Connect with us

waqf board appointment

വഖ്ഫ് ബോർഡ് പ്രമോഷൻ: ആശ്രയിക്കുന്നത് പി എസ് സിയെ

2016ൽ പുതുക്കിയ വഖ്ഫ് ചട്ടത്തിൽ ഇക്കാര്യം പ്രത്യേകം നിർദേശിക്കുന്നുണ്ട്

Published

|

Last Updated

കോഴിക്കോട് | വഖ്ഫ് ബോർഡ് നിയമനം പി എസ് സി മുഖേനയാക്കണമെന്നത് സംബന്ധിച്ച സർക്കാർ നിർദേശം വിവാദമായിരിക്കെ ബോർഡ് ചട്ടത്തിൽ ഉദ്യോഗസ്ഥരുടെ പ്രമോഷൻ നടക്കുന്നത് പി എസ് സി നിബന്ധനകൾക്കനുസരിച്ച്. 2016ൽ പുതുക്കിയ വഖ്ഫ് ചട്ടത്തിൽ ഇക്കാര്യം പ്രത്യേകം നിർദേശിക്കുന്നുണ്ട്. ജീവനക്കാരെ നിയമിക്കേണ്ട വിധം എന്ന ചാപ്റ്ററിൽ പോയിന്റ് മൂന്നിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് പ്രമോഷൻ നൽകേണ്ട ഉദ്യോഗസ്ഥർ നിലവിൽ പി എസ് സി ടെസ്റ്റിന് വിധേയരാകണം. വഖ്ഫ് ബോർഡിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും മുമ്പ് സർക്കാറിന്റ മുൻകൂർ അനുമതി വാങ്ങണമെന്നാണ് മറ്റൊരു പ്രധാന നിർദേശം.

നേരത്തേ ബോർഡ് സ്വന്തം ഉത്തരവാദിത്വത്തിലായിരുന്നു ജീവനക്കാരെ നിയമിക്കാറെങ്കിലും ഈയടുത്ത് വന്ന നിബന്ധനയിലാണ് നിയമന കാര്യങ്ങളിൽ സർക്കാറിന്റെ മുൻകൂർ അനുമതി വേണമെന്ന കാര്യം കർശനമാക്കിയത്. നേരത്തേ, നിയമനത്തിൽ വഖ്ഫ് ബോർഡിന് പൂർണ അധികാരം ഉണ്ടായിരുന്നുവെങ്കിലും പുതിയ സാഹചര്യത്തിൽ അവസാന വാക്ക് സർക്കാറാണ്. അതേസമയം, വഖ്ഫ് ബോർഡിൽ നിരവധി തസ്തികകളിൽ നിലവിൽ താത്കാലിക ജീവനക്കാരാണുള്ളത്. നിശ്ചിത കാലാവധിക്ക് ശേഷം ഇത്തരം ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ തരത്തിൽ നിയമനം നടത്തുന്നതെന്ന ആക്ഷേപം വ്യാപകമാണ്.

Latest