കയുമായി മുഖാമുഖം വരുന്ന ചർച്ചകൾ ഒഴിവാക്കുവാനും അങ്ങനെയുള്ള അവസരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുമ്പോൾ ഉണ്ടാകുന്ന വാർത്തകൾ ഒഴിവാക്കുവാനും വേണ്ടിയാകാം പ്രസിഡന്റ് എത്താത്തത് എന്ന് കരുതപ്പെടുന്നു. എന്നാൽ അതൊന്നുമല്ല കാരണമെന്നും അടുത്തിടെ അവസാനിച്ച ബ്രിക്സ് സമ്മേളനം, ഉടൻ നടക്കാൻ പോകുന്ന COP സമ്മേളനങ്ങൾ എന്നിവയിലെ ചർച്ചകളുടെ ആവർത്തനങ്ങൾ മൂലമാണ് അവർ പങ്കെടുക്കാത്തതെന്നും വാദങ്ങൾ ഉണ്ട്. വസുധൈവ കുടുംബകം ചർച്ചചെയ്യേണ്ട വിഷയമല്ലെന്നും സംസ്‌കൃതം യു എൻ അംഗീകൃത ഭാഷയല്ലെന്നും പറഞ്ഞാണ് അദ്ദേഹം മാറി നിൽക്കുന്നതെന്ന റിപോർട്ടുമുണ്ട്. അതേസമയം, ചൈനീസ് പ്രസിഡന്റിന് പകരം അവിടുത്തെ രണ്ടാമനും പ്രധാനമന്ത്രിയുമായ ലി ക്വിയാംഗ് പങ്കെടുക്കുന്നത് അനാവശ്യമായ ചർച്ചകൾ അവസാനിപ്പിച്ചിട്ടുമുണ്ട്.

തിരഞ്ഞെടുപ്പ്

ഈ കൂട്ടായ്മയിലുള്ള പ്രധാന രാജ്യങ്ങളായ ഇന്ത്യ, അമേരിക്ക എന്നിവ അടുത്തുതന്നെ തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുകയാണ്. ഇതൊക്കെ ചർച്ചയാകുന്നില്ലെങ്കിലും ഇത്തരമൊരു ആഗോള സമ്മേളനത്തിന്റെ ഭാഗമാകുക വഴി ഭരണകർത്താക്കൾ കൂടുതൽ ലോകശ്രദ്ധ നേടുകയും അത് ആഭ്യന്തര രാഷ്ട്രീയത്തിൽ പ്രചാരണ വിഷയമാക്കുകയും ചെയ്യും. അമേരിക്കയെ സംബന്ധിച്ചിടത്തോളം പ്രസിഡന്റ് ജോ ബൈഡന് പ്രസിഡന്റ്പദത്തിലേക്കുള്ള തന്റെ രണ്ടാമൂഴത്തിൽ വലിയ എതിർപ്പുകൾ നിലനിൽക്കുന്നുണ്ട്. ഇന്ത്യയിൽ “ഇന്ത്യാ’ സഖ്യത്തിന്റെ ഭീഷണി ഭരണകക്ഷിയെ സമ്മർദത്തിലാക്കുന്നുണ്ട്. രാജ്യത്തിന്റെ പേര് പലയിടത്തും ‘ഭാരതം’ എന്ന് മാറ്റുന്ന അവസ്ഥയിലേക്ക് കേന്ദ്ര സർക്കാറിനെ എത്തിക്കുന്നത് ഈ സമ്മർദമാണ്. ആഗോളവിഷയങ്ങൾക്കൊപ്പം ഇത്തരം ആഭ്യന്തര കാരണങ്ങൾ കൂടി ജി 20 സമ്മേളനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നുവെന്നർഥം. യൂറോപ്പിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലൊക്കെ ജനങ്ങൾ വോട്ടുചെയ്യാൻ വിമുഖരായിരുന്നു. ഫ്രാൻസിൽ വെറും 50 ശതമാനം പേർ മാത്രമാണ് വോട്ടുചെയ്തത്. ഇറ്റലിയിലും സ്‌പെയിനിലും ഇതുതന്നെ ആയിരുന്നു അവസ്ഥ. ജനാധിപത്യത്തിൽ വിശ്വാസം ഇല്ലാതാകുന്ന വികസിതരാജ്യങ്ങളിലെ ഈ അവസ്ഥയിൽ മാറ്റം വരുത്തുക എന്നതും രാജ്യങ്ങൾ ലക്ഷ്യമിടുന്നു.

ഓരോ ഉച്ചകോടിയും പലപ്പോഴും ചർച്ചകൾ കൊണ്ട് സമ്പുഷ്ടമാകും. എന്നാൽ ഫലപ്രാപ്തികൊണ്ട് അത്രകണ്ട് പ്രതീക്ഷാജനകമാകാറില്ല. ഈ ഉച്ചകോടിയും അത്തരത്തിൽ ഒരു സമ്മേളനം മാത്രമായി ഒതുങ്ങില്ലെന്ന് പ്രതീക്ഷിക്കാം. പ്രത്യേകിച്ച് ഇന്ത്യയുടെ ശാസ്ത്രരംഗത്തെ നേട്ടങ്ങൾ ഒരൽപ്പം അസൂയയോടെ മറ്റുരാജ്യങ്ങൾ ഉറ്റുനോക്കുമ്പോൾ ഇത്തരം സമ്മേളനങ്ങൾ നമ്മുടെ വികസനരംഗത്തിന് കൂടുതൽ ഊർജം നൽകുമെന്നുതന്നെ പ്രത്യാശിക്കാം.

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

---- facebook comment plugin here -----

Latest