Connect with us

Articles

ശിരച്ഛേദം ചെയ്യപ്പെടുന്ന യുദ്ധകാല വാര്‍ത്തകള്‍

ഫലസ്തീന്‍- ഇസ്‌റാഈല്‍ സംഘര്‍ഷത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങളുടെ ഇടക്കിടെയുള്ള സമീപന വൈകൃതങ്ങളുടെ ചരിത്രത്തിനും

Published

|

Last Updated

“ഞങ്ങള്‍ ഇന്നലെ തത്സമയ വാര്‍ത്താ സംപ്രേഷണം നടത്തുന്നതിനിടയിലാണ് ഹമാസ് ചെറിയ കുഞ്ഞുങ്ങളെ ശിരച്ഛേദം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് വന്നത്. പക്ഷേ, ഇപ്പോള്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ പറയുന്നു ഹമാസ് കുഞ്ഞുങ്ങളെ ശിരച്ഛേദം ചെയ്തിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന്. ഞാന്‍ എന്റെ വാക്കുകളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമായിരുന്നു. എന്നോട് ക്ഷമിക്കണം.’ സി എന്‍ എന്‍ ചാനലില്‍ റിപോര്‍ട്ടറായ സാറ സിദ്‌നേര്‍ കഴിഞ്ഞ ദിവസം തന്റെ തെറ്റായ റിപോര്‍ട്ടിംഗില്‍ മാപ്പ് ചോദിച്ചു കൊണ്ട് പോസ്റ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. പക്ഷേ, മാപ്പ് വന്നപ്പോഴേക്കും ഹമാസ് ശിരച്ഛേദം നടത്തിയെന്ന വ്യാജ വാര്‍ത്ത വിശ്വസനീയമെന്നോണം ലോകമൊട്ടാകെ പ്രചരിച്ചു കഴിഞ്ഞിരുന്നു. അങ്ങനെ തന്നെ വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗവും അതോടെ രൂപപ്പെടും. അതിന്റെ പകുതി പേരിലേക്ക് പോലും തിരുത്തി വരുന്ന യാഥാര്‍ഥ്യങ്ങള്‍ എത്താനിടയില്ല. ഇതുപോലെ സി എന്‍ എന്‍ മാത്രമല്ല. ഫലസ്തീന്‍- ഇസ്‌റാഈല്‍ സംഘര്‍ഷത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങളുടെ ഇടക്കിടെയുള്ള സമീപന വൈകൃതങ്ങളുടെ ചരിത്രത്തിനും.
ഫലസ്തീനും ഇസ്‌റാഈലും തമ്മിലുള്ള സംഘര്‍ഷങ്ങളും അസ്വാരസ്യങ്ങളും തുടങ്ങിയിട്ട് എത്രയോ ദശകങ്ങളായി. നാള്‍ക്കുനാള്‍ ഉറ്റവരുടെയും ഉടയവരുടെയും വേർപെട്ട ശരീരങ്ങളുടെയും മൃതദേഹങ്ങളുടെയും ഇടയില്‍ ജീവിക്കുന്നവരാണ് ഫലസ്തീന്‍ ജനത. അക്രമണങ്ങളും അധിനിവേശങ്ങളും ഇടവേളകളില്ലാതെ അവിടെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നുണ്ട്. എന്നിട്ടും ഹമാസിന്റെ താരതമ്യേന ശക്തി കുറഞ്ഞൊരു പ്രത്യാക്രമണം വന്നപ്പോഴേക്കും നൂറ്റാണ്ട് പഴക്കമുള്ള, ഇപ്പോഴും തുടരുന്ന പ്രശ്‌നങ്ങള്‍ക്കിടയില്‍ ആഗോള ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയില്‍ പുതിയൊരു വന്‍ സംഘര്‍ഷം ഉടലെടുത്ത പോലുള്ള സമീപനമാണ് ലോകമൊട്ടാകെ രൂപപ്പെട്ടത്. അവിടെ നിന്ന് തന്നെ തുടങ്ങുന്നുണ്ട് അന്താരാഷ്ട്ര മാധ്യമങ്ങളെന്നവകാശപ്പെടുന്ന പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങളുടെ പക്ഷപാതിത്വം.

