Connect with us

vizhinjam protest

വിഴിഞ്ഞം സമരം: കുറ്റപത്രം സമർപ്പിക്കുന്നതിന് നിർദേശം തേടി

ആർച്ച് ബിഷപ് പ്രതിപ്പട്ടികയിൽ

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതുൾപ്പെടെയുള്ള നിയമ നടപടികൾക്ക് സർക്കാറിന്റെ നിർദേശം തേടി അന്വേഷണ സംഘം. കേസുമായി മുന്നോട്ടുപോകുന്നതിന് അനുമതി തേടിയാണ് അന്വേഷണ സംഘം സർക്കാറിനെ സമീപിച്ചത്. മത്സ്യത്തൊഴിലാളികളെ അണിനിരത്തി വൈദികരുടെ നേതൃത്വത്തിൽ നടത്തിയ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തെ തുടർന്നുണ്ടായ സംഘർഷ കേസുകളിലാണ് നടപടി.

കേസുകളിൽ ആർച്ച് ബിഷപ് ഉൾപ്പെടെയുള്ള ലത്തീൻ സഭാ വൈദികരെ പ്രതികളാക്കിയാണ് അന്വേഷണം പൂർത്തിയാക്കുന്നത്. തുറമുഖ വിരുദ്ധ സമരത്തിനിടെ നടന്ന വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ ഗൂഢാലോചന സമരസമിതി കൺവീനർ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ നേതൃത്വത്തിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആർച്ച് ബിഷപും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ് ഐ ആറിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. സഹായമെത്രാൻ ആർ ക്രിസ്തുദാസ് ഉൾപ്പെടെ അമ്പതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്. കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘർഷ സ്ഥലത്ത് നിന്ന് ലഭിച്ച പരാതിക്ക് പുറമെ, സ്വമേധയാ പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

---- facebook comment plugin here -----

Latest