Prathivaram
ആഹ്ലാദ നിറവിലും കണ്ണീരിന്റെ നനവ്
വാതിൽപ്പടി കടന്ന് പ്രവാസത്തിലേക്ക് ചേക്കേറിയവന്റെ ഈദിന് മൈലാഞ്ചിയുടെ നിറമില്ല. മധുരോതരമായ കുട്ടിക്കാല പെരുന്നാൾ ഓർമകൾ മാത്രമാണ് അവന്റെ സമ്പാദ്യം. വിഭവങ്ങൾ ഏറെ ഒരുക്കി മുന്നിൽ നിറഞ്ഞാലും എന്തോ ഒരു കുറവ് അവനെ വന്നുപൊതിയും. ചിരിയിലൂടെയും തമാശയിലൂടെയും പ്രവാസി ആ കുറവ് മറക്കാൻ ശ്രമിച്ചാലും അകത്ത് അവന് പോലും നിയന്ത്രിക്കാനാകാത്ത ഒരു വിതുമ്പൽ നടക്കുന്നുണ്ടാകും.
		
      																					
              
              
            പെറ്റുപെരുകുന്ന പാപങ്ങളുടെ അറ്റമില്ലാ കയങ്ങളിൽ ആഴ്ന്നുപോകുന്ന മനുഷ്യന്റെ മനസ്സും വപസ്സും നേർവഴിയിലേക്ക് ആനയിക്കാൻ മുപ്പത് ദിനരാത്രങ്ങളിൽ ഐഹികാഡംബരങ്ങളിൽ നിന്നും എല്ലാ പ്രലോഭനങ്ങളിൽ നിന്നും മാറിനടന്ന് ഒരാന്തരികമായ അച്ചടക്കത്തിലേക്ക് മാത്രമല്ല നാം വന്നണയുന്നത്. നമുക്ക് നമ്മെത്തന്നെ ഒന്ന് കഴുകിത്തുടച്ച് വൃത്തിയാക്കാൻ വ്രതമാസം ഉപയുക്തമാകുകയായിരുന്നു. മനുഷ്യരെല്ലാം സഹജാതരാണ്. അവരിൽ ഭേദത്വമാരോപിക്കുന്നതും അയുക്തികം. സാഹോദര്യത്തിന്റെ ആത്മബന്ധമാണ് മനുഷ്യരാശിയെ സചേതനമാക്കി പരിവർത്തിപ്പിക്കുന്നത്. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സാഹോദര്യമതാണ്.
ഉപഭോക്തൃ സംസ്‌കാരം അതിന്റെ കനത്ത കരം കൊണ്ട് നമ്മെ കരാളമായി ധൃതരാഷ്ട്രാലിംഗനം ചെയ്തു കഴിഞ്ഞെന്നും കുതറിയോടിയേ തെളിഞ്ഞ ജീവിത വിശുദ്ധിയിലേക്ക് എത്തിപ്പെടാനാകൂ എന്നും നമുക്കിന്ന് ഏറെക്കുറെ ബോധ്യം വന്നു കഴിഞ്ഞിട്ടുണ്ട്. നമ്മിലേക്ക് തന്നെ ഉൾവലിയാൻ പ്രേരിപ്പിക്കുന്ന ഒരു വ്യവസ്ഥിതി നമ്മോട് നിരന്തരം പറയുന്നതും സ്വാർഥതയിലേക്കും തന്റെ മാളങ്ങളിലേക്കും ഇഴഞ്ഞുപോകാനാണ്. ഈ കറുത്ത കാലത്ത് മനുഷ്യത്വത്തിന്റെ ഹൃദയവായ്പു കൊണ്ട് അശരണരായ മനുഷ്യരുടെ വിശപ്പിന്റെ രുചി നാം അറിയുകയാണ്. അവരുടെ ചേർത്തുനിർത്തേണ്ടുന്ന കാരുണ്യത്തിന്റെ വെളിച്ചത്തെ കുറിച്ച് ഇപ്പോൾ നമുക്ക് ബോധ്യമുണ്ടായിരിക്കുന്നു.
