Connect with us

ari komban

അരിക്കൊമ്പനെ പിടികൂടാനുള്ള വയനാടൻ ദൗത്യസംഘം ഇടുക്കിയിൽ

വിക്രം എന്ന വടക്കനാട് കൊമ്പനുമായുള്ള സംഘമാണ് ചിന്നക്കനാലിലെത്തിയത്.

Published

|

Last Updated

തൊടുപുഴ | ഇടുക്കി ചിന്നക്കനാലിൽ ഭീതി പരത്തുന്ന അരി കൊമ്പനെ പിടികൂടാനുള്ള ദൗത്യസംഘം ജില്ലയിലെത്തി. മുത്തങ്ങ ആനപ്പന്തിയിൽ നിന്നുള്ള നാല് കുങ്കിയാനകളെയാണ് ദൗത്യത്തിനായി കൊണ്ടുപോകുന്നത്. വിക്രം എന്ന വടക്കനാട് കൊമ്പനുമായുള്ള സംഘമാണ് ചിന്നക്കനാലിലെത്തിയത്. ഇന്നലെ വൈകിട്ടാണ് വയനാട്ടിൽ നിന്ന് വിക്രം പുറപ്പെട്ടത്. വരും ദിവസങ്ങളിൽ മറ്റ് കുങ്കികളും ചിന്നക്കനാലിലെത്തും.

ചിന്നക്കനാലിൽ ഭീതി പരത്തുന്ന അരികൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി കൊട്ടിലിൽ തളക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കൊമ്പനെ പിടികൂടാനുള്ള 23 അംഗ ദൗത്യസംഘമാണ് ചുരമിറങ്ങിയത്. ആർ ആർ ടി എലിഫന്റ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസർ രൂപേഷ്, ഫോസ്റ്റ് വെറ്ററിനറി ചീഫ് ഓഫീസർ ഡോ. അരുൺ സക്കറിയ എന്നിവരുടെ സംഘമാണ് ചിന്നക്കനാലിലെത്തിയത്. വിക്രമിന് പുറമെ സൂര്യൻ, കുഞ്ചു, സുരേന്ദ്രൻ എന്നീ കുങ്കിയാനകളാണ് ദൗത്യത്തിനായി എത്തുക.

കുങ്കിയാനകൾ എത്തിയ ശേഷമായിരിക്കും അരി കൊമ്പനെ പിടികൂടാനുള്ള ദൗത്യം തുടങ്ങുക.
മയക്കുവെടി വെച്ച് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുന്ന ആനയെ കോടനാട് നിർമിച്ച കൊട്ടിലിൽ പാർപ്പിക്കാനാണ് തീരുമാനം. അരി കൊമ്പനെ പിടികൂടാൻ താത്കാലിക റേഷൻ കട ചിന്നക്കനലാലിൽ സ്ഥാപിച്ചിട്ടുണ്ട്. റേഷൻ കട തകർത്ത് അരി ശാപ്പിടുന്നതാണ് അരി കൊമ്പൻ്റെ രീതി.

Latest