Connect with us

Kerala

വാഫി വഫിയ്യ പ്രശ്നം; വളാഞ്ചേരി മർകസിൽ ഇകെ വിഭാഗം നേതാക്കളെ തടഞ്ഞുവെച്ചു; സംഘർഷം

പെൺകുട്ടികളടക്കം പ്രതിഷേധക്കാരാണ് നേതാക്കളെ തടഞ്ഞത്

Published

|

Last Updated

വളാഞ്ചേരി | ഇകെ വിഭാഗം സമസ്തയും സി ഐ സി (കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ്) യും തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക്. ഇകെ വിഭാഗം സമസ്ത നേതാക്കളെ വളാഞ്ചേരി മർകസിൽ പെൺകുട്ടികളടക്കം പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. എം ടി അബ്ദുല്ല മുസ്ലിയാർ അടക്കമുള്ളവരെയാണ് ഒരു വിഭാഗം തടഞ്ഞത്. വാഫി – വഫിയ്യ സിലബസ് തർക്കമാണ് സംഘർഷത്തിന് കാരണം.

തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. വാഫി, വഫിയ്യ കോഴ്സുകൾ സി ഐ സിയുടെ സിലബസ് അനുസരിച്ച് നാല് വർഷം കൂടി നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു സംഘം ആളുകൾ നേതാക്കളെ തടഞ്ഞത്. എന്നാൽ വളാഞ്ചേരി മർകസ് ഇകെ സമസ്തയുടെ സ്ഥാപനമാണെന്നും സമസ്തയുടെ തീരുമാനം അനുസരിച്ച് വാഫി, വഫിയ്യ കോഴ്സുകൾ കോളജിൽ നിർത്തലാക്കിയെന്നും എം ടി അബ്ദുല്ല മുസ്‍ലിയാർ മറുപടി നൽകി. ഇതോടെ ആളുകൾ ക്ഷുഭിതരായി നേതാക്കൾക്ക് എതിരെ തിരിയുകയായിരുന്നു. ഇതോടെ വാഹനത്തിൽ കയറി പുറത്തുപോകാൻ ശ്രമിച്ച നേതാക്കളെ സംഘം വളഞ്ഞുവെച്ചു. ഇക്കാര്യത്തിൽ തീരുമാനം എടുക്കാതെ ഒരാളെയും പുറത്തുപോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതിഷേധക്കാർ സ്ഥാപനത്തിന്റെ ഗേറ്റ് പൂട്ടുകയും ചെയ്തു.

കഴിഞ്ഞ ദിവസം വാഫി വഫിയ്യ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതാൻ വളാഞ്ചേരി മർകസിലെത്തിയ വിദ്യാര്‍ഥികളെ സ്ഥാപനത്തില്‍ കയറ്റിയിരുന്നില്ല. ഇതോടെ പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികള്‍ തൊട്ടടുത്ത വീട്ടില്‍ താല്‍ക്കാലികമായി ഒരുക്കിയ സ്ഥലത്തും ആണ്‍കുട്ടികള്‍ വളാഞ്ചേരിയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററിലും പരീക്ഷ എഴുതുകയായിരുന്നു.

സി ഐ സി മുൻ ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരിയാണ് വളാഞ്ചേരി മർക്കസിനു കീഴിലുള്ള വാഫി- വഫിയ്യ കോളേജുകളുടെ പ്രിൻസിപ്പാൾ. വാഫി – വഫിയ്യ പഠന രീതി ആദ്യമായി ആരംഭിച്ചതും വളാഞ്ചേരി മർകസിലാണ്. മുനവ്വറലി ശിഹാബ് തങ്ങള്‍ സ്ഥാപനത്തിന്റെ പ്രസിഡന്റും ആദൃശേരി ഹംസക്കുട്ടി മുസ്ലിയാര്‍ സെക്രട്ടറിയുമാണ്. സി ഐ സിക്ക് കിഴിലായിരുന്നു മര്‍ക്കസ് ഇസ്ലാമിക് കോളജ്. ഇ കെ വിഭാഗത്തിന്റെ ദേശീയ വിദ്യഭ്യാസ പദ്ധതിയിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് സ്ഥാപനത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളെ പരീക്ഷക്കായി സ്ഥാപനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്നത്. ഈ സംഭവത്തിന്റെ തുടർച്ചയായാണ് ഇന്ന് നേതാക്കളെ തടയുന്ന സ്ഥിതയുണ്ടായത്.

ഹക്കീം ഫൈസി ആദൃശ്ശേരിയെ ഇ കെ സമസ്തയിൽ നിന്ന് പുറത്താക്കിയതോടെയാണ് സമസ്ത – സിഐസി പ്രശ്നം വഷളായത്. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.  പിന്നീട് കഴിഞ്ഞ ഫെബ്രുവരി അവസാനം ഹക്കീം ഫൈസി സി ഐ സിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കുകയും പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയും ചെയ്തിരടുന്നു. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി നടത്തിയ ചർച്ചയെ തുടർന്നായിരുന്നു ആദൃശേരിയുടെ രാജി.

Latest