Connect with us

Eduline

ട്രാക്കിലാക്കണോ? അറിയാം, ലോക്കോ പൈലറ്റ് കരിയർ

ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും ഉത്തരവാദപ്പെട്ട ജോലികളിലൊന്നാണ് ലോക്കോ പൈലറ്റ്.

Published

|

Last Updated

യിരക്കണക്കിന് യാത്രക്കാരെയും ടൺകണക്കിന് ചരക്കുകളെയും ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ആ “സാരഥി’യെ നമ്മൾ കണ്ടിട്ടുണ്ടാകും. ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും ഉത്തരവാദപ്പെട്ട ജോലികളിലൊന്നാണ് ലോക്കോ പൈലറ്റ്.

പലരും ചോദിക്കാറുണ്ട്, വെറുമൊരു ട്രെയിൻ ഓടിക്കൽ മാത്രമാണോ ഈ പണി എന്ന്? അല്ല എന്നതാണ് സത്യം. പുറമേയുള്ള ഗ്ലാമറിനപ്പുറം പരുക്കൻ യാഥാർഥ്യങ്ങൾ നേരിടാനുള്ള ആത്മവിശ്വാസമുള്ളവർക്കാണ് ഈ പണി പറഞ്ഞിട്ടുള്ളതെന്ന കാര്യം ഓർമയിലിരിക്കട്ടെ.

ലോക്കോ പൈലറ്റിന്റെ ജോലി

ട്രെയിൻ സ്റ്റാർട്ട് ചെയ്യുന്നതിനും ഓടിക്കുന്നതിനും അപ്പുറം വലിയൊരു സാങ്കേതിക പ്രക്രിയ ഇതിന് പിന്നിലുണ്ട്.
സാങ്കേതിക പരിശോധന: എൻജിൻ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ബ്രേക്ക് സിസ്റ്റം സുരക്ഷിതമാണെന്നും ഉറപ്പുവരുത്തുക.

സിഗ്‌നൽ ശ്രദ്ധിക്കൽ: റെയിൽവേയിലെ സിഗ്‌നലുകൾ സെക്കൻഡുകൾ പോലും തെറ്റാതെ നിരീക്ഷിക്കുകയും അതനുസരിച്ച് വേഗത നിയന്ത്രിക്കുകയും ചെയ്യുക.

സുരക്ഷ: കാലാവസ്ഥാ വ്യതിയാനങ്ങൾ (മഞ്ഞ്, മഴ) മറികടന്ന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി കൃത്യസമയത്ത് സ്റ്റേഷനുകളിൽ എത്തിക്കുക.

അറ്റകുറ്റപ്പണികൾ: യാത്രക്കിടയിൽ എൻജിന് ചെറിയ തകരാറുകൾ സംഭവിച്ചാൽ അത് പരിഹരിക്കാനുള്ള സാങ്കേതിക ജ്ഞാനം ഉണ്ടായിരിക്കണം.

യോഗ്യത

ചുരുങ്ങിയത് പത്താം ക്ലാസ്സ് പാസ്സായിരിക്കണം.

സാങ്കേതിക യോഗ്യത: ഐ ടി ഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ/ബി ടെക് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ)

ശാരീരിക ക്ഷമത: കാഴ്ചശക്തി വളരെ പ്രധാനമാണ് (6/6 വിഷൻ).

തിരഞ്ഞെടുപ്പ് രീതി: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന അസ്സിസ്റ്റന്റ് ലോക്കോ പൈലറ്റ് (എ എൽ പി) പരീക്ഷകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, കായിക/വൈദ്യപരിശോധന എന്നിവ വഴിയാണ് തിരഞ്ഞെടുക്കുക.

ട്രാക്ക് മാറ്റൽ

ട്രെയിൻ ഒരു ട്രാക്കിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് ലോക്കോ പൈലറ്റ് എൻജിൻ തിരിച്ചിട്ടല്ല. പാളങ്ങൾക്കിടയിലുള്ള “പോയന്റ്‌സ് ആൻഡ് ക്രോസ്സിംഗ്’ സംവിധാനം വഴിയാണ്. ഇത് നിയന്ത്രിക്കുന്നത് സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ നിന്നാണ്. ലോക്കോ പൈലറ്റിന് ലഭിക്കുന്ന സിഗ്‌നൽ അനുസരിച്ച് ട്രാക്ക് നേരത്തേ തന്നെ സെറ്റ് ചെയ്തിരിക്കും.

