Kerala
കലോത്സവത്തിലെ സ്വാഗത ഗാന വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
കലോത്സവ ഗാനത്തിലെ പരാമര്‍ശ വിധേയമായ ഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നിലപാട് അല്ല

കൊല്ലം | സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാന വിവാദത്തില്‍് അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. കലോത്സവ ഗാനത്തിലെ പരാമര്‍ശ വിധേയമായ ഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നിലപാട് അല്ല. സ്വാഗത ഗാനം അവതരിപ്പിച്ച മാതാ പേരാമ്പ്രയെ വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന കാര്യം പരിഗണനയിലാണ്. സ്‌കൂള്‍ കലോത്സവത്തിന്റെ ഓരോ വിഭാഗവും നിയന്ത്രിക്കുന്നത് അധ്യാപക സംഘടനകളാണ്. സ്വാഗത ഗാനം ഒരു സമിതി സ്‌ക്രീന്‍ ചെയ്തിരുന്നു. എന്നാല്‍ സ്റ്റേജ് ഡ്രസില്‍ അല്ലായിരുന്നു സ്‌ക്രീനിംഗ് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.
കലോത്സവ ഭക്ഷണത്തിന്റെ പേരില്‍ ചിലര്‍ വെറുതെ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. മികച്ച കരിയര്‍ റെക്കോര്‍ഡുള്ള പഴയിടം മോഹനന്‍ നമ്പൂതിരിയെ ക്രൂശിക്കുന്ന തരത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. വൈവിധ്യങ്ങളുടെ മേളയാണ് കലോത്സവം. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇനിയും ഈ വിഷയത്തില്‍ കടിച്ചു തൂങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് കൃത്യമായ അജണ്ടയുണ്ടെന്നും അത് തിരിച്ചറിയാനുള്ള മതേതര മനസ് കേരളത്തിനുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.