Connect with us

Kerala

വഖ്ഫ് നിയമനം: ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

കഴിവും യോഗ്യതയമുള്ള ഉദ്യോഗാര്‍ഥികളെ സുതാര്യവും നീതിപൂര്‍വവുമായ രീതിയില്‍ നിയമിക്കുന്നതിന് എത് നടപടിയും സ്വാഗതം ചെയ്യുന്നുവെന്നും ഇതുവഴി വഖ്ഫ് ബോര്‍ഡിന്റെ കാര്യക്ഷത ഉറപ്പാക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് പ്രതിനിധി സ്യ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി

Published

|

Last Updated

തിരുവനന്തപുരം | വഖ്ഫ് നിയമനം പി എസ് സിക്ക് വിടുന്നത് സംബന്ധിച്ച നിയമസഭ പാസ്സാക്കിയ നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ മുസ്‌ലിം സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ടതില്‍ നേതാക്കള്‍ മുഖ്യമന്ത്രിയെ അവരവരുടെ നിലപാടുകള്‍ അറിയിച്ചു. തുടര്‍ന്ന് വഖഫ് ബോര്‍ഡ് വിഷയത്തിലെ അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

യോഗ്യരായവരെ നിയമിക്കാന്‍ ആവശ്യമായ സംവിധാനം ഒരുക്കും. വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടണമെന്ന ആവശ്യം ഉയര്‍ന്ന ഘട്ടങ്ങളിലൊന്നും എതിര്‍പ്പ് ഉണ്ടായിരുന്നില്ല. ഗവര്‍ണര്‍ ഒപ്പുവച്ച് നിയമം വന്ന ശേഷമാണ് എതിര്‍പ്പ് ഉയര്‍ന്നത്. സഭാസമിതി വിഷയം പരിഗണിച്ചപ്പോഴും നിയമസഭയില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടന്നപ്പോഴും എതിര്‍പ്പ് ആരും ഉന്നയിച്ചിരുന്നില്ല. അതുകൊണ്ടാണ് നിയമ നിര്‍മാണവുമായി മുന്നോട്ട് പോയതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു.

കഴിവും യോഗ്യതയമുള്ള ഉദ്യോഗാര്‍ഥികളെ സുതാര്യവും നീതിപൂര്‍വവുമായ രീതിയില്‍ നിയമിക്കുന്നതിന് എത് നടപടിയും സ്വാഗതം ചെയ്യുന്നുവെന്നും ഇതുവഴി വഖ്ഫ് ബോര്‍ഡിന്റെ കാര്യക്ഷത ഉറപ്പാക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് പ്രതിനിധി സ്യ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി അഭിപ്രായപ്പെട്ടു. വഖഫ് നിയമനത്തില്‍ ഇതു വരെയുള്ള രീതിയില്‍ മാറ്റം വരണമെന്നും പി എസ് സി വന്നാലും പ്രശ്‌നമല്ലെന്നും എന്നാല്‍ വഖഫ് ബോര്‍ഡിലേക്ക് വരുന്നവര്‍ മതവിശ്വാസികള്‍ ആകണമെന്നും വഖഫ് ബോര്‍ഡിന്റെ സുതാര്യത ഉറപ്പാക്കുന്നതിന് നിയമനം പി എസ് സി ക്ക് വിടുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വഖഫ് ബോര്‍ഡിലേക്ക് സ്ഥിരം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ആവശ്യമില്ലെന്നും കുറ്റമറ്റ രീതിയില്‍ നിയമനത്തിന് സംവിധാനമൊരുക്കാന്‍ മത സംഘടനാ പ്രതിനിധികളും വഖഫ് ബോര്‍ഡും ചേര്‍ന്ന നിയമന അതോറിറ്റിയാണ് വേണ്ടതെന്നും ഇ കെ വിഭാഗം സുന്നി പ്രതിനിധി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.

യോഗത്തില്‍ മന്ത്രി വി അബ്ദുര്‍റഹിമാന്‍, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കേരള മുസ്‌ലിം ജമാഅത്തിനെ പ്രതിനിധീകരിച്ച് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍, എ സെയ്ഫുദ്ദീന്‍ ഹാജി, സി മുഹമ്മദ് ഫൈസി മറ്റു സംഘടനകളെ പ്രതിനിധീകരിച്ച് വടക്കോട്ട് മൊയ്തീന്‍കുട്ടി ഫൈസി, അബ്ദുസ്മദ് ഫൈസി, മോയിന്‍കുട്ടി മാസ്റ്റര്‍, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, ടി പി അബ്ദുല്ല കോയ മദിനി, ഡോ. ഹുസൈന്‍ മടവൂര്‍, ടി കെ അഷ്‌റഫ്, ഡോ. നഫീസ്, ഡോ. ഐ പി അബ്ദുല്‍ സലാം, എന്‍ എം അബ്ദുല്‍ ജലീല്‍, ഡോ. പി എ ഫസല്‍ ഗഫൂര്‍, പ്രൊഫ. കടവനാട് മുഹമ്മദ്, ഡോ. ഇ മുഹമ്മദ് ഷരീഫ്, അഹമ്മദ് കുഞ്ഞ്, കെ എം ഹാരിസ്, കരമന ബയാര്‍, കെ പി സൈനുല്‍ ആബിദീന്‍, ഹാരിഫ് ഹാജി, എ ഐ മുബീന്‍, പ്രൊഫ. ഇ അബ്ദുര്‍റഷീദ് യോഗത്തില്‍ പങ്കെടുത്തു.