National
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍
ദുരന്തബാധിതര്‍ക്ക് സമഗ്രമായ പുനരധിവാസ പാക്കേജുകള്‍ നല്‍കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നും രാഹുല്‍ പറഞ്ഞു.
ന്യൂഡല്‍ഹി | വയനാട്ടില്‍ നൂറുകണക്കിന് പേരുടെ ജീവനെടുക്കുകയും കോടികളുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതിന് പുറമെ വയനാട്ടിലെ ദുരിതബാധിതരുടെ നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നും രാഹുല്‍ പറഞ്ഞു.വയനാട്ടിലെ ദുരന്തബാധിത മേഖല താന്‍ നേരില്‍ കണ്ടതാണ്. അതിന്റെ വ്യാപ്തി വളരെ വലുതാണ്. വിവരിക്കാവുന്നതിലപ്പുറം നഷ്ടമാണ് അവിടുത്തെ ഓരോ കുടുംബത്തിനും ഉണ്ടായിരിക്കുന്നത്. അതിന്റെ വ്യാപ്തി കണക്കിലെടുത്ത് ദേശീയദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണം- രാഹുല്‍ ആവശ്യമുന്നയിച്ചു
ദുരന്തമേഖലയില്‍ സഹായഹസ്തവുമായി എത്തിയവരോട് നന്ദിയുണ്ടെന്നും രാഹുല്‍ പറഞ്ഞു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡുകള്‍ ഒലിച്ചുപോയതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയായെന്ന് രാഹുല്‍ പറഞ്ഞു. ദുരന്തബാധിതര്‍ക്ക് സമഗ്രമായ പുനരധിവാസ പാക്കേജുകള്‍ നല്‍കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നും രാഹുല്‍ പറഞ്ഞു.