Connect with us

National

ഭീകരതയ്ക്ക് നമ്മള്‍ മറുപടി നല്‍കി; 22 മിനിട്ടിൽ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു: പ്രധാനമന്ത്രി

നീതിയുടെ പുതിയ സ്വരൂപമാണ് ഓപ്പറേഷന്‍ സിന്ദൂര്‍.

Published

|

Last Updated

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യയുടെ പ്രത്യാക്രമണം ശത്രുക്കള്‍ക്ക് ശക്തമായ സന്ദേശം നല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.ബിക്കാനീറില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി വേഗത്തില്‍ തിരിച്ചടി നല്‍കിയ സായുധ സേനയെ അഭിനന്ദിച്ചു.

ഭീകരര്‍ നമ്മുടെ ജനങ്ങളെ ലക്ഷ്യം വച്ചു.ഏപ്രില്‍ 22 ന് ഭീകരര്‍ നടത്തിയ ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ  22 മിനിറ്റില്‍ മറുപടി നല്‍കി. 9 ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു.പഹല്‍ഗാമില്‍ ഉതിര്‍ത്ത വെടിയുണ്ടകള്‍ 140 കോടി ഇന്ത്യക്കാരുടെ ഹൃദയങ്ങളെയാണ് മുറിവേല്‍പ്പിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു കളഞ്ഞ ആക്രമണമാണ് നടന്നത്. നീതിയുടെ പുതിയ സ്വരൂപമാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഭീകരതയ്ക്ക് നമ്മള്‍ മറുപടി നല്‍കി. അണുബോംബിന്റെ പേരില്‍ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട. പാകിസ്ഥാന്റെ യഥാര്‍ത്ഥ മുഖം ലോകത്തിന് മുന്നില്‍ ഇന്ത്യ തുറന്നുകാട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest