Connect with us

International

യുദ്ധം ഗള്‍ഫ് മേഖലയുടെ സാമ്പത്തിക കുതിപ്പിനെ ബാധിക്കും

ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഗള്‍ഫിലെ നേരിട്ടുള്ള വിദേശ നിക്ഷേപം മന്ദഗതിയിലായേക്കുമെന്ന് ലോകബേങ്കിന്റെ മേഖലാ ഡയറക്ടര്‍ സഫാ അല്‍ കൊഗാലി

Published

|

Last Updated

ദുബൈ | ഇറാനും ഇസ്‌റാഈലും തമ്മിലുള്ള യുദ്ധത്തില്‍ അമേരിക്ക പങ്കുചേര്‍ന്നതോടെ ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക മുന്നേറ്റം പ്രതിസന്ധിയിലേക്ക്. വിദേശ നിക്ഷേപകര്‍ ‘കാത്തിരുന്നു കാണാം’ എന്ന നിലപാട് സ്വീകരിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഗള്‍ഫിലെ നേരിട്ടുള്ള വിദേശ നിക്ഷേപം മന്ദഗതിയിലായേക്കുമെന്ന് ലോകബേങ്കിന്റെ മേഖലാ ഡയറക്ടര്‍ സഫാ അല്‍ കൊഗാലി വ്യക്തമാക്കി.

‘ജൂണ്‍ 12ന് ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ഇസ്‌റാഈല്‍ ആക്രമണത്തോടെ ആരംഭിച്ച സംഘര്‍ഷം കൂടുതല്‍ വഷളാകുകയാണ്. കാര്യങ്ങള്‍ അല്‍പ്പം ശാന്തമാകുന്നതുവരെ അവര്‍ (വിദേശ നിക്ഷേപകര്‍) എത്തുന്നത് വൈകിയേക്കും.’ റിയാദില്‍ ലോകബേങ്ക് സെമിനാറില്‍ അവര്‍ പറഞ്ഞു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനിയന്‍ മണ്ണില്‍ ആദ്യമായി നേരിട്ട് സൈനിക ആക്രമണം നടത്താന്‍ ഉത്തരവിട്ടതിനാല്‍ സംഘര്‍ഷം കുറയാന്‍ സാധ്യതയില്ല. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളെ ആറ് ബങ്കര്‍ – ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് അമേരിക്ക ആക്രമിച്ചു. ടോമാഹോക്ക് മിസൈലുകള്‍ വിക്ഷേപിക്കുകയും ചെയ്തു.

2024ല്‍ ജി സി സി രാജ്യങ്ങള്‍ വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിച്ചതാണ്. യു എ ഇക്ക് 16,700 കോടി ദിര്‍ഹം (45.5 ബില്യണ്‍ ഡോളര്‍) നേരിട്ടുള്ള നിക്ഷേപം ലഭിച്ചതായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അറിയിച്ചിരുന്നു. ഇത് 48 ശതമാനം വര്‍ധനയെയാണ് പ്രതിനിധീകരിക്കുന്നത്. മേഖലയിലെ മൊത്തം വിദേശ നിക്ഷേപ പ്രവാഹത്തിന്റെ 37 ശതമാനവും യു എ ഇയിലേക്കാണ്. 2024ല്‍ സഊദി അറേബ്യയുടെ മൊത്തം എഫ് ഡി ഐ കൂടിയിരുന്നു. മേഖലയിലെ സമ്പദ് വ്യവസ്ഥകളില്‍ ആഘാതം ആര്‍ക്കും കൃത്യമായി അളക്കാന്‍ കഴിയില്ല. പക്ഷേ സാമ്പത്തിക സുരക്ഷക്ക് സമാധാനം ആവശ്യമാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ വിശാലമായിരിക്കും. ചരക്കുനീക്കങ്ങളുടെയും കയറ്റുമതിയുടെയും വര്‍ധിച്ചുവരുന്ന ചെലവുകള്‍ നിരവധി വ്യവസായങ്ങളെ ബാധിക്കും. സംഘര്‍ഷം പണപ്പെരുപ്പത്തിലേക്ക് നയിക്കും. ഇത് നിക്ഷേപകരെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കും. സഫാ അല്‍ കൊഗാലി വിശദമാക്കി.

2024-ല്‍ യാത്ര, ടൂറിസം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ഏകദേശം 11.4 ശതമാനമായിരുന്നു. അതില്‍ വന്‍ ഇടിവുണ്ടായേക്കാം. യുദ്ധത്തിന്റെ തുടക്കം മുതല്‍ എണ്ണവില കുതിച്ചുയരുകയാണ്. വരുമാനത്തിന്റെയും കയറ്റുമതിയുടെയും പ്രാഥമിക സ്രോതസ്സായി ഇപ്പോഴും എണ്ണയെ ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക സന്തുലിതാവസ്ഥയെയും ഇത് ബാധിക്കും. എണ്ണയില്‍ നിന്ന് വൈവിധ്യവത്കരിക്കപ്പെട്ട യു എ ഇ പോലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അനിശ്ചിതത്വം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പടര്‍ന്നേക്കാം.

 

Latest