Connect with us

Siraj Article

പ്രതിപക്ഷത്തെ നിർവീര്യമാക്കിയാൽ പിന്നെന്ത് ജനാധിപത്യം?

തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍. ജനാധിപത്യത്തിന്റെ മരണമണിയാണ് റഷ്യന്‍ തിരഞ്ഞെടുപ്പില്‍ മുഴങ്ങിയത്. രാജ്യത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാന്‍ ഗെന്നഡി സുഗാനോവ് അഭ്യര്‍ഥിച്ചിട്ടുണ്ട്. മറ്റ് പ്രതിപക്ഷപാര്‍ട്ടികളും ഈ നിലയിലുള്ള ശക്തമായ പ്രതിഷേധമാണ് ഇതിനകം രേഖപ്പെടുത്തിയിരിക്കുന്നത്

Published

|

Last Updated

സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന രാഷ്ട്രമാണ് റഷ്യ. ലെനിന്റെ നേതൃത്വത്തില്‍ നടന്ന 1917ലെ ഒക്‌ടോബര്‍ വിപ്ലവം കമ്മ്യൂണിസ്റ്റുകളെ രാജ്യത്തിന്റെ അധികാരത്തില്‍ അവരോധിക്കുകയും സാര്‍ ഭരണം അവസാനിപ്പിക്കുകയും ചെയ്തു. ആധികാരത്തില്‍ വന്ന സോവിയറ്റ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ ലോകത്തൊട്ടാകെയുള്ള സാമ്രാജ്യത്വ ശക്തികളും കമ്മ്യൂണിസ്റ്റ്‌വിരുദ്ധരും എല്ലാ കരുനീക്കങ്ങളും നടത്തിയെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് സോവിയറ്റ് ഭരണകൂടവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുമ്പോട്ട് പോയത്. റഷ്യ എല്ലാ അര്‍ഥത്തിലും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രങ്ങളിലൊന്നാണ്. ലോകത്തിലെ ഏറ്റവും വലിയ രാജ്യവും റഷ്യതന്നെയാണ്. ഇരുപതാം നൂറ്റാണ്ടിലെ ലോകരാഷ്ട്രീയത്തില്‍ വളരെ നിര്‍ണായക സ്വാധീനം ചെലുത്തിയ രാജ്യമാണിത്. 1924ല്‍ യു എസ് എസ് ആറിന്റെ രൂപവത്കരണത്തോടെ ആ രാജ്യം  വന്‍ശക്തിയായി മാറി.

എന്നാല്‍ 1991 വരെ മാത്രമേ ഈ സ്ഥിതി തുടര്‍ന്നുള്ളൂ. എണ്ണ- പ്രകൃതി വാതകം എന്നിവയില്‍ സമ്പന്നമായ റഷ്യ ഊര്‍ജരംഗത്തെ ലോകത്തെ ഏറ്റവും വലിയ ശക്തിയായി വിലയിരുത്തപ്പെടുന്നു. എണ്ണയുടെയും പ്രകൃതി വാതകങ്ങളുടെയും കയറ്റുമതിയിലൂടെ റഷ്യയുടെ സാമ്പത്തിക രംഗം ശക്തമായിക്കൊണ്ടിരിക്കുകയാണ്. 14 രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന റഷ്യ ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രണ്ട് രാജ്യങ്ങളിലൊന്നാണ്. ഏഷ്യയിലും യൂറോപ്പിലുമായി ലോക വിസ്തൃതിയുടെ എട്ടിലൊന്നു ഭാഗം സ്വന്തമായുണ്ട് റഷ്യക്ക്. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്ത് ഒമ്പതാം സ്ഥാനമാണ് ഈ രാജ്യത്തിനുള്ളത്. ഇരുപതാം നൂറ്റാണ്ടില്‍ ലോകത്ത് ഉയര്‍ന്നുവന്ന ശാക്തിക ചേരികളില്‍ ഒന്നിന്റെ നേതൃത്വം വഹിച്ച സോവിയറ്റ് യൂനിയന്റെ ഉദയത്തിന് കാരണം റഷ്യന്‍ വിപ്ലവമാണല്ലോ.

ലോക ചരിത്രത്തെ തന്നെ വലുതായി സ്വാധീനിക്കുകയും ലോക ചരിത്രത്തെ ത്തന്നെ മാറ്റിമറിക്കുകയും ചെയ്ത ഒന്നായിരുന്നു റഷ്യന്‍ വിപ്ലവം. 1980കളോടുകൂടി സോവിയറ്റ് റഷ്യയില്‍ സാമ്പത്തിക പ്രതിസന്ധിയും മറ്റ് പ്രശ്‌നങ്ങളും സങ്കീര്‍ണ്ണണമായ സ്ഥിതിയുണ്ടായി. ഈ പ്രതിസന്ധി പരിഹരിക്കാന്‍ അന്നത്തെ പ്രസിഡന്റായിരുന്ന മിഖയേല്‍ ഗോര്‍ബച്ചേവ് 1987ല്‍ ചില നവീന പരിപാടികള്‍ ആവിഷ്‌കരിച്ചു. എല്ലാ രംഗത്തും നൂതനപരിവര്‍ത്തനം എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കിയ  പരിപാടിയായിരുന്നു “ഗ്ലാസ് നോസ്റ്റ്’ ഉത്പാദനമേഖലയിലെ ഭരണകൂട നിയന്ത്രണവും കേന്ദ്രീകൃത ആസൂത്രണവും കുറച്ച് സമ്പദ്ഘടനയെ കമ്പോളവത്കരിക്കാന്‍ വേണ്ടി ‘പെരിസ്‌ട്രോയിക്ക്’ എന്ന മറ്റൊരു പരിപാടിയും ഗോര്‍ബച്ചേവ് ആവിഷ്‌കരിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും  കാര്‍ന്നുതിന്ന ശിഥിലീകരണത്തില്‍ നിന്ന് രാജ്യത്തെ  രക്ഷിക്കാന്‍ ഗോര്‍ബച്ചേവിന് കഴിഞ്ഞില്ല. സോവിയറ്റ് യൂനിയന്റെ  തകര്‍ച്ച ലോകത്തൊട്ടാകെയുള്ള  അമേരിക്കന്‍വാദികള്‍  ആഘോഷിച്ചു.  റഷ്യയിൽ കഴിഞ്ഞ ദിവസം നടന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ലോകശ്രദ്ധയെ ആകെ ആകര്‍ഷിച്ച ഒന്നായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡന്റ്  വ്‌ളാദിമിര്‍ പുടിന്റെ യുനൈറ്റഡ് റഷ്യ പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വീണ്ടും സമ്പൂര്‍ണ മേധാവിത്വം നേടിയിരിക്കുകയാണ്.

അധോസഭയായ ഡ്യൂമയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുനൈറ്റഡ് റഷ്യ 49.8 ശതമാനം വോട്ട് നേടി. റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 19 ശതമാനം വോട്ട് നേടി.  ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് റഷ്യ, ഫെയര്‍ റഷ്യ പാര്‍ട്ടി എന്നിവക്ക് 7.5 ശതമാനം വോട്ട് വീതവും നേടാന്‍ കഴിഞ്ഞു. 450 അംഗ സഭയില്‍ 225 പേരെ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന വോട്ടുകളുടെ അടിസ്ഥാനത്തിലും ബാക്കി 225 അംഗങ്ങളെ വോട്ടര്‍മാര്‍ നേരിട്ടുമാണ് തിരഞ്ഞെടുക്കുന്നത്. നേരിട്ട് തിരഞ്ഞെടുക്കുന്ന 225 സീറ്റില്‍ 198 സീറ്റ് യുനൈറ്റഡ് റഷ്യ നേടി. ബാക്കി സീറ്റുകള്‍ നേടിയ മൂന്ന് പാര്‍ട്ടികള്‍ പുടിന്റെ നയങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിനാല്‍ പാര്‍ലിമെന്റില്‍ കാര്യമായ പ്രതിപക്ഷ സ്വരം ഉണ്ടാകില്ല. 51 ശതമാനം പേരാണ് വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുന്നോട്ടുപോകാനുള്ള സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. പാര്‍ലിമെന്റിന്റെ അധോസഭയായ ഡ്യൂമയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ 57 സീറ്റില്‍ വിജയിച്ചത് എടുത്തുപറയേണ്ട ഒന്നാണ്.