പുതിയ പ്രശ്‌നങ്ങള്‍ രൂപപ്പെട്ട ഉടനെയുള്ള മാധ്യമ കവറേജുകള്‍ ഏതാണ്ടെല്ലാം നിരപരാധികളായ ഫലസ്തീന്‍ പൊതുജനങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു. ഹമാസിന്റെ ഭീകരാക്രമണം, അതിനെതിരെയുള്ള ഇസ്‌റാഈല്‍ രാഷ്ട്രത്തിന്റെ സ്വാഭാവിക പ്രതികരണം എന്നിങ്ങനെ മാത്രമായാണ് റിപോര്‍ട്ടുകള്‍ വന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ റിപോര്‍ട്ട് ചെയ്ത പ്രകാരം ദശാബ്ദങ്ങളായി ഇസ്‌റാഈല്‍ ഫലസ്തീനിനെ അടിച്ചമര്‍ത്തുന്നതിന്റെ വലിയൊരു ചരിത്ര സന്ദര്‍ഭം ഓര്‍മ പോലുമില്ലാത്ത രീതിയില്‍ പല മാധ്യമ പ്രവര്‍ത്തകരും ഹമാസ് നടത്തിയ ആക്രമണത്തിലൂടെ എല്ലാ കഥകളും ആരംഭിച്ചു എന്ന മട്ടിലാണ് വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ ഐക്യരാഷ്ട്ര സഭയില്‍ ഈയിടെ നടത്തിയ ഒരു പ്രസംഗത്തില്‍ സൂചിപ്പിച്ച പോലെ ഇസ്‌റാഈലികള്‍ കൊല്ലപ്പെടുന്നിടത്ത് നിന്ന് മാത്രമാണ് ചില മാധ്യമങ്ങളില്‍ ചരിത്രം ആരംഭിക്കുന്നത്.

നിലവില്‍ രൂക്ഷമായ പ്രശ്‌നത്തില്‍ ഫലസ്തീനിലും ഇസ്‌റാഈലിലുമുള്ള ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ, ബി ബി സി റിപോര്‍ട്ട് ചെയ്യുന്ന പ്രകാരം ഫലസ്തീനിലെ ആളുകള്‍ മരിക്കുകയും ഇസ്‌റാഈലിലെ ആളുകള്‍ കൊല്ലപ്പെടുകയുമാണ് ചെയ്യുന്നത്. അതെങ്ങനെയാണ് സംഭവിക്കുന്നത്. ഇസ്‌റാഈലില്‍ നടക്കുന്നത് അക്രമണവും കൊലപാതകവും ഫലസ്തീനില്‍ നടക്കുന്നത് പ്രതിരോധവും സ്വാഭാവിക മരണങ്ങളും എന്ന് പറയാതെ പറയാന്‍ എങ്ങനെയാണ് സാധിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്യേണ്ടത് എങ്ങനെയാണെന്ന് നിര്‍ദേശിക്കുന്ന ആഗോള റൂള്‍ബുക്കുകളൊന്നും നിലവിലില്ല. പക്ഷേ, തൊഴിലെടുക്കുന്ന സമയത്ത് സൂക്ഷിക്കേണ്ട അടിസ്ഥാന ധാര്‍മികതയും മൂല്യബോധവും വളരെ നേരത്തേ തന്നെ യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍ക്ക് പഠിപ്പിക്കപ്പെടും. രാഷ്ട്രീയ അക്രമങ്ങള്‍ ഉച്ചരിക്കുമ്പോള്‍ ഭാഷയുടെ പ്രാധാന്യം എത്രത്തോളമുണ്ട് എന്ന് അവര്‍ക്ക് നന്നായറിയാം. അതുകൊണ്ട് തന്നെ ഇതൊന്നും യാദൃച്ഛികമായി സംഭവിക്കുന്നതല്ല.

2018ലെ ഇസ്‌റാഈല്‍ സേനയുടെ ആക്രമണത്തെ ന്യൂയോര്‍ക്ക് ടൈംസ് വിവരിച്ചത് “അമേരിക്ക ജറൂസലമില്‍ എംബസി തുറക്കാനിരിക്കെ ഫലസ്തീനികള്‍ പ്രതിഷേധത്തില്‍ മരിച്ചു’ എന്നാണ്. ഇസ്‌റാഈല്‍ സൈനികരുടെ വെടിയേറ്റ് മരിച്ചു എന്ന് പോലും എഴുതാന്‍ മറക്കുംവിധത്തില്‍ നേരത്തേ പറഞ്ഞ ഭാഷയുടെ പ്രാധാന്യം കൃത്യമായി ഉപയോഗപ്പെടുത്തുന്നതിന്റെ മറ്റൊരു ഉദാഹരണം. ആക്രമണം എന്നിടത്ത് “ഓപറേഷന്‍’ അല്ലെങ്കില്‍ “ക്യാമ്പയിൻ’ പോലുള്ള നിഷ്പക്ഷ പദങ്ങള്‍ കയറി വരുന്നതും നിഷ്‌ക്രിയ പദങ്ങളുടെ ഉപയോഗവും പ്രഖ്യാപിത രാജ്യത്തിന് ഒരു പേരുദോഷവും വരുത്താതെ കാര്യമവതരിപ്പിക്കാന്‍ പക്ഷപാതിത്വം പിടിപെട്ട മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഫലപ്രദമായ മാര്‍ഗങ്ങളാണ്.