അപകടങ്ങൾ ഒഴിവാക്കുന്നത് എങ്ങനെ?

രണ്ട് ട്രെയിനുകൾ നേർക്കുനേർ വരുന്നത് തടയാൻ ഇന്ത്യൻ റെയിൽവേക്ക് അതിനൂതനമായ “കവച്’ (KAVACH) എന്ന സുരക്ഷാ സംവിധാനമുണ്ട്.

ഓട്ടോമാറ്റിക് ബ്രേക്കിംഗ്: ഒരേ ട്രാക്കിൽ മറ്റൊരു ട്രെയിൻ ഉണ്ടെന്ന് കണ്ടാൽ ലോക്കോ പൈലറ്റ് ബ്രേക്ക് ചെയ്തില്ലെങ്കിലും സിസ്റ്റം തനിയെ ട്രെയിൻ നിർത്തും.

ആർ എഫ് ഐ ഡി സാങ്കേതികവിദ്യ: ട്രാക്കുകളിലും എൻജിനിലും ഘടിപ്പിച്ച സെൻസറുകൾ വഴി ട്രെയിനുകളുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കുന്നു.

സിഗ്‌നൽ ജമ്പിംഗ് തടയുന്നു: പൈലറ്റ് അറിയാതെ സിഗ്‌നൽ തെറ്റിച്ചുപോയാൽ ഉടൻ ട്രെയിനിന്റെ വേഗത കുറയ്ക്കാനും നിർത്താനും ഈ സംവിധാനത്തിന് കഴിയും.
വിജിലൻസ് കൺട്രോൾ ഡിജിറ്റൽ (വി സി ഡി): ലോക്കോ പൈലറ്റ് ഉറങ്ങിപ്പോയാലോ ബോധരഹിതനായാലോ ട്രെയിൻ അപകടത്തിൽപ്പെടില്ല. ഓരോ 60 സെക്കൻഡിലും പൈലറ്റ് ഹോൺ അടിക്കുകയോ ബ്രേക്ക് മാറ്റുകയോ വേഗത കൂട്ടുകയോ ചെയ്യണം. ഒന്നും ചെയ്തില്ലെങ്കിൽ ട്രെയിൻ തനിയെ എമർജൻസി ബ്രേക്ക് ഇട്ട് നിൽക്കും.

എത്ര കിലോമീറ്റർ ഓടിക്കണം?

ഒരു ലോക്കോ പൈലറ്റ് ഒരു ഷിഫ്റ്റിൽ ഏകദേശം 200 മുതൽ 500 കിലോമീറ്റർ വരെ ദൂരം ട്രെയിൻ ഓടിക്കാറുണ്ട്. ഓരോ ഡിവിഷനും പ്രത്യേക “ക്രൂ ചേഞ്ചിംഗ്’ (Crew Changing) പോയിന്റുകളുണ്ട്. അവിടെ വെച്ച് ഒരു ടീം മാറി അടുത്ത ടീം ചുമതലയേൽക്കും. ഉദാഹരണത്തിന്, ഒരു എക്‌സ്പ്രസ്സ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോകുമ്പോൾ പത്ത് ലോക്കോ പൈലറ്റ് ടീമുകൾ മാറി മാറിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്.

ശന്പളം എത്ര?

ലോക്കോ പൈലറ്റുമാരുടെ ശമ്പളം രണ്ട് ഭാഗമായാണ് കണക്കാക്കുന്നത്

ഫിക്‌സഡ് പേ: ഇത് അടിസ്ഥാന ശമ്പളമാണ് (ബേസിക് പേ + ഡി എ). ലീവ് എടുത്താലും ഇതിൽ കുറവ് വരില്ല.
റണ്ണിംഗ് അലവൻസ് (Running Allowance): ഇതാണ് ലോക്കോ പൈലറ്റുമാരുടെ ശമ്പളത്തിലെ ഏറ്റവും ആകർഷക ഭാഗം. അവർ ഓടിക്കുന്ന ഓരോ കിലോമീറ്ററിനും റെയിൽവേ നിശ്ചിത തുക നൽകുന്നു. ലോക്കോ പൈലറ്റുമാരുടെ മാസശമ്പളത്തിന്റെ വലിയൊരു ശതമാനം (ഏകദേശം 30 ശതമാനം മുതൽ 50 ശതമാനം വരെ) ഈ റണ്ണിംഗ് അലവൻസാണ്.

