Uae
ദുബൈ വിമാനത്താവളം ഒന്നാം ടെര്‍മിനലിലേക്കുള്ള പാലം തുറന്നു; ശേഷിയില്‍ 33 ശതമാനം വര്‍ധന
നേരത്തെയുണ്ടായിരുന്ന മൂന്ന് പാതകള്‍ നാലായി ഉയര്‍ത്തിയതോടെ മണിക്കൂറില്‍ 5,600 വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാന്‍ സാധിക്കും.
ദുബൈ | രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിലേക്കുള്ള വിപുലീകരിച്ച പുതിയ പാലം ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) ഉദ്ഘാടനം ചെയ്തു. ദുബൈ ഏവിയേഷന്‍ എന്‍ജിനീയറിങുമായി സഹകരിച്ച് പൂര്‍ത്തിയാക്കിയ ഈ പദ്ധതിയിലൂടെ പാലത്തിന്റെ ഗതാഗത ശേഷിയില്‍ 33 ശതമാനം വര്‍ധനയുണ്ടായി. നേരത്തെയുണ്ടായിരുന്ന മൂന്ന് പാതകള്‍ നാലായി ഉയര്‍ത്തിയതോടെ മണിക്കൂറില്‍ 5,600 വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാന്‍ സാധിക്കും.
വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളുടെ തിരക്ക് കുറക്കാനും യാത്രാ സമയം ലാഭിക്കാനും പുതിയ പരിഷ്‌കാരം സഹായിക്കും. എയര്‍പോര്‍ട്ട് റോഡിലെ ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കി സുഗമമായ യാത്ര ഉറപ്പാക്കുന്നതിനാണ് ആര്‍ ടി എ മുന്‍ഗണന നല്‍കുന്നത്. റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും പ്രധാന കേന്ദ്രങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ നിര്‍മാണം.
നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. എയര്‍പോര്‍ട്ട് സ്ട്രീറ്റിലെ ഗതാഗതം തടസ്സപ്പെടുത്താതെയും താത്കാലിക സപ്പോര്‍ട്ടുകള്‍ ഉപയോഗിക്കാതെയും അതിവേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന്റെ വളര്‍ച്ച പരിഗണിച്ചുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