എത്ര പെട്ടെന്നാണ് മുപ്പത് ദിനരാത്രങ്ങൾ കൊഴിഞ്ഞുവീണത്. സഹനത്തിന്റെയും ത്യാഗത്തിന്റെയും വിട്ടുവീഴ്ചയുടെയും നിയന്ത്രണത്തിന്റെയും ദിനരാത്രങ്ങൾ ശവ്വാലിന്റെ വിശുദ്ധമായ വെളിച്ചക്കീറ് ആത്മീയ സുഖാനുഭവത്തിന്റെ പാരമ്യതയിലേക്ക് നമ്മെ ചെന്നെത്തിക്കുന്നു. ഒരു കുഞ്ഞിളം മനസ്സിന്റെ നൈർമല്യതയോടെ പുതുവസ്ത്ര മോഡിയിൽ ഒരു പുതിയ മനുഷ്യനായി എത്തിക്കുന്നു.
വാതിൽപ്പടി കടന്ന് പ്രവാസത്തിലേക്ക് ചേക്കേറിയവന്റെ ഈദിന് മൈലാഞ്ചിയുടെ നിറമില്ല. മധുരോതരമായ കുട്ടിക്കാല പെരുന്നാൾ ഓർമകൾ മാത്രമാണ് അവന്റെ സമ്പാദ്യം. വിഭവങ്ങൾ ഏറെ ഒരുക്കി മുന്നിൽ നിറഞ്ഞാലും എന്തോ ഒരു കുറവ് അവനെ വന്നുപൊതിയും. ചിരിയിലൂടെയും തമാശയിലൂടെയും പ്രവാസി ആ കുറവ് മറക്കാൻ ശ്രമിച്ചാലും അകത്ത് അവന് പോലും നിയന്ത്രിക്കാനാകാത്ത ഒരു വിതുമ്പൽ നടക്കുന്നുണ്ടാകും. ആഴ്ചയിലൊരിക്കൽ അവധിദിനമുള്ളവരാണ് ഭൂരിപക്ഷവും. ഫാമിലിയായി കഴിയുന്നവരും ഏറെയുണ്ട്. പക്ഷേ, ഒരവധിദിനം പോലുമില്ലാത്ത നിയതമായ വിശ്രമം പോലും ലഭിക്കാത്ത അനേകം മനുഷ്യരും ഈ വെളിച്ചത്തിന്റെ പ്രഭയിൽ നാമറിയാതെ ജീവിക്കുന്നുണ്ട്. അറബി വീടുകളിൽ ജോലി ചെയ്യുന്നവർ, അവിടുത്തെ ഡ്രൈവർമാർ, ഫാമുകളിൽ ജോലി ചെയ്യുന്നവർ, കഫ്റ്റീരിയകളിലും ഹോട്ടലുകളിലും ജോലി ചെയ്യുന്നവർ, വാച്ച്മാന്മാർ, മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന തൂപ്പുകാർ…. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്തവർ ജീവിതം നൽകേണ്ടുന്ന എല്ലാ ആഹ്ലാദാരവങ്ങളിൽ നിന്നും ദൂരേക്ക് വലിച്ചെറിയപ്പെട്ടവരാണ്. ഒരാഹ്ലാദവും അവരെച്ചെന്ന് തൊടാറില്ല. ഒരു സ്‌നേഹവായ്പും അവരിലേക്ക് നീളാറുമില്ല. ചരിത്രത്തിന്റെയും സാഹിത്യത്തിന്റെയും മണ്ഡലത്തിലേക്ക് ഒരിക്കൽ പോലും അവരൊന്ന് തലനീട്ടി വന്നിട്ടുപോലുമില്ല. എന്നിട്ടും അവർ ജീവിതത്തെ അത്യാഹ്ലാദത്തോടെ ആശ്ലേഷിക്കുന്നു. അവരവരുടെ തേന്മധുരമായ കുട്ടിക്കാല ഓർമകൾ ഇപ്പോഴും അയവിറക്കിക്കൊണ്ട് ഏതെങ്കിലുമൊക്കെ ഇരുട്ടുമുറിയിൽ എല്ലാ ആഘോഷങ്ങളെയും മാറ്റിനിർത്തി അവർ ജീവിതത്തെ പുണർന്നുകൊണ്ട് ഇപ്പോഴും ജീവിക്കുന്നുണ്ട് എന്നെങ്കിലും നാം തിരിച്ചറിയണം. ഒരു യന്ത്രം കണക്കെ എന്നൊന്നും നമുക്ക് പറയാൻ കഴിയില്ല. കാരണം, എല്ലാ യന്ത്രവും പണിമുടക്കും. അതിനൊരു സർവീസും റിപ്പയറും ആവശ്യമാണ്. പക്ഷേ, ഒരു വിശ്രമവുമില്ലാതെ ഇപ്പോഴും ദൈവത്തിന്റെ കാവലുകൾ കൊണ്ട് മാത്രം പ്രവർത്തിക്കുന്ന ഇച്ഛാശക്തിയുടെ പേരുകൂടിയാണ് ഇത്തരം മനുഷ്യർ.
