Kerala
ഞങ്ങള്‍ എല്ലാ കാലത്തും അതിജീവിതക്കൊപ്പം, അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ മറുപടി; രമേശ് ചെന്നിത്തല
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് നീതി ലഭ്യമായെന്നാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത്.
ആലപ്പുഴ|തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. അയ്യപ്പനോട് കളിച്ചവര്‍ രക്ഷപ്പെടില്ല. ശബരിമല വലിയ വിഷയം തന്നെയാണ്. നാളെ എസ്ഐടിക്ക് മുന്നില്‍ എന്റെ കയ്യിലുള്ള വിവരങ്ങള്‍ നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 7000 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഇല്ല. അത് സിപിഐഎം-ബിജെപി ബന്ധത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസില്‍ വിധി വായിച്ച ശേഷം മറുപടി പറയുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഞങ്ങള്‍ എല്ലാ കാലത്തും അതിജീവിതക്കൊപ്പമാണ്. അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ മറുപടിയാണ്. വിധി വായിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ പറയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് നീതി ലഭ്യമായെന്നാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. ദിലീപുമായി അടുത്ത ബന്ധമുണ്ട്. ഈ വിധി വ്യക്തിപരമായി സന്തോഷം നല്‍കുന്നു. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം.


