operation sindoor
നിലവിലെ സ്ഥിതിഗതിയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്; ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചെെന
എല്ലാത്തരം ഭീകരതയെയും ചൈന എതിര്‍ക്കുന്നു,സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കുന്ന നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ ഇന്ത്യയോടും പാകിസ്ഥാനോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു

ബീജിംഗ് | പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ ആശങ്ക അറിയിച്ച് ചൈന രംഗത്ത്.ആണവായുധങ്ങളുള്ള അയല്‍ക്കാര്‍ തമ്മിലുള്ള വലിയ സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഇന്ത്യയും ചൈനയും അയല്‍രാജ്യങ്ങളാണ്. നിലവിലെ സ്ഥിതിഗതിയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇരുരാജ്യങ്ങളും ചൈനയുടെ കൂടി അയല്‍ക്കാരാണ്. എല്ലാത്തരം ഭീകരതയെയും ചൈന എതിര്‍ക്കുന്നു. സമാധാനത്തിനും സ്ഥിരതയ്ക്കും മുന്‍ഗണന നല്‍കണം. ശാന്തതയും സംയമനവും പാലിക്കണം. സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കുന്ന നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ ഇന്ത്യയോടും പാകിസ്ഥാനോടും ഞങ്ങള്‍ ആവശ്യപ്പെടുന്നുവെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
അമേരിക്കയും ഐക്യരാഷ്ട്രസഭയും ഇസ്റാഈലും നിലവിലെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പ്രതികരിച്ചിരുന്നു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു മാര്‍ക്കോ റൂബിയോയുടെ പ്രതികരണം.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ സൈനിക നടപടി ആരംഭിച്ചത്.കര, വ്യോമസേനകള്‍ സംയുക്തമായി, അര്‍ധരാത്രിക്ക് ശേഷമായിരുന്നു ആക്രമണം നടത്തിയത്. കൊടുംഭീകര സംഘടനകളായ ജെയ്‌ഷെ ഇ മൊഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ എന്നിവരുടെ കേന്ദ്രങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിട്ടത്. മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനവും ഇന്ത്യന്‍ സൈന്യം തകര്‍ത്തുകഴിഞ്ഞു.മുസാഫറാഫാദിലെ ഭീകരകേന്ദ്രം ഇന്ത്യ നിലംപരിശാക്കിയിട്ടുണ്ട്.