2016ല്‍ ലഭിച്ച 42നേക്കാള്‍ 15 സീറ്റാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികം നേടിയത്. വോട്ട് ഓഹരിയിലും മുന്നേറ്റമുണ്ടായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13 ശതമാനമായിരുന്ന വോട്ട് വിഹിതം ഇത്തവണ 19 ശതമാനമായി ഉയര്‍ന്നു. പ്രധാന പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സീറ്റിലും വോട്ടിംഗ് ശതമാനത്തിലും രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. തിരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറിയും തിരിമറിയുമുണ്ടായിയെന്ന ആരോപണം  ശക്തമാണ്. പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചും മറ്റുപാര്‍ട്ടികളെ നിശ്ശബ്ദമാക്കിയുമാണ് പ്രസിഡന്റ്  പുടിന്‍ വിജയം ഉറപ്പിച്ചത്. വോട്ടെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി സാര്‍വദേശീയ നിരീക്ഷകര്‍  കണ്ടെത്തിയിട്ടുണ്ട്. ഭരണഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുത്താനും അടുത്ത തവണയും പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാനും ഈ ഭൂരിപക്ഷം പുടിനെ സഹായിച്ചേക്കും. 2024ലാണ് അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പുടിന്റെ രാഷ്ട്രീയ എതിരാളി അലക്‌സി നവാല്‍നിയെ ജയിലിലടക്കുകയും അദ്ദേഹത്തിന്റെ സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മറ്റു പ്രതിപക്ഷ നേതാക്കള്‍ കേസില്‍ കുടുങ്ങുകയോ രാജ്യം വിടുകയോ ചെയ്തു.

സ്മാര്‍ട്ട് വോട്ടിംഗ് എന്ന വെബ്‌സൈറ്റ് വഴി പുടിനെ എതിര്‍ക്കുന്ന സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ നവാല്‍നിയെ പിന്തുണക്കുന്നവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആപ്പിള്‍, ഗൂഗിള്‍ കമ്പനികളെ സ്വാധീനിച്ച് ആ സൗകര്യം സര്‍ക്കാര്‍ തടസ്സപ്പെടുത്തി. വന്‍ ക്രമക്കേടുകള്‍ നടന്നുവെന്ന് ആരോപിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മോസ്‌കോയില്‍ വലിയ പ്രകടനവും നടത്തിയിരുന്നു.  തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍.   ജനാധിപത്യത്തിന്റെ മരണമണിയാണ് റഷ്യന്‍ തിരഞ്ഞെടുപ്പില്‍ മുഴങ്ങിയത്. രാജ്യത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാന്‍ ഗെന്നഡി സുഗാനോവ് അഭ്യര്‍ഥിച്ചിട്ടുണ്ട്. മറ്റ് പ്രതിപക്ഷപാര്‍ട്ടികളും ഈ നിലയിലുള്ള ശക്തമായ പ്രതിഷേധമാണ് ഇതിനകം രേഖപ്പെടുത്തിയിരിക്കുന്നത്.

ഇത് റഷ്യയിലെ മാത്രം പ്രശ്‌നമല്ല. ജനാധിപത്യ രാജ്യങ്ങളെന്ന് മേനി നടിക്കുന്ന പലയിടങ്ങളിലും നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ വലിയ പ്രഹസനമായി മാറുകയാണ്. സ്വന്തം വിജയത്തിനായി ജനാധിപത്യത്തിന്റെ കഴുത്തില്‍ കൊലക്കത്തി കുത്തിയിറക്കാന്‍ പല ഭരണാധികാരികള്‍ക്കും യാതൊരു വൈമുഖ്യവുമില്ല. ഇത്തരം ജനാധിപത്യവിരുദ്ധമായ തിരഞ്ഞെടുപ്പുകളെ പിന്നീട് ലോകം അംഗീകരിക്കുകയും ചെയ്യുന്ന ചിത്രവും  മുന്നിലുണ്ട്. ആജീവനാന്ത പ്രസിഡന്റായിരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്  പുടിന്‍. അതിനുവേണ്ടി ഭരണഘടനാ ഭേദഗതി അദ്ദേഹം പാസ്സാക്കിയെടുത്തിരിക്കുകയാണ്. ജനാധിപത്യത്തിന്റെ മൂടുപടം അണിഞ്ഞ ഒരു സ്വാച്ഛാധിപതിയാണ് പുടിന്‍ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്തായാലും ഈ തിരഞ്ഞെടപ്പിന്റെ ന്യായവും അന്യായവുമെല്ലാം വിലയിരുത്തേണ്ടത് റഷ്യയും ആ രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങളുമാണ്.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest