Connect with us

editorial

ഇ വി എമ്മിന്റെ വിശ്വാസ്യത വോട്ടര്‍മാര്‍ക്കും ബോധ്യപ്പെടണം

വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തനങ്ങളെല്ലാം കുറ്റമറ്റതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് കോടതിയില്‍ വാദിച്ചപ്പോള്‍, ഇത് കോടതി മുറിയിലുള്ളവരെ മാത്രം ബോധ്യപ്പെടുത്തിയാല്‍ പോരാ, പൊതുസമൂഹത്തിനും ബോധ്യം വരേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ച് നിര്‍ദേശിച്ചു.

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് നടന്ന വോട്ടിംഗ് മെഷീന്‍ പരിശോധനകള്‍, മെഷീനെക്കുറിച്ചുള്ള രാഷ്ട്രീയ കക്ഷികളുടെയും വോട്ടര്‍മാരുടെയും സംശയവും ആശങ്കയും വര്‍ധിപ്പിച്ചിരിക്കുകയാണ്. കാസര്‍കോട്, പത്തനംതിട്ട മണ്ഡലങ്ങളില്‍ നടന്ന മോക് പോളിംഗിലാണ് വോട്ടിംഗ് യന്ത്രങ്ങളുടെ കാര്യക്ഷമതയില്‍ സംശയം ഉയര്‍ന്നത്.

കാസര്‍കോട്ടെ മോക് പോളിംഗില്‍ നാല് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകളില്‍, ബി ജെ പിക്ക് പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതായി പരിശോധനക്ക് സാക്ഷ്യം വഹിച്ച എല്‍ ഡി എഫ്, യു ഡി എഫ് ഏജന്റുമാര്‍ പറയുന്നു. പത്തനംതിട്ടയില്‍ ഒരു മെഷീനില്‍ ഒമ്പത് വോട്ടുകള്‍ രേഖപ്പെടുത്തിയപ്പേള്‍, പത്ത് വി വി പാറ്റുകള്‍ പുറത്തു വന്നു. അധികം വന്ന പാറ്റിലെ വോട്ട് ബി ജെ പി ചിഹ്നത്തില്‍ താമരക്കായിരുന്നു. ഇവിടെ 172 മെഷീനുകള്‍ പരിശോധിച്ചതില്‍ അഞ്ചെണ്ണത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടുവെന്നാണ് വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പറയുന്നത്.

രാജ്യത്തെ വോട്ടിംഗ് മെഷീനുകള്‍ നേരത്തേ തന്നെ സംശയത്തിന്റെ നിഴലിലാണ്. മെഷീനു കളില്‍ ഒരു പാര്‍ട്ടിക്ക് അധിക വോട്ട് ലഭ്യമാകുന്ന വിധം കൃത്രിമം കാണിക്കാനാകുമെന്നും ഇവ വിശ്വസനീയമല്ലെന്നും ആദ്യമായി പരാതിപ്പെട്ടത് ബി ജെ പിയാണ്. 2009ല്‍ എല്‍ കെ അഡ്വാനിയുള്‍പ്പെടെ ബി ജെ പിയുടെ പ്രമുഖ നേതാക്കളാണ് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് രംഗത്തു വന്നത്. ഹൈദരാബാദ് സ്വദേശിയും ടെക്‌നീഷ്യനുമായ ഹരിപ്രസാദിന്റെ സഹായത്തോടെ മെഷീനില്‍ അട്ടിമറി നടത്താമെന്ന് ബി ജെ പി തെളിയിക്കുകയും ചെയ്തിരുന്നു. 2019ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് “ദ ക്വിന്റ് പോര്‍ട്ടല്‍’ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് വോട്ടിംഗ് മെഷീന്‍ സംബന്ധിച്ച സന്ദേഹം വര്‍ധിപ്പിക്കുകയും ചെയ്തു.

2019ലെ തിരഞ്ഞെടുപ്പില്‍ 373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളും വി വി പാറ്റ് വോട്ടുകളും തമ്മില്‍ ഗണ്യമായ അന്തരമുണ്ടെന്നായിരുന്നു കണക്കുകള്‍ നിരത്തി “ദ ക്വിന്റ് പോര്‍ട്ടല്‍’ റിപോര്‍ട്ട് ചെയ്തത്. സമാനമായ അനുഭവങ്ങളാണ് കാസര്‍കോട്ടെയും പത്തനംതിട്ടയിലെയും മോക് പോളിംഗിലും ഉണ്ടായത്. രണ്ടിടങ്ങളിലും പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വി വി പാറ്റുകള്‍ ലഭ്യമായി. കേന്ദ്ര സര്‍ക്കാറും ബി ജെ പിയും പറയുന്നത് വോട്ടിംഗ് മെഷീനുകള്‍ തീര്‍ത്തും വിശ്വസനീയവും കൃത്രിമത്വത്തിന് സാധ്യതയില്ലാത്തതുമാണെന്നാണ്. പതിനഞ്ച് വര്‍ഷം മുമ്പ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബി ജെ പിക്ക് അവിശ്വസനീയമായിരുന്ന ഇ വി എം, തങ്ങള്‍ ഭരണത്തിലെത്തിയപ്പോള്‍ വിശ്വസനീയമായതിലെ ലോജിക് എന്താണ്?

വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട ഒരു ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. മെഷീനുകളില്‍ പോള്‍ ചെയ്ത വേട്ടുകള്‍ വി വി പാറ്റ് പേപ്പര്‍ സ്ലിപ്പുമായി ചേര്‍ത്തുനോക്കി ക്രോസ് വെരിഫിക്കേഷന്‍ നടത്തണമെന്നാവശ്യപ്പെട്ട് അസ്സോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും, സാമൂഹിക പ്രവര്‍ത്തകനായ അരുണ്‍ കുമാര്‍ അഗര്‍വാളുമാണ് ഹരജി സമര്‍പ്പിച്ചത്. നിലവില്‍ ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വി വി പാറ്റുകള്‍ മാത്രമാണ് എണ്ണുന്നത്. ഇത് പോരെന്നാണ് ഹരജിക്കാര്‍ പറയുന്നത്. വി വി പാറ്റ് വഴി തങ്ങളുടെ വോട്ട് റെക്കോര്‍ഡ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വോട്ടര്‍മാര്‍ക്ക് അവസരം ഉറപ്പാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഇത് വോട്ടെണ്ണല്‍ പ്രക്രിയ വൈകാന്‍ ഇടയാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടപ്പോള്‍ നീതിയുക്തമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനു മുമ്പില്‍ ഫലപ്രഖ്യാപനത്തിലെ കാലതാമസം പ്രസക്തമല്ലെന്ന് ഹരജിക്കാര്‍ മറുപടിയും നല്‍കി.

അതിനിടെ ഇ വി എം സമ്പ്രദായം അവസാനിപ്പിച്ച് ബാലറ്റ് പേപ്പര്‍ സമ്പ്രദായത്തിലേക്ക് രാജ്യം തിരിച്ചു പോകണമെന്ന ആവശ്യവും ശക്തിപ്പെടുന്നു. ജര്‍മനി തുടങ്ങി പല രാജ്യങ്ങളും ഇ വി എമ്മില്‍ അവിശ്വാസം രേഖപ്പെടുത്തി ബാലറ്റ് പേപ്പര്‍ വോട്ടിംഗ് പുനഃസ്ഥാപിച്ച കാര്യം ഇവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വന്‍ തോല്‍വി സംഭവിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് ദ്വിഗ് വിജയ് സിംഗ് ഈ ആവശ്യമുന്നയിച്ച് ഡല്‍ഹിയില്‍ സമരം നടത്തുകയും ഇതേചൊല്ലി അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകളിലെയും ഇ വി എം വോട്ടുകളിലെയും ട്രെന്‍ഡുകള്‍ ചൂണ്ടിക്കാണിച്ചാണ് ദ്വിഗ് വിജയ് സിംഗ് ഇ വി എമ്മിന്റെ പ്രവര്‍ത്തനത്തില്‍ അവിശ്വാസം പ്രകടിപ്പിച്ചത്. ആകെയുള്ള 230 സീറ്റുകളില്‍ 190 ഇടത്തും പോസ്റ്റല്‍ വോട്ടുകളില്‍ കോണ്‍ഗ്രസ്സിനായിരുന്നു ലീഡ്. ഇ വി എമ്മിലെ വോട്ടുകള്‍ എണ്ണിയപ്പോഴാണ് ഫലം കീഴ്മറിഞ്ഞത്.

ഇ വി എമ്മിന്റെ വിശ്വസനീയതയില്‍ സംശയം പ്രകടിപ്പിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്യുന്നവരുടെ പേരില്‍ കേരളത്തിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കൊണ്ടിരിക്കുകയാണ് പോലീസ്. ഇ വി എമ്മിനെതിരായ പ്രചാരണം പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതും സമൂഹത്തില്‍ സ്പര്‍ധ സൃഷ്ടിക്കുന്നതുമാണെന്നാരോപിച്ച് ഇതിനകം പന്ത്രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. അതേസമയം ഇ വി എമ്മിനെതിരെ പരാതി പറയുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് തെറ്റാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നാണ് ടിക്കാറാം മീണ പറയുന്നത്. പകരം ജനങ്ങളുടെ സംശയം ദൂരീകരിക്കുകയും ആശങ്ക അകറ്റുകയുമാണ് ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത്. കഴിഞ്ഞ ദിവസം തിര. കമ്മീഷനോട് സുപ്രീം കോടതി ഉണര്‍ത്തിയതും ഇതു തന്നെ. വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തനങ്ങളെല്ലാം കുറ്റമറ്റതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് കോടതിയില്‍ വാദിച്ചപ്പോള്‍, ഇത് കോടതി മുറിയിലുള്ളവരെ മാത്രം ബോധ്യപ്പെടുത്തിയാല്‍ പോരാ, പൊതുസമൂഹത്തിനും ബോധ്യം വരേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ച് നിര്‍ദേശിച്ചു. ജനാധിപത്യ മൂല്യത്തിന് ഒട്ടും നിരക്കാത്തതാണ് ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ.

Latest