Kerala
മുന്നറിയിപ്പ് അവഗണിച്ചു; പൂരം കലക്കലില്‍ അജിത് കുമാറിനെതിരെ മന്ത്രി കെ രാജന്‍
ഡി ജി പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മൊഴി നല്‍കി മന്ത്രി

തൃശൂര്‍ | തൃശൂര്‍ പൂരം കലക്കലില്‍ എ ഡി ജി പി. എം ആര്‍ അജിത് കുമാറിന്റേത് ഗുരുതര വീഴ്ച തന്നെയെന്ന് സ്ഥിരീകരിച്ച് മന്ത്രി കെ രാജന്റെ മൊഴി. പ്രശ്ന സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇടപെട്ടില്ലെന്നും പൂരം മുടങ്ങിയ സമയത്ത് പല തവണ ഫോണില്‍ വിളിച്ചിട്ടും അജിത് കുമാറിനെ കിട്ടിയില്ലെന്നും മന്ത്രി മൊഴി നല്‍കി.
ഡി ജി പിയുടെ നേതൃത്വത്തിലുള്ള പൂരം നടത്തിപ്പിലെ വീഴ്ച അന്വേഷിക്കുന്ന സംഘത്തിനാണ് മന്ത്രി മൊഴി നല്‍കിയത്. ഔദ്യോഗിക നമ്പറിലും വ്യക്തിഗത നമ്പറിലും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരിച്ചില്ലെന്ന് മന്ത്രി പറയുന്നു. പൂരം നടത്തിപ്പ് സുഗമമല്ലെന്ന് പിന്നീട് അറിയിച്ചിട്ടും പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തിയിട്ടില്ലെന്നും മന്ത്രി അന്വേഷണസംഘത്തോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അജിത് കുമാറിന്റെ മൊഴി അടുത്തയാഴ്ച അന്വേഷണ സംഘം രേഖപ്പെടുത്തും. എന്നാല്‍ മൊഴി സംബന്ധിച്ച് ഇപ്പോഴൊന്നും പ്രതികരിക്കാനില്ലെന്ന് കെ രാജന്‍ പറഞ്ഞു. ഒരു വിവാദവും ഇല്ലാതെ ഇത്തവണത്തെ പൂരം അതിഗംഭീരമായി നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
തൃശൂര്‍ പൂരം അലങ്കോലമായതില്‍ അജിത്കുമാറിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നാണ് ഡി ജി പി അന്വേഷിക്കുന്നത്. സംഭവത്തില്‍ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കും. മേയ് ആറിനാണ് ഇത്തവണത്തെ തൃശൂര്‍ പൂരം.