International
ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ചുമത്തി ട്രംപ്
എതിര്‍പ്പു തുടര്‍ന്നാല്‍ ജൂണ്‍ ഒന്നുമുതല്‍ താരിഫുകള്‍ 25 ശതമാനം ആയി വര്‍ധിപ്പിക്കുമെന്നും ട്രംപ്
വാഷിംഗ്ടണ്‍ ഡിസി | ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാനുള്ള അമേരിക്കന്‍ നീക്കത്തെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവ ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫെബ്രുവരി ഒന്നുമുതല്‍ അധിക തീരുവ നിലവില്‍ വരുമെന്നും ട്രംപ് അറിയിച്ചു.
ഡെന്മാര്‍ക്ക്, ജര്‍മനി, ഫ്രാന്‍സ്, യുകെ, നെതര്‍ലന്‍ഡ്സ്, ഫിന്‍ലന്‍ഡ്, നോര്‍വേ, സ്വീഡന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാണ് ട്രംപ് ശിക്ഷാ തീരുവ ചുമത്തിയത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ വിവരം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പുറത്തുവിട്ടത്.ഗ്രീന്‍ലന്‍ഡ് സ്വന്തമാകുന്നതുവരെ താരിഫ് നിലനില്‍ക്കും. എതിര്‍പ്പു തുടര്‍ന്നാല്‍ ജൂണ്‍ ഒന്നുമുതല്‍ താരിഫുകള്‍ 25 ശതമാനം ആയി വര്‍ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
യുഎസിന്റെ സുരക്ഷയ്ക്ക് ഗ്രീന്‍ലന്‍ഡ് അനിവാര്യമാണെന്നാണ് ട്രംപിന്റെ നിലപാട്. എന്നാല്‍ ഈ നിലപാടിനെ യൂറോപ്യന്‍ രാജ്യങ്ങള്‍ അടക്കം എതിര്‍ക്കുന്നു.
റഷ്യയും ചൈനയും ഗ്രീന്‍ലന്‍ഡിനെ കൈയടക്കി അമേരിക്കയ്ക്ക് നേരെ തിരിയുമോ എന്നും ട്രംപ് ആശങ്കപ്പെടുന്നു. നേരത്തെ ഇറാനുമായി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ക്ക് മേലും ട്രംപ് അധിക നികുതി ചുമത്തിയിരുന്നു.