ഹോൺ ചുമ്മാ മുഴക്കുന്നതല്ല; ഓരോന്നിനും ഓരോ അർഥ

ലോക്കോ പൈലറ്റ് അടിക്കുന്ന ഓരോ ഹോണിനും ഓരോ അർഥമുണ്ട്.

  • ഒരു ചെറിയ ഹോൺ: ട്രെയിൻ യാർഡ് മാറ്റാൻ തയ്യാറായി.
  • രണ്ട് ചെറിയ ഹോൺ: ട്രെയിൻ പുറപ്പെടാൻ പോകുന്നു (ഗാർഡിനുള്ള സിഗ്‌നൽ).
  • തുടർച്ചയായ നീണ്ട ഹോൺ: ട്രെയിൻ സ്റ്റേഷനിൽ നിർത്താതെ പോകുന്നു.

ശബ്ദവും മുഴക്കവും ബഹളവും ഒച്ചപ്പാടും ഒറ്റപ്പെടലും ജീവിതത്തിന്റെ ഭാഗമായി മാറുമെന്ന ഉത്തമ ബോധ്യത്തിലേ റെയിൽവേ ജോലിക്ക് അപേക്ഷിക്കാവൂ എന്ന കാര്യം എല്ലായ്‌പ്പോഴും ഓർമയിലിരിക്കട്ടെ!

സ്റ്റിയറിംഗ് ഇല്ലാത്ത അത്ഭുതം

ഒരു കാറോ ബൈക്കോ ഓടിക്കുന്നത് പോലെയല്ല ട്രെയിൻ ഓടിക്കുന്നത്. ഇതിന് സ്റ്റിയറിംഗ് വീലുകൾ ഇല്ല. പകരം മാസ്റ്റർ കൺട്രോളർ (Throttle) ഉപയോഗിച്ചാണ് വേഗത നിയന്ത്രിക്കുന്നത്. ട്രാക്കിലെ വളവുകൾക്കനുസരിച്ച് ട്രെയിൻ തനിയെ തിരിഞ്ഞുകൊള്ളും. എന്നാൽ, കൃത്യസമയത്ത് ബ്രേക്ക് പ്രയോഗിക്കുന്നതാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യം. ഒരു കിലോമീറ്റർ മുമ്പേ ബ്രേക്ക് പ്രയോഗിച്ചാൽ മാത്രമേ ട്രെയിൻ സുരക്ഷിതമായി നിർത്താൻ സാധിക്കൂ.
ജോലി കിട്ടിയ ശേഷമുള്ള

പഠനം/ പരിശീലനം

പരീക്ഷയും ശാരീരിക പരിശോധനയും കഴിഞ്ഞ് ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ, റെയിൽവേ നിങ്ങളെ നേരിട്ട് ട്രെയിൻ ഓടിക്കാൻ വിടില്ല. പകരം റെയിൽവേയുടെ സ്വന്തം ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മാസങ്ങളോളം തീവ്ര പരിശീലനം നൽകും. ഇവിടെയാണ് ലോക്കോമോട്ടീവ് (എൻജിൻ) എങ്ങനെ പ്രവർത്തിക്കുന്നുവെന്നും സിഗ്‌നലുകൾ എങ്ങനെ തിരിച്ചറിയണമെന്നും പഠിപ്പിക്കുന്നത്.

പഠനശേഷം ഒരു സീനിയർ പൈലറ്റിനൊപ്പം വർഷങ്ങളോളം “അസ്സിസ്റ്റന്റ്’ ആയി ജോലി ചെയ്ത ശേഷമേ ഒരാൾക്ക് സ്വതന്ത്രമായി ട്രെയിൻ ഓടിക്കാൻ കഴിയു. നാല് വർഷം കൂടുമ്പോൾ മെഡിക്കൽ ടെസ്റ്റുകൾ ആവർത്തിക്കും. ഗുരുതര പ്രശ്നങ്ങൾ മെഡിക്കലിൽ തെളിഞ്ഞാൽ തസ്തികമാറ്റം ഉൾപ്പെടെ വേണ്ടി വരും. ഗുഡ്സ് ട്രെയിനുകളായിരിക്കും ആദ്യ പരിശീലന കളരി. സത്യത്തിൽ ട്രെയിൻ ഓടിക്കാൻ പഠിക്കുന്നത് റെയിൽവേയിൽ ജോലി കിട്ടിയ ശേഷമുള്ള പരിശീലന കാലയളവിലാണെന്നതാണ് യാഥാർഥ്യം.

---- facebook comment plugin here -----

Latest