നാം ആഹ്ലാദത്തിന്റെ വലിയ പ്രഭയിൽ കുളിച്ചുനിൽക്കുമ്പോഴും നമ്മുടെ കൺപിരികത്തിന്റെ താഴെ ഇങ്ങനെ എത്രയോ മനുഷ്യർ ഒരാഹ്ലാദവുമില്ലാതെ ജീവിക്കുന്നുണ്ട്. ഒരാഘോഷവുമില്ലാതെ ജീവിക്കുന്നുണ്ട് എന്നു നാം തിരിച്ചറിയണം. ഈ മനുഷ്യരുടെ കദനകഥകൾ ആരും എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ഒറ്റപ്പെടലിന്റെ ഇരുട്ടറയിൽ നിന്ന് ആഘോഷങ്ങളുടെ വെളിച്ചങ്ങളിലേക്ക് ഇവർക്ക് ഒരിക്കലും എത്തിച്ചേരാനാകില്ല. എങ്കിലും പഴയകാലത്തെ അതീവ ദൈന്യതകളിൽ നിന്ന് ഒരൽപ്പമെങ്കിലും ഒരു മാറ്റമെന്ന് പറയുന്നത് ഇന്ന് വീഡിയോ കോളിലൂടെയെങ്കിലും കടലിന്റെ അപ്പുറത്ത് ജീവിക്കുന്ന തന്റെ ബന്ധുമിത്രാദികൾ പുതുവസ്ത്ര മോഡിയിൽ പോകുന്നത് കാണാനുള്ള ഒരു ഭാഗ്യമെങ്കിലും ഇപ്പോഴുണ്ട്. തന്റെ പ്രിയപ്പെട്ടവരെ കാണാൻ കഴിയാതെ അവരെ കുറിച്ച് ഒരു വിവരവുമില്ലാതെ കഴിഞ്ഞിരുന്ന അത്യന്തം മരുഭൂവായ ജീവിതാവസ്ഥയിൽ നിന്ന് പ്രവാസി ഇത്രയെങ്കിലും ശാന്തമായ ഒരിടത്തേക്ക് വന്നിട്ടുണ്ട് എന്ന് സമ്മതിച്ചേ മതിയാകൂ. അത്തറിന്റെ സുഗന്ധവും കൈകളിൽ മൈലാഞ്ചിച്ചോപ്പുമായി സന്തോഷത്തിന്റെ പുളകങ്ങളിലൂടെ ഒരുമിച്ച് കൈകൾ ചേർത്തുപിടിച്ച് പള്ളികളിലേക്ക് പോകുന്ന ഒരു വലിയ സൗഹൃദമുണ്ട്.
ഈ പ്രവാസ ഭൂമിയിൽ നമുക്ക് ഏറ്റവും അഭിമാനം നൽകുന്ന കാര്യം ഏതാണ്ട് 184 രാജ്യങ്ങളിലുള്ള മനുഷ്യർ ഒറ്റക്ക് ആകാശത്തിന് കീഴിൽ ഒരു ഉമ്മ പെറ്റ മക്കളെപ്പോലെ നിന്ന അല്ലാഹുവിലേക്കുള്ള തക്ബീർ ധ്വനികൾ, ഒരു പക്ഷേ, എല്ലാ ഇരുട്ടുകളെയും പിളർത്തിക്കൊണ്ട് എല്ലാ മതിലുകളെയും തകർത്തുകൊണ്ട് മനുഷ്യർ സൃഷ്ടിച്ച അതിർവരമ്പുകളെ ഭേദിച്ചുകൊണ്ട് അല്ലാഹുവിന്റെ വിശുദ്ധമായ ഇടങ്ങളിലേക്ക് ഒന്നിച്ച് ഒരുമയോടെ പ്രാർഥിക്കുന്ന മഹനീയമായ അനുഭവം ഒരുപക്ഷേ നാട്ടിൽ നിന്ന് കിട്ടിയെന്ന് വരില്ല. അത് പ്രവാസത്തിന് മാത്രമേ അത്തരമൊരു തിക്തമായ അനുഭവം നമുക്ക് അറിയാൻ കഴിയുകയുള്ളൂ.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

