Connect with us

Education

സെറ്റ് സെറ്റാക്കിയാലോ

ഇപ്പോൾ തന്നെ അപേക്ഷിക്കാം • ഉയർന്ന പ്രായപരിധിയില്ല

Published

|

Last Updated

സെറ്റ് പരീക്ഷക്ക് ഇപ്പോൾ തന്നെ അപേക്ഷിച്ചാലോ? ജൂലൈയിൽ നടക്കുന്ന പരീക്ഷക്ക് ഈ മാസം 25ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ നൽകാം. ഹയർസെക്കൻഡറി, നോൺ ഹയർസെക്കൻഡറി അധ്യാപക യോഗ്യത നിർണയിക്കുന്നതിനുള്ള പരീക്ഷയാണ് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് അഥവാ സെറ്റ്. സർക്കാറിന്റെ സ്വയംഭരണ സ്ഥാപനമായ ലാൽ ബഹദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയാണ് സെറ്റ് പരീക്ഷ നടത്തുന്നത്.

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയവർക്കും ബി എഡ് ഉള്ളവർക്കും അപേക്ഷിക്കാം. എന്നാൽ ആന്ത്രോപോളജി, കൊമേഴ്സ്, ഗാന്ധിയൻ സ്റ്റഡീസ്, ജിയോളജി, ഹോം സയൻസ്, ജേണലിസം, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, സോഷ്യൽ വർക്, സോഷ്യോളജി, സ്റ്റാറ്റിസിറ്റിക്‌സ് എന്നീ വിഷയങ്ങൾ പഠിച്ചവർക്ക് പരീക്ഷ എഴുതാൻ ബി എഡ് വേണമെന്ന് നിർബന്ധമില്ല. അറബിക്, ഹിന്ദി, ഉറുദു എന്നീ വിഷയങ്ങളിൽ ഡി എൽ ഇ ഡി, ടി ടി സി യോഗ്യതക്കാർക്കും ബി എഡ് നിർബന്ധമില്ല. എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ടവർക്കും പി ഡബ്ല്യൂ ഡി വിഭാഗത്തിൽപ്പെട്ടവർക്കും ബിരുദാനന്തര ബിരുദത്തിൽ അഞ്ച് ശതമാനം ഇളവ് ലഭിക്കും. കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്‌പോണ്ടൻസ്, ഓപൺ ബിരുദങ്ങൾ സെറ്റ് പരീക്ഷക്കായി പരിഗണിക്കില്ല. പി ജി നേടി ഇപ്പോൾ അവസാന വർഷ ബി എഡ് പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കും ബി എഡ് ലഭിച്ച് അവസാന വർഷ പി ജി പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കും സെറ്റിന് അപേക്ഷിക്കാവുന്നതാണ്. സെറ്റ് ഫലം വന്ന് ഒരു വർഷത്തിന് ശേഷം യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആർക്കും ഉയർന്ന പ്രായപരിധിയില്ല.

രണ്ട് പേപ്പറാണ് പരീക്ഷക്ക് ഉണ്ടാകുക. ഓരോന്നിനും 120 മിനുട്ടാണ് സമയം അനുവദിച്ചിരിക്കുന്നത്. 120 ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പായിരിക്കും. ഇതിന് ഓരോ മാർക്ക് വീതമാണ് സ്‌കോർ. ഒന്നാം പേപ്പർ എല്ലാ വിഷയക്കാർക്കും പൊതുവായിരിക്കും. ഇതിൽ പൊതുവിജ്ഞാനം, അഭിരുചി എന്നിവയാണ് ഉണ്ടാവുക. രണ്ടാം ചോദ്യപേപ്പർ ഓരോരുത്തരുടെയും ബിരുദാനന്തര ബിരുദ വിഷയത്തെ ആസ്പദമാക്കിയാവും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രമുണ്ടായിരിക്കും. സെറ്റ് പരീക്ഷയിൽ വിജയിക്കാൻ ജനറൽ വിഭാഗത്തിന് ഓരോ പേപ്പറിനും 40 ശതമാനം മാർക്കും രണ്ട് പേപ്പറിനും കൂടി 48 ശതമാനം മാർക്കും വേണം. ഒ ബി സി വിഭാഗക്കാർക്ക് 35, 45 എന്നിങ്ങനെയും എസ് സി, എസ് ടി വിഭാഗക്കാർക്ക് 35, 40 എന്നിങ്ങനെയുമാണ് കണക്ക്. ജനറൽ ഒ ബി സി വിഭാഗക്കാർക്ക് 1,000 രൂപയാണ് അപേക്ഷാ ഫീസ്.
എസ് സി, എസ് ടി, ഭിന്നശേഷിക്കാർക്ക് 500 രൂപയും. ഫീസ് ഓൺലൈനായി അടക്കണം. വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി www.lbscentre.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാന തീയതി ഈ മാസം 25.

---- facebook comment plugin here -----

Latest