മാസങ്ങള്‍ക്ക് മുമ്പ് ഇസ്‌റാഈല്‍ നടത്തിയ ഒരു ആക്രമണത്തിന് ശേഷം ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്സ് (ഐ ഡി എഫ്) നടത്തിയ പ്രസ്താവനയില്‍ “ജെനിന്‍ നഗരത്തില്‍ തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുകയും വിപുലമായ തീവ്രവാദവിരുദ്ധ ക്യാമ്പയിന്‍ ആരംഭിക്കുകയും ചെയ്തു എന്നാണുള്ളത്. 10 പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഈ ആക്രമണത്തെ പ്രസ്താവന അതുപോലെ ഉദ്ധരിച്ച് “ഓപറേഷന്‍’ എന്നാണ് പാശ്ചാത്യ മാധ്യമ സ്ഥാപനങ്ങള്‍ വിശേഷിപ്പിച്ചത്. ഗസ്സയില്‍ ആയിരക്കണക്കിന് സിവിലിയന്മാരെ കൊന്നൊടുക്കിയ ഇസ്‌റാഈലിന്റെ ക്രൂരതകളെ ഒരിക്കല്‍ പോലും കൊലപാതകമെന്നോ ആക്രമണമെന്നോ ഈ വാര്‍ത്താ ഔട്ട്‌ലെറ്റുകള്‍ പറഞ്ഞിട്ടില്ല.
നിലവിലെ മാധ്യമ സംസ്‌കാരമനുസരിച്ച് സി എന്‍ എന്‍ പോലുള്ളൊരു ചാനലില്‍ ലൈവ് സംപ്രേഷണത്തിനിടെ നല്‍കുന്ന ബ്രേക്കിംഗ് ന്യൂസുകളല്ലെങ്കില്‍ പിന്നെന്താണ് ലോകം വിശ്വസിക്കേണ്ടത്. ബി ബി സിയുടെയും ന്യൂയോര്‍ക്ക് ടൈംസിന്റെയും വാര്‍ത്തകളല്ലെങ്കില്‍ പിന്നെ ഏത് വിവരങ്ങളാണ് ലോക ജനത വിശ്വാസത്തിലെടുക്കുക. ഉറവിടങ്ങള്‍ അജ്ഞാതമായ സാമൂഹിക മാധ്യമങ്ങളില്‍ ഒഴുകിനടക്കുന്ന വീഡിയോ ശകലങ്ങളാണോ ആഗോള ജനതയുടെ അറിവിന്റെ കേന്ദ്രം. ഒരിക്കലുമല്ല. കൃത്യതയും ആധികാരികതയും മാധ്യമ ധര്‍മങ്ങളും ഇതിലേറെ കൃത്യമാകാനില്ല എന്ന ബോധ്യത്തിന്റെ പുറത്താണ് അന്താരാഷ്ട്ര മുഖങ്ങളുള്ള ഇത്തരം പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങളുടെയെല്ലാം നിലനില്‍പ്പും സ്വീകാര്യതയും. ഒട്ടനവധി വിഷയങ്ങളില്‍ ആര്‍ക്കും പോറലേല്‍ക്കാത്ത ഇവരുടെ നിലപാടും വിശകലനങ്ങളും ആരെയും മോഹിപ്പിച്ചു കളയും. പക്ഷേ, ഇസ്‌റാഈല്‍- ഫലസ്തീന്‍ വിഷയം മുന്നില്‍ വരുമ്പോള്‍ പരോക്ഷ പക്ഷപാതിത്വം ആരംഭിക്കുകയായി. ഇങ്ങനെയാണ് 100 വര്‍ഷത്തിലേറെയായി മാധ്യമങ്ങള്‍ ആഗോള ജനസംഖ്യയെ മുഴുവന്‍ പ്രോഗ്രാം ചെയ്തു വരുന്നത്. മാധ്യമ ഭാഷയില്‍ അതിനെ ഫ്രയിമിംഗ് എന്ന് വിളിക്കും. നിക്ഷിപ്ത താത്പര്യങ്ങള്‍ക്കും സ്ഥാപിത അജന്‍ഡകള്‍ക്കുമായി ഉപയോഗിച്ചാല്‍ വളരെ അപകടകരമായി വിസരണം ചെയ്യപ്പെടുന്ന കൃത്രിമമായ പ്രചാരണ സംവിധാനമാണത്.
കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമ ചാനലുകള്‍ നടത്തിയ അഭിമുഖങ്ങളിലെല്ലാം ഇത്തരം ഫ്രെയിമിംഗ് ദൃശ്യമാണ്. ഇസ്‌റാഈല്‍ തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാക്കളുടെ അഭിമുഖങ്ങളിലൊന്നും കാണാത്ത തരത്തിലുള്ള അപലപനീയ ചോദ്യങ്ങളാണ് ഇതര രാഷ്ട്രങ്ങളിലെ ഫലസ്തീന്‍ അംബാസഡര്‍മാരോട് പോലും മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഇസ്‌റാഈല്‍ നടത്തുന്ന അധിനിവേശം, കോളനിവത്കരണം, ഉപരോധം എന്നിവയൊന്നും അപലപിക്കപ്പെടേണ്ടതല്ലേ എന്നവര്‍ നിരന്തരം തിരിച്ചു ചോദിക്കുന്നുമുണ്ട്.
ഫലസ്തീനികള്‍ക്കെതിരായ ഇസ്‌റാഈല്‍ കൂട്ടക്കൊലകളെ കുറിച്ച് പ്രതിപാദിക്കുമ്പോഴെല്ലാം ഹമാസിനെ പിന്തുണക്കുന്നോ എന്നതു പോലുള്ള മറുചോദ്യങ്ങള്‍ ഇതിന്റെ ഭാഗമാണ്. കാലങ്ങളായി ഇസ്‌റാഈല്‍ ഉപരോധത്തില്‍ കഴിയുന്ന ഗസ്സയിലുള്ളവരുടെ മനുഷ്യാവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നത് എങ്ങനെയാണ് ഹമാസ് ചെയ്തതിനെ അംഗീകരിക്കുന്നതിന്റെ പര്യായമാകുന്നത്.

മുന്നില്‍ കാണുന്നതിനെ അതേപടി പകര്‍ത്തി പ്രചരിപ്പിച്ചെന്ന് കരുതി അതൊന്നും മാധ്യമ പ്രവര്‍ത്തനമാകുന്നില്ല. നിലപാടുകളും വിശകലനങ്ങളും കാഴ്ചപ്പാടുകളും വീക്ഷണങ്ങളും രൂപപ്പെടാന്‍ ചരിത്രവും ഇതര പശ്ചാത്തലങ്ങളും എല്ലാം അവതരിപ്പിക്കേണ്ടി വരും. മണിപ്പൂര്‍ കാണാത്ത പ്രമുഖ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ മിസൈല്‍ വീണ രണ്ടാം ദിവസം തന്നെ ഒരുമിച്ച് ഇസ്‌റാഈലില്‍ കാലുകുത്തി സകല എയര്‍ടൈമും ചെലവഴിച്ച് പണിയെടുക്കുന്നതും മറ്റൊരു ഭാഗത്തുണ്ട്. ന്യൂയോര്‍ക്കിലെ സിറ്റി യൂനിവേഴ്സിറ്റി ഇംഗ്ലീഷ് പ്രൊഫസര്‍ മുസ്തഫ ബയൂമി ദി ഗാര്‍ഡിയനില്‍ ഇങ്ങനെ എഴുതിയിരുന്നു. “എല്ലാ സ്ഥലത്തും അടിച്ചമര്‍ത്തപ്പെട്ട ആളുകള്‍ നേരിടുന്ന വിചിത്രമായ ഒരു വിധി അവര്‍ കൊല്ലപ്പെടുമ്പോള്‍ രണ്ട് തവണ കൊല്ലപ്പെടുന്നു എന്നതാണ്. ആദ്യം വെടിയുണ്ടയോ ബോംബോ അവരുടെ ജീവനെടുക്കും. പിന്നെ അവരുടെ മരണത്തെ വിവരിക്കാന്‍ ഉപയോഗിക്കുന്ന ഭാഷയും അവരെ ഇല്ലാതെയാക്കും’.

